‘പോയി തൂങ്ങിച്ചാവ്’ എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

0

ബംഗളൂരു: പോയി തൂങ്ങിച്ചാവ് എന്ന് ഒരാളോടു പറയുന്നത് ആത്മഹത്യാ പ്രേരണയായി കാണാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി. ഇത്തരമൊരു പ്രസ്താവനയുടെ പേരില്‍ മാത്രം ഒരാള്‍ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം നിലനില്‍ക്കില്ലെന്ന് ജസ്റ്റിസ് എം നാഗപ്രസന്ന ഉത്തരവില്‍ പറഞ്ഞു.

ഉഡുപ്പിയിലെ പുരോഹിതന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ ഉത്തരവ്. പുരോഹിതനും തന്റെ ഭാര്യയും തമ്മിലുള്ള ബന്ധം അറിഞ്ഞ പരാതിക്കാരന്‍ പുരോഹിതനുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇതിനിടെ പോയി തൂങ്ങിച്ചാവ് എന്ന് ഇയാള്‍ പുരോഹിതനോടു പറയുകയും ചെയ്തു. വാക്കുതര്‍ക്കം നടന്നതിനു പിന്നാലെ തന്നെ പുരോഹിതന്‍ ജീവനൊടുക്കി. ഇതിനെത്തുടര്‍ന്ന് പരാതിക്കാരനെതിരെ പൊലീസ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു. ഇതു ചോദ്യം ചെയ്താണ് ഇയാള്‍ കോടതിയെ സമീപിച്ചത്.ഇരുവരുടെയും ബന്ധം അറിഞ്ഞപ്പോഴുണ്ടായ മാനസിക വിക്ഷോഭത്തില്‍നിന്നാണ് ഇത്തരം വാക്കുകള്‍ ഉച്ചരിച്ചതെന്ന് പരാതിക്കാരന്‍ കോടതിയില്‍ പറഞ്ഞു. അവിഹിത ബന്ധം മറ്റുള്ളവര്‍ അറിയുമെന്ന ഭീതിയിലാണ് പുരോഹിതന്‍ ജീവനൊടുക്കിയതെന്നും ഇയാള്‍ പറഞ്ഞു.

പരാതിക്കാരന്‍ ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്നാണ് പുരോഹിതന്‍ ജീവനൊടുക്കിയത് എന്നായിരുന്നു എതിര്‍ ഭാഗം വാദിച്ചത്. എന്നാല്‍ കോടതി ഇതു തള്ളി. പുരോഹിതന്റെ ആത്മഹത്യക്കു പല കാരണങ്ങള്‍ ഉണ്ടാവാമെന്നും പരാതിക്കാരന്റെ വാക്കുകളെ പ്രേരണയായി കാണാനാവില്ലെന്നും കോടതി വിലയിരുത്തി.

Leave a Reply