കേരള ലോട്ടറി മണ്‍സൂണ്‍ ബംപര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 10 കോടിയുടെ ലോട്ടറിവിറ്റ സന്തോഷത്തിലാണ്‌ അത്താണി പടയാട്ടില്‍ റോസിലി എന്ന വയോധിക

0

കേരള ലോട്ടറി മണ്‍സൂണ്‍ ബംപര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 10 കോടിയുടെ ലോട്ടറിവിറ്റ സന്തോഷത്തിലാണ്‌ അത്താണി പടയാട്ടില്‍ റോസിലി എന്ന വയോധിക. ഏതോ അജ്‌ഞാതനായ യാത്രക്കാരനെ കോടീശ്വരനാക്കിയതിനൊപ്പം തനിക്കും മണ്‍സൂണ്‍ ബംപര്‍ ഭാഗ്യം കൊണ്ടുവന്നതാണ്‌ ഈ വയോധികയെ സന്തോഷിപ്പിക്കുന്നത്‌. ടിക്കറ്റിന്‌ കമ്മീഷന്‍ ആയി കിട്ടുന്ന തുക കൊണ്ട്‌ സ്വന്തമായൊരു വീടുണ്ടാക്കണമെന്നാണ്‌ ഇവരുടെ ആഗ്രഹം.
അങ്കമാലി ടൗണില്‍ പതിറ്റാണ്ടുകള്‍ക്ക്‌ മുന്‍പ്‌ ലോട്ടറി വില്‍പന ആരംഭിച്ചതാണ്‌ റോസിലിയുടെ ഭര്‍ത്താവ്‌ വര്‍ഗീസ്‌. ഈ സമയം വിമാനത്താവള പരിസരത്ത്‌ തട്ടുകടനടത്തുകയായിരുന്നു റോസിലി. ലോട്ടറി വിറ്റശേഷം ഒഴിവ്‌ സമയങ്ങളില്‍ തട്ടുകടയില്‍ ഭാര്യയെ സഹായിക്കാന്‍ വര്‍ഗീസും എത്തും. ഇരുവര്‍ക്കും വയ്യാതായതോടെ തട്ടുകട ഏതാനും വര്‍ഷം മുന്‍പ്‌ നിര്‍ത്തി ലോട്ടറി വില്‍പന മാത്രമായി. പിന്നീട്‌ അസുഖം മൂലം വര്‍ഗീസ്‌ ലോട്ടറി വില്‍പന നിര്‍ത്തിയപ്പോഴും റോസിലി കച്ചവടം തുടര്‍ന്നു. ദിവസവും വൈകിട്ട്‌ 5 മുതല്‍ രാവിലെ 6 വരെ വിമാനത്താവള ടെര്‍മിനലിലും പരിസരത്തുമാണ്‌ റോസിലി ടിക്കറ്റുകള്‍ വിറ്റിരുന്നത്‌.
17 ന്‌ അങ്കമാലിയില്‍ നിന്ന്‌ വാങ്ങിയ ടിക്കറ്റുകള്‍ അടുത്ത ദിവസങ്ങളിലാണ്‌ ഇവര്‍ വിറ്റത്‌. ആറു ലോട്ടറി ബുക്കുകളാണ്‌ വില്‌പനയ്‌ക്കായി റോസിലിയുടെ ഭര്‍ത്താവ്‌ വര്‍ഗീസ്‌ വാങ്ങിയതെങ്കിലും ആറാമത്തെ ലോട്ടറി ബുക്കിന്‌ പണം നല്‍കാനില്ലാത്തതു കൊണ്ട്‌ പേരെഴുതി മാറ്റിവച്ചു. പിറ്റെ ദിവസം ഈ ബുക്ക്‌ പണം കൊടുത്ത്‌ വാങ്ങി റോസിലിയുടെ കൈവശം വില്‌പനയ്‌ക്കായി ഏല്‌പിക്കുകയായിരുന്നു. ഈ ബുക്കിലെ ടിക്കറ്റിനാണ്‌ പത്ത്‌ കോടിയുടെ ഭാഗ്യം കടാക്ഷിച്ചത്‌. യാത്രക്കാര്‍ ആരോ ആണ്‌ ടിക്കറ്റെടുത്തത്‌. ലോട്ടറി വാങ്ങിയപ്പോള്‍ ഈ ലോട്ടറി അടിയ്‌ക്കുകയാണെങ്കില്‍ പകുതി പണം വല്യമ്മയ്‌ക്ക്‌ നല്‍കുമെന്നുള്ള വാഗ്‌ദാനം നല്‍കിയിരുന്നതായും റോസിലി പറഞ്ഞു. ഒരു കോടിയോളം രൂപ റോസിലിയ്‌ക്ക്‌ കമ്മീഷനായി ലഭിയ്‌ക്കേണ്ടതാണ്‌. കമ്മീഷന്‍ ലഭിച്ചാല്‍ വീട്‌ പണി തുടങ്ങാനാണ്‌ റോസിലിയുടെ ആഗ്രഹം

LEAVE A REPLY

Please enter your comment!
Please enter your name here