ജപ്പാൻ മുൻ പ്രധാനമന്ത്രിയുടെ മരണത്തിൽ ലോകം അനുശോചിക്കുമ്പോൾ ഒരു കൂട്ടർ ആഘോഷിക്കുന്നതായി റിപ്പോർട്ടുകൾ

0

ടോക്കിയോ: ജപ്പാൻ മുൻ പ്രധാനമന്ത്രിയുടെ മരണത്തിൽ ലോകം അനുശോചിക്കുമ്പോൾ ഒരു കൂട്ടർ ആഘോഷിക്കുന്നതായി റിപ്പോർട്ടുകൾ. ചൈനയിലെ ഒരു വിഭാഗം ജനങ്ങളാണ് മരണം ആഘോഷിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നത്. വെടിയുതിർത്ത അക്രമിയെ ‘ഹീറോ’ എന്നു വാഴ്ത്തിയതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ആബെയ്ക്ക് വെടിയേറ്റത് ചില ചൈനക്കാർ ആഘോഷിക്കുകയായിരുന്നു.

ആബെയ്ക്ക് വെടിയേറ്റതിന് പിന്നാലെ ചൈനയിലെ സമൂഹമാധ്യമമായ വെയ്ബോയിൽ ഒരു വിഭാഗം ആളുകൾ സന്തോഷം പങ്കുവച്ച് സന്ദേശങ്ങൾ പങ്കുവച്ചുവെന്നാണ് റിപ്പോർട്ട്. ആബെയ്ക്ക് മരണം ആശംസിച്ചവരുമുണ്ടെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ഓസ്ട്രേലിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചൈനീസ് പൊളിറ്റിക്കൽ കാർട്ടൂണിസ്റ്റും ആർട്ടിസ്റ്റും മനുഷ്യാവകാശ പ്രവർത്തകനുമായ ബദിയുകാവോയുടെ ട്വിറ്റർ പേജിൽ ഇത്തരം സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ടുകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ജപ്പാനിൽ ഏറ്റവുമധികം കാലം പ്രധാനമന്ത്രിയായിരുന്ന ആബെയ്ക്കെതിരായ അക്രമം ആഘോഷിക്കുന്ന പോസ്റ്റുകളാണിത്.

ആബെയുടെ മരണത്തിനായി സമൂഹമാധ്യമത്തിലൂടെ വ്യാപക പ്രചാരണം തന്നെ നടന്നുവെന്ന് സൂചന നൽകുന്നതാണ് സ്ക്രീൻ ഷോട്ടുകളെല്ലാം. ‘ഇപ്പോഴത്തെ ജപ്പാൻ പ്രധാനമന്ത്രിക്കാണ് വെടിയേറ്റതെന്ന് കരുതുന്നു. ഇനി കൊറിയൻ പ്രധാനമന്ത്രിയുടെ ഊഴമാകട്ടെ’ – വിചാറ്റിൽ ഒരാൾ കുറിച്ചു.

‘ജപ്പാൻ വിരുദ്ധ ഹീറോയ്ക്ക് നന്ദി. ഞാനൊന്നു ചിരിച്ചോട്ടെ?’ – മറ്റൊരു പോസ്റ്റിൽ പ്രത്യക്ഷപ്പെട്ട വാചകങ്ങൾ.

അതിനിടെ പീപ്പിൾസ് ഡെയ്‌ലിയുടെ അധീനതയിലുള്ള ഇംഗ്ലിഷ് മാധ്യമമായ ‘ഗ്ലോബൽ ടൈം’സിൽ, ആബെയ്‌ക്കെതിരായ ആക്രമണം ചൈനാവിരുദ്ധ നീക്കങ്ങൾ ശക്തിപ്പെടുത്താൻ അദ്ദേഹത്തിന്റെ അനുയായികൾ ഉപയോഗിച്ചേക്കാമെന്ന ആശങ്കയും പങ്കുവച്ചിട്ടുണ്ട്. അതേസമയം, ചൈനയിലെ ഭരണകൂടം ആബെയ്ക്കെതിരായ ആക്രമണത്തിലും അദ്ദേഹത്തിന്റ മരണത്തിലും ഞെട്ടലും അനുശോചനവും അറിയിച്ചിരുന്നു.

രാജ്യത്ത് നാളെ ദുഃഖാചരണം; നഷ്ടമായത് ഉറ്റസുഹൃത്തിനെയെന്ന് മോദി

ന്യൂഡൽഹി: ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉറ്റ സുഹൃത്തിനെയാണ് നഷ്ടപ്പെട്ടതെന്ന് പ്രധാനമന്ത്രി പറഞ്ഞു. നാളെ രാജ്യത്ത് ദുഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.

ആബേയുടെ മരണത്തിൽ അതീവ ദുഖം. മികച്ച രാജ്യതന്ത്രജ്ഞനും ഭരണകർത്താവുമായിരുന്നു ആബേ. ലോകത്തെ മികച്ചൊരിടമാക്കാൻ ജീവിതം തന്നെ ഉഴിഞ്ഞുവെച്ച ആളായിരുന്നു ആബേയെന്നും മോദി ട്വീറ്റ് ചെയ്തു.

നാരാ പട്ടണത്തിൽ പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പ്രസംഗിച്ച് കൊണ്ടിരിക്കെ പിന്നിലൂടെ എത്തിയ അക്രമി നാടൻ തോക്കുകൊണ്ട് ആബേയെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ച ഷിൻസോ ആബേയുടെ മരണം ഏഴ് മണിക്കൂറിന് ശേഷമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. വെടിവെച്ച നാൽപ്പതുകാരനായ അക്രമി പിടിയിലായി. കൊലപാതക കാരണം വ്യക്തമല്ല.

നാവിക സേന മുൻ അം​ഗം യാമാഗാമി തെത്സൂയയാണ് ഷിൻസോ ആബേയെ വെടിവെച്ചത്. വെടിവെച്ച ശേഷവും സംഭവ സ്ഥലത്ത് കൂസലില്ലാതെ പ്രതിയുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രതിയായ യാമാഗാമി തെത്സൂയ പൊലീസ് കസ്റ്റഡിയിലാണ്. ആക്രമണശേഷവും സംഭവസ്ഥലത്ത് ഇയാൾ ഉണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തെ തുടർന്ന് ഔദ്യോഗിക പരിപാടികൾ റദ്ദാക്കി ജാപ്പനീസ് പ്രധാനമന്ത്രി ടോക്കിയോയിലേക്ക് തിരിച്ചു.

2006ലാണ് ആബെ ആദ്യമായി ജപ്പാന്റെ പ്രധാനമന്ത്രിയാകുന്നത്. ഒരു വർഷം അതു തുടർന്നു. 2012ൽ വീണ്ടും പ്രധാനമന്ത്രിയായ അദ്ദേഹം 2020 വരെ തുടർന്നു. ഈ സമയങ്ങളിലെല്ലാം എൽഡിപിയുടെ അധ്യക്ഷനും ആബെയായിരുന്നു. 2012ൽ പ്രതിപക്ഷ നേതാവായും 2005 മുതൽ 2006 വരെ ചീഫ് കാബിനറ്റ് സെക്രട്ടറിയായും പ്രവർത്തിച്ചു.

ജപ്പാന്റെ അധോസഭയായ ഹൗസ് ഓഫ് റപ്രസന്റേറ്റിവ്സിലേക്ക് ആദ്യമായി 1993ലാണ് ആബെ തിരഞ്ഞെടുക്കപ്പെടുന്നത്. പിന്നീട് നിർണായക സ്ഥാനത്തെത്തുന്നത് 2005ൽ ചീഫ് കാബിനറ്റ് സെക്രട്ടറിയായതോടെയാണ്. തൊട്ടടുത്ത വർഷം ഡിസംബറിൽ എൽഡിപി പ്രസിഡന്റും ജപ്പാന്റെ പ്രധാനമന്ത്രിയുമായി. ഒരു വർഷത്തിനിപ്പുറം ആരോഗ്യപരമായ കാരണങ്ങളാൽ അദ്ദേഹം പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു.

2012ൽ പൂർണ ആരോഗ്യവാനായി തിരിച്ചെത്തിയ അദ്ദേഹം എൽഡിപിയിലെ ഷിഗേരു ഇഷിബയെ തോൽപിച്ച് വീണ്ടും പാർട്ടി അധ്യക്ഷനായി. തൊട്ടടുത്ത വർഷം നടന്ന പൊതു തിരഞ്ഞെടുപ്പിൽ വൻ വിജയമാണ് എൽഡിപി സ്വന്തമാക്കിയത്. 2014ലും 2017ലും ഈ വിജയം തുടർന്നതാണ് ജപ്പാനിൽ ഏറ്റവുമധികം കാലം പ്രധാനമന്ത്രിയായിരിക്കാൻ ആബെയെ സഹായിച്ചത്. 2020 ഓഗസ്റ്റിൽ ആരോഗ്യനില വീണ്ടും മോശമായതോടെ രാജിവയ്‌ക്കേണ്ടി വന്നു. വീണ്ടും തിരഞ്ഞെടുപ്പു പ്രചാരണത്തിൽ സജീവമാകുന്നതിനിടെയായിരുന്നു വെടിയേറ്റത്.

LEAVE A REPLY

Please enter your comment!
Please enter your name here