മുഖ്യമന്ത്രി പിണറായി വിജയനെ വരെ ബഹിഷ്‌ക്കരിക്കുന്ന തരത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ ജീവനക്കാരുടെ സംഘടനയില്‍ വിഭാഗീയത വളര്‍ന്നതോടെ കടുത്ത നടപടികള്‍ക്കൊരുങ്ങി സി.പി.എം

0

മുഖ്യമന്ത്രി പിണറായി വിജയനെ വരെ ബഹിഷ്‌ക്കരിക്കുന്ന തരത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ ജീവനക്കാരുടെ സംഘടനയില്‍ വിഭാഗീയത വളര്‍ന്നതോടെ കടുത്ത നടപടികള്‍ക്കൊരുങ്ങി സി.പി.എം.
സി.ഐ.ടി.യു. ആഭിമുഖ്യമുള്ള തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ്‌ കോണ്‍ഫെഡറേഷനിലെ വിഭാഗീയതയ്‌ക്ക്‌ ദേവസ്വം ബോര്‍ഡിലെ ചില ഉന്നതരുടെ സഹായം കിട്ടിയതും പാര്‍ട്ടി പരിശോധിക്കും. സ്‌ഥലമാറ്റം, സ്‌ഥാനക്കയറ്റം എന്നിവ സംബന്ധിച്ച്‌ കൂടുതല്‍ പരാതികള്‍ ഉയര്‍ന്നതിനു പിന്നാലെ പ്രതിപക്ഷ സംഘടനകളുടെ വായടപ്പിക്കാന്‍ പ്രധാന സ്‌ഥാനങ്ങള്‍ അവര്‍ക്കും വാരിക്കോരി നല്‍കിയിട്ടും ഭരണാനുകൂലപക്ഷത്തെ തഴയുകയായിരുന്നെന്നും ആക്ഷേപമുണ്ട്‌.
പാര്‍ട്ടി കുടുംബങ്ങളില്‍നിന്നുള്ള ജീവനക്കാരെ തഴഞ്ഞും മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തിയും നടത്തിയ സ്‌ഥലമാറ്റങ്ങളിലെയും സ്‌ഥാനക്കയറ്റങ്ങളിലെയും കൂടുതല്‍ പരാതികള്‍ സി.പി.എം. തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‌ കോണ്‍ഫെഡറേഷനിലെ ഔദ്യോഗിക വിഭാഗം കൈമാറും. വിഭാഗീയത വളര്‍ത്താനും പഴയ വി.എസ്‌. പക്ഷത്തെ താക്കോല്‍ സ്‌ഥാനങ്ങളില്‍ എത്തിക്കാനും ബോധപൂര്‍വമായ ശ്രമമുണ്ടായെന്നാണു പരാതി. പാര്‍ട്ടിയില്‍ വി.എസ്‌. അച്യുതാനന്ദന്റെ സ്വാധീനം കുറഞ്ഞതു മനസിലാക്കി ഔദ്യോഗിക പക്ഷത്തേക്കു ചേക്കേറിയ ചിലരാണ്‌ വിഭാഗീയതയ്‌ക്ക്‌ കുടപിടിക്കുന്നതെന്നാണ്‌ ഔദ്യോഗിക പക്ഷത്തിന്റെ പരാതി.
വര്‍ഷങ്ങളായി തെരഞ്ഞെടുപ്പു നടത്താതെയും സ്‌ഥലമാറ്റങ്ങളിലും സ്‌ഥാനക്കയറ്റങ്ങളിലും അവിഹിത ഇടപെടല്‍ നടത്തിയും ഉന്നത സ്‌ഥാനത്ത്‌ തുടരുന്നവരുടെ വിഭാഗീയത ഔദ്യോഗിക പക്ഷം പലവട്ടം പാര്‍ട്ടി നേതൃത്വത്തോട്‌ സൂചിപ്പിച്ചിരുന്നതാണ്‌. എന്നാല്‍, സര്‍വ സീമകളും ലംഘിച്ച വിഭാഗീയത മുഖ്യമന്ത്രിയെ വരെ ബഹിഷ്‌ക്കരിക്കുന്ന തരത്തിലേക്കു വളര്‍ന്നതോടെയാണ്‌ അടിയന്തര ഇടപെടലിനു പാര്‍ട്ടി തീരുമാനിച്ചത്‌.
ചെറുവള്ളി, വള്ളിയാംകാവ്‌ ഓഡിറ്റുകളിലെ ആരോപണ വിധേയനെ ശബരിമല എക്‌സിക്യൂട്ടീവ്‌ ഓഫീസറായി നിയമിച്ചത്‌ ഔദ്യോഗികപക്ഷത്തെ മുതിര്‍ന്ന ഡെപ്യൂട്ടി കമ്മിഷണര്‍മാരെ മറികടന്നാണെന്നാണ്‌ പ്രധാന ആരോപണം. തിരുവല്ലം, മലയാലപ്പുഴ എന്നിവിടങ്ങളിലും സീനിയോറിറ്റി മറികടന്നായിരുന്നു നിയമനമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. മലയാലപ്പുഴയില്‍ നിയമനം ലഭിച്ച ജീവനക്കാരന്റെ സ്വാധീനത്തില്‍, കൊല്ലത്തെ ഒരു പ്രധാന ക്ഷേത്രത്തില്‍ കോണ്‍ഗ്രസ്‌ സംഘടനയില്‍പ്പെട്ടെ ഒരു വനിതയ്‌ക്കും മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തിയാണ്‌ നിയമനം നല്‍കിയതെന്നും ഔദ്യോഗിക പക്ഷം ആരോപിക്കുന്നു.
ഏറ്റുമാനൂരില്‍ യുവതിയായ ഉദ്യോഗസ്‌ഥയെ പ്രധാന തസ്‌തകയില്‍ നിയമിച്ചതു മാനദണ്ഡങ്ങള്‍ക്കു വിരുദ്ധമാണെന്നും ആരോപണമുണ്ട്‌. കഴിഞ്ഞ ഹിതപരിശോധനയില്‍ സംഘടനയ്‌ക്കു വേണ്ടി സജീവമായി പ്രവര്‍ത്തിച്ച നിരവധി ഗ്രൂപ്പ്‌ ഓഫീസര്‍മാര്‍ക്ക്‌ ദേവസ്വം നല്‍കാതെ മാറ്റി നിര്‍ത്തിയതിനു പിന്നിലും കടുത്ത വിഭാഗീയതയാണ്‌ മറുപക്ഷം ആരോപിക്കുന്നത്‌.
യു.ഡി.എഫ്‌. ഭരണകാലത്ത്‌ എല്ലാം ആനുകൂല്യങ്ങളുംപറ്റിയ ശേഷം ഭരണം മാറിയപ്പോള്‍ മറുകണ്ടംചാടിയയാള്‍ക്ക്‌ തിരുവനന്തപുരം നഗരത്തിലെ മഹാക്ഷേത്രം നല്‍കിയതും തിരുവല്ലത്ത്‌ നിയമിതനായ ആളുടെ അടുത്ത ബന്ധുവിന്‌ തിരുവനന്തപുരം ഒ.ടി.സി ഹനുമാന്‍ ക്ഷേത്രത്തില്‍ നിയമനം നല്‍കിയതും പരാതിക്ക്‌ ഇടയാക്കിയിട്ടുണ്ട്‌.
പാര്‍ട്ടി കുടുംബാംഗവും സംഘടനയുടെ സജീവ വനിതാ പ്രവര്‍ത്തകയുമായ ജീവനക്കാരിക്ക്‌ തിരുവനന്തപുരത്ത്‌ പഠിക്കാന്‍ ബോര്‍ഡ്‌ തന്നെ അനുമതി നല്‍കിയിട്ടും ഇത്‌ മറച്ചുവച്ച്‌ സീനിയറായ ഇഷ്‌ടക്കാര്‍ക്ക്‌ വഴിയൊരുക്കുവാന്‍ ഇവരെ മറ്റൊരിടത്തേക്കു മാറ്റിയതും വിവാദമായിട്ടുണ്ട്‌. തിരുവല്ലത്തെ ലക്ഷങ്ങളുടെ അഴിമതി കണ്ടുപിടിച്ച ഇവരെ അന്തിമ റിപ്പോര്‍ട്ട്‌ നല്‍കും മുമ്പേ സ്‌ഥലംമാറ്റിയത്‌ മംഗളം നേരത്തേ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. ഹൈക്കോടതിയുടെ പരിഗണനയിലാണ്‌ ഈ സ്‌ഥലമാറ്റമെന്നും സൂചനയുണ്ട്‌.

Leave a Reply