കലൂർ മാർക്കറ്റിന് സമീപം യുവാവ് കഴുത്തറുത്ത് മരിച്ച സംഭവത്തിൽ ദൂരൂഹത

0

കലൂർ മാർക്കറ്റിന് സമീപം യുവാവ് കഴുത്തറുത്ത് മരിച്ച സംഭവത്തിൽ ദൂരൂഹത. അന്വേഷണത്തിൽ വഴി മുട്ടി പൊലീസ്. ആത്മഹത്യക്ക് തൊട്ട് മുൻപ് ഇയാൾ സുഹൃത്തിനെ കുത്തി പരിക്കേൽപ്പിച്ചിരുന്നു. ആത്മഹത്യ ചെയ്ത ആളിന് മുൻപ് ക്രിമിനൽ പാശ്ചാത്തലമില്ലാത്തതും മാനസികപ്രശ്നങ്ങളോ,വിഷാദരോഗമോ ഇല്ല എന്ന കണ്ടെത്തലുകളുമാണ് നിലവിൽ പൊലീസിന് തലവേദനയാവുന്നത്. ഇയാൾ കുത്തി എന്ന് പറയപ്പെടുന്ന സുഹൃത്തിന് കഴുത്തിലാണ് പരിക്ക് അതിനാൽ പൊലീസിന് മൊഴി എടുക്കാൻ സാധിച്ചിട്ടില്ല.

തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് ചോരവാർന്ന് മരിക്കാറായ നിലയിൽ തോപ്പുംപടി പള്ളിച്ചാൽ റോഡ് കൂട്ടുങ്കൽ വീട്ടിൽ സിറിൾ ക്രൂസിന്റെയും മാരി ക്രൂസിന്റെയും മകൻ ക്രിസ്റ്റഫർ ക്രൂസിനെ(24) നാട്ടുകാർ കാണുന്നത്. മെക്കാനിക്കൽ എൻജിനിയറിഗ് ബിരുദദാരിയാണ് ഇയാൾ. മാർക്കറ്റിന്റെ സമീപത്തുള്ള പെറ്റ് ഷോപ്പിന്റെ മുന്നിലെ പോസ്റ്റിൽ ഇരുന്ന ഇയാൾ കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കൈയും കഴുത്തും മുറിക്കുക ആയിരുന്നു എന്ന് സംഭവസ്ഥലത്തെ കടകളിലെ സി.സി.റ്റി.വി ദൃശ്യങ്ങളിൽ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

രക്തം വാർന്ന് ക്രിസ്റ്റഫർ കുഴഞ്ഞ് നിലത്തെക്ക് വീണപ്പോഴാണ് സമീപത്തെ കടയിലെ ജോലിക്കാരും നാട്ടുകാരും ഇയാളെ ശ്രദ്ധിക്കുന്നത്. ഓടി കൂടിയ ആളുകൾ ഇയാൾക്ക് വെള്ളം കൊടുക്കുകയും നെഞ്ച് തടവി കൊടുക്കുകയും മറ്റും ചെയ്തു. ആദ്യം ഓടി കൂടിയവരിൽ ആരോ ആണ് പൊലീസിൽ വിവരമറിയിച്ചത്. എന്നാൽ പൊലീസ് എത്തും മുൻപ് ക്രിസ്റ്റഫറിന്റെ ബോധം മറയുകയും ഉടനെ തന്നെ മരണം സംഭവിക്കുകയും ആയിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറയുന്നു. സമീപമുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചാണ് പൊലീസ് മരണം സ്ഥിരീകരിച്ചത്.

സംഭവസ്ഥലത്തെ സി.സി.റ്റി.വി ദൃശ്യങ്ങളിൽ നിന്നും ഇയാൾ സ്വന്തം കഴുത്തിലും കൈയിലും മുറിവ് ഉണ്ടാക്കുന്നത് കണ്ടെത്തിയതിനാൽ ആത്മഹത്യ തന്നെയാണ് ഇത് എന്ന് പൊലീസ് ഉറപ്പിക്കുന്നു. എന്നാൽ സംഭവം നടക്കുന്നതിന് തൊട്ട് മുൻപ് ആത്മഹത്യ ചെയ്ത സ്ഥലത്തിന്റെ നൂറു മീറ്ററിനുള്ളിൽ വെച്ച് ക്രിസ്റ്റഫർ ഒരാളെ കുത്തിയതായി പൊലീസ് പറയുന്നു.

ക്രിസ്റ്റഫറിന്റെ സുഹൃത്തും, എരുമത്തല സ്വദേശിയും, ആലുവ യു.സി കോളേജ് വിദ്യാർത്ഥിയുമായ സച്ചിനെ(24)യാണ് ഇയാൾ ആത്മഹത്യയ്ക്ക് മുൻപ് മുറിവേൽപ്പിച്ചത്. ക്രിസ്റ്റഫർ ആത്മഹത്യ ചെയ്യാനുപയോഗിച്ച കത്തി കൊണ്ട് തന്നെയാണ് സച്ചിന്റെ കഴുത്തിൽ വരഞ്ഞത്. കഴുത്തിൽ മുറിവേറ്റ സച്ചിന് സംസാരിക്കാൻ സാധിച്ചിട്ടില്ലാത്തതിനാൽ പൊലീസിന് ഇയാളുടെ മൊഴി എടുക്കാൻ സാധിച്ചിട്ടില്ല.

മരിച്ച ക്രിസ്റ്റഫർ തോപ്പുംപടി സ്വദേശിയാണ് എന്നുള്ള പൊലീസിന്റെ സംശയത്തെ തുടർന്ന് ബന്ധുക്കളിൽ ചിലരേ വിവരമറിയിക്കുകയും അവർ ഹോസ്പിറ്റലിൽ എത്തി ഇയാളെ തിരിച്ചറിയുകയുമാണ് ഉണ്ടായത്. എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്മാർട്ടം ചെയ്ത് ബന്ധുക്കൾക്ക് കൈമാറും. കലൂരിലെ സ്ഥാപനത്തിൽ അടുത്തിടെയാണ് ക്രിസ്റ്റഫർ ജോലിയിൽ പ്രവേശിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here