തളിക്കുളത്തു വെട്ടേറ്റു ചികിത്സയിലായിരുന്ന യുവതി മരിച്ചു

0

തളിക്കുളത്തു വെട്ടേറ്റു ചികിത്സയിലായിരുന്ന യുവതി മരിച്ചു. നമ്പിക്കടവ്‌ സ്വദേശി അരവശ്ശേരി നൂറുദ്ദീന്റെ മകള്‍ അഷിത (24) യാണു മരിച്ചത്‌. ഇന്നലെ വൈകിട്ട്‌ നാലേകാലോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംഭവത്തില്‍ അഷിതയുടെ ഭര്‍ത്താവ്‌ മുഹമ്മദ്‌ ആസിഫിനായി പോലീസ്‌ തെരച്ചില്‍ ഊര്‍ജിതമാക്കി.
ശനിയാഴ്‌ച വൈകിട്ട്‌ ആറോടെ മാതാവിനൊപ്പം നമ്പിക്കടവിലെ അഷിതയുടെ വീട്ടിലെത്തിയ ഭര്‍ത്താവ്‌ കരാഞ്ചിറ സ്വദേശി മംഗലത്തറ മുഹമ്മദ്‌ ആസിഫ്‌, ബാഗില്‍ ഒളിപ്പിച്ചുവച്ചിരുന്ന വാളെടുത്ത്‌ അഷിതയെ വെട്ടുകയായിരുന്നെന്നു പോലീസ്‌ പറഞ്ഞു. ശരീരമാസകലം വെട്ടേറ്റിരുന്നു. തടയാന്‍ ശ്രമിച്ച അഷിതയുടെ പിതാവ്‌ നൂറുദ്ദീനും വെട്ടേറ്റു. ഇദ്ദേഹം അപകടനില തരണംചെയ്‌തു. അടിയേറ്റു മാതാവ്‌ നസീമയ്‌ക്കും പരുക്കുണ്ട്‌.
ആക്രമണത്തിന്‌ പതിനെട്ട്‌ ദിവസം മുമ്പായിരുന്നു അഷിതയുടെ രണ്ടാമത്തെ പ്രസവം. ഈ കുഞ്ഞ്‌ ഉള്‍പ്പെടെ രണ്ട്‌ പിഞ്ചു മക്കള്‍ക്കു മുന്നില്‍വച്ചായിരുന്നു ആക്രമണം. 2019 ഒക്‌ടോബര്‍ അഞ്ചിനായിരുന്നു ഇരുവരുടേയും വിവാഹം. ഏറെ നാളായി പിരിഞ്ഞു നില്‍ക്കുകയായിരുന്നു.
ഒളിവില്‍ പോയ മുഹമ്മദ്‌ ആസിഫിനായി കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്‌.പി. സലീഷ്‌ എന്‍. ശങ്കര്‍, വലപ്പാട്‌ എസ്‌.എച്ച്‌.ഒ. സുശാന്ത്‌ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം തുടരുന്നു. ഇയാളുടെ ബാഗില്‍നിന്ന്‌ ബന്ധുക്കള്‍ നെഞ്ചാക്ക്‌ കണ്ടെടുത്തു. മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനു ശേഷം കബറടക്കം ഇന്ന്‌ വൈകിട്ട്‌ മൂന്നിന്‌ തളിക്കുളം ജുമാ അത്ത്‌ പള്ളി കബറിസ്‌ഥാനില്‍. മക്കള്‍: അലി അക്‌ബര്‍ (രണ്ട്‌ വയസ്‌), പത്തൊമ്പത്‌ ദിവസം പ്രായമുള്ള ഒരാണ്‍കുട്ടി കൂടിയുണ്ട്‌

Leave a Reply