ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം മുതിർന്ന നേതാവ് ആനന്ദ് ശർമ രാജിവച്ചു

0

ന്യൂഡൽഹി∙ ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം മുതിർന്ന നേതാവ് ആനന്ദ് ശർമ രാജിവച്ചു. ആത്മാഭിമാനം പണയപ്പെടുത്തില്ലെന്നും കോൺഗ്രസ് സ്ഥാനാർഥികളുടെ പ്രചാരണത്തിൽ പങ്കെടുക്കുമെന്നും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്കുള്ള കത്തിൽ ആനന്ദ് ശർമ വ്യക്തമാക്കി. അടുത്തിടെ, ജമ്മു കശ്മീരിലെ പാര്‍ട്ടി പ്രചാരണ സമിതി അധ്യക്ഷസ്ഥാനം ഗുലാം നബി ആസാദ് രാജിവച്ചിരുന്നു. നിയമനത്തിനു തൊട്ടുപിന്നാലെയായിരുന്നു ഗുലാം നബിയുടെ രാജി. ജമ്മു കശ്മീര്‍ രാഷ്ട്രീയകാര്യ സമിതിയില്‍നിന്നും ഗുലാം നബി രാജിവച്ചിരുന്നു. കോണ്‍ഗ്രസില്‍ സമൂലപരിഷ്‌കരണം ആവശ്യപ്പെടുന്ന ജി 23 നേതാക്കളില്‍ പ്രമുഖരാണ് ആസാദും ശര്‍മയും.

ഇക്കൊല്ലം അവസാനം നടക്കാനിരിക്കുന്ന ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ഏപ്രില്‍ 26-നാണ് സ്റ്റിയറിങ് കമ്മിറ്റിക്ക് കോണ്‍ഗ്രസ് രൂപം നല്‍കിയത്. രാജിവെക്കുന്നതായി അറിയിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് അയച്ച കത്തില്‍ ശര്‍മ തന്റെ തീരുമാനത്തിനു പിന്നിലെ കാരണങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ, ചില നിര്‍ണായക യോഗങ്ങളെ കുറിച്ച് തന്നെ അറിയിച്ചിരുന്നില്ലെന്നാണ് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാണിക്കുന്നത്. ആത്മാഭിമാനത്തെ മറികടന്നുള്ള ഒത്തുതീര്‍പ്പിന് തയ്യാറല്ലെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് വിവരം. അതേസമയം, തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്നും ശര്‍മ പറഞ്ഞു.
ജൂണ്‍ 20-ന് ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍, പ്രചാരണ കമ്മിറ്റി അധ്യക്ഷന്‍, തിരഞ്ഞെടുപ്പു മുന്നില്‍ക്കണ്ട് രൂപവത്കരിച്ച മറ്റു കമ്മിറ്റികളിലെ നേതാക്കള്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത യോഗം നടന്നു. എന്നാല്‍ സ്റ്റിയറിങ് കമ്മിറ്റി അധ്യക്ഷനായ തന്നെ ഇതേക്കുറിച്ച് അറിയിച്ചില്ലെന്ന് ആനന്ദ് ശര്‍മ പറയുന്നു. ഓഗസ്റ്റ് 7,8 ദിവസങ്ങളില്‍ എ.ഐ.സി.സി. നിരീക്ഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ ഷിംല സന്ദര്‍ശിച്ചു. മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത യോഗങ്ങളും ഇതിനു പിന്നാലെ നടന്നു. എന്നാല്‍ ഈ യോഗങ്ങളെ കുറിച്ചും തന്നെ അറിയിക്കുകയോ പങ്കെടുക്കാന്‍ ക്ഷണിക്കുകയോ ചെയ്തില്ലെന്നും ശര്‍മ ചൂണ്ടിക്കാണിക്കുന്നു.
ജമ്മു കശ്മീരിലെ കോണ്‍ഗ്രസ് പ്രചാരണ സമിതി അധ്യക്ഷസ്ഥാനത്തുനിന്നാണ് ഗുലാം നബി ആസാദ് കഴിഞ്ഞ ദിവസം രാജിവെച്ചത്. കോണ്‍ഗ്രസ് അഖിലേന്ത്യാ രാഷ്ട്രീയകാര്യ സമിതിയില്‍ അംഗമായ ഗുലാം നബി ആസാദിനെ സംസ്ഥാന ഘടകത്തിന്റെ പ്രചാരണ സമിതി അധ്യക്ഷസ്ഥാനത്ത് നിയമിച്ചത് തരംതാഴ്ത്തലായാണ് അദ്ദേഹം കാണുന്നതെന്നാണ് ആസാദുമായി ബന്ധപ്പെട്ട അടുത്തവൃത്തങ്ങള്‍ അറിയിച്ചത്.

Leave a Reply