ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാർ വീണ്ടും സമരത്തിനിറങ്ങുന്നു

0

ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാർ വീണ്ടും സമരത്തിനിറങ്ങുന്നു. ‘തുല്യ ജോലിക്ക് തുല്യ വേതനം’ എന്ന ആവശ്യവുമായാണ് സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിൽ വീണ്ടും സമരത്തിനിറങ്ങുന്നത്. മിനിമം വേതനം 40,000 രൂപയാക്കുക എന്നതാണ് പ്രധാന ആവശ്യം. ഓഗസ്റ്റ് നാലിന് സമര പ്രഖ്യാപന കൺവെൻഷൻ തൃശൂരിൽ നടക്കും.

സർക്കാർ സർവിസിൽ നഴ്‌സിന്റെ അടിസ്ഥാന ശമ്പളം 39,938 രൂപ. ഇത് സ്വകാര്യ മേഖലയിലെ നഴ്‌സുമാർക്ക് ലഭ്യമാക്കണമെന്നാണ് ആവശ്യം. 2017ൽ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ സമരത്തിലൂടെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. അന്ന് അടിസ്ഥാന ശമ്പളമായി 20,000 രൂപ സർക്കാർ പ്രഖ്യാപിച്ചെങ്കിലും ഉത്തരവ് കടലാസിലൊതുങ്ങി.

‘തുല്യ ജോലിക്ക് തുല്യ വേതന’മെന്ന സുപ്രീം കോടതി ഉത്തരവാണ് സംഘടന മുന്നോട്ടു വെക്കുന്നത്. 2018ൽ മുൻകാല പ്രാബല്യത്തോടെ ഇറങ്ങിയ ശമ്പള പരിഷ്‌കരണ ഉത്തരവ് അനുസരിച്ചുള്ള മിനിമം ശമ്പളം 20,000 രൂപ പോലും കിട്ടാത്തപ്പോഴാണ് അതിന്റെ ഇരട്ടിയാക്കാനുള്ള ആവശ്യവുമായി സമരത്തിന് ഇറങ്ങുന്നത്.

2017ന് ശേഷം ശമ്പള പരിഷ്‌കരണത്തിനായി ഫയൽ നീങ്ങിയിട്ടില്ല. മിക്ക ആശുപത്രികളിലും താൽക്കാലിക നിയമനവും കരാർ പുതുക്കലുമാണ് നടക്കുന്നത്. അതിന് സർക്കാർ നിശ്ചയിച്ച മിനിമം ശമ്പളം നൽകേണ്ടതില്ല. എപ്പോൾ വേണമെങ്കിലും ജോലിയിൽനിന്ന് ഒഴിവാക്കുകയുമാവാം. ഇത് ഇനി അംഗീകരിക്കാൻ പറ്റില്ലെന്നാണ് യു.എൻ.എയുടെ നിലപാട്.

LEAVE A REPLY

Please enter your comment!
Please enter your name here