കോവിഡ് സൃഷ്ടിച്ച പ്രയാസങ്ങളും യുക്രെയ്ൻ-റഷ്യ യുദ്ധവും ഉയർന്ന പണപ്പെരുപ്പവും വിതരണശൃംഖലകളിലെ തടസവും മൂലം പല രാജ്യങ്ങളും മാന്ദ്യത്തിന്റെ പടിവാതിൽക്കലെന്ന് റിപ്പോർട്ട്. സാമ്പത്തിക മാന്ദ്യം ആഗോള സമ്പദ്‍വ്യവസ്ഥയിൽ ആശങ്ക വിതക്കുമ്പോൾ ഇതുസംബന്ധിച്ച സർവേ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുകയാണ് ബ്ലുംബെർഗ്. ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളുടെ സാമ്പത്തിക മാന്ദ്യ സാധ്യതകളാണ് ബ്ലുംബെർഗ് പരിശോധിക്കുന്നത്.
സാമ്പത്തികവിദഗ്ധരുടെ സർവേ പ്രകാരം ഇന്ത്യയിൽ സാമ്പത്തിക മാന്ദ്യത്തിനുള്ള സാധ്യതകൾ വിരളമാണ്. ഇന്ത്യയിൽ സാമ്പത്തികമാന്ദ്യമുണ്ടാവാനുള്ള സാധ്യത പൂജ്യം ശതമാനമാണെന്ന് ഏജൻസി സർവേ വ്യക്തമാക്കുന്നു. ഡോളറുമായുള്ള രൂപയുടെ വിനിമയ മൂല്യം റെക്കോർഡ് തകർച്ചയെ അഭിമുഖീകരിക്കുമ്പോഴാണ് റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. രൂപയുടെ മൂല്യം ഇടിയുന്നുണ്ടെങ്കിലും റിപ്പോ നിരക്ക് വിവിധ ഘട്ടങ്ങളിൽ ഉയർത്തി സമ്പദ്‍വ്യവസ്ഥ പിടിച്ചുനിർത്താൻ ആർ.ബി.ഐക്ക് കഴിയുമെന്നാണ് വിലയിരുത്തൽ.
അതേസമയം, യു.എസിന്റെ സ്ഥിതി അത്ര മെച്ചമല്ലെന്നാണ് റിപ്പോർട്ട്. യു.എസിൽ മാന്ദ്യമുണ്ടാകാൻ 40 ശതമാനം സാധ്യതയുണ്ടെന്നാണ് വാർത്തകൾ. യു.എസിലെ പണപ്പെരുപ്പനിരക്ക് 8.6 ശതമാനത്തിലേക്ക് ഉയർന്നതോടെയാണ് മാന്ദ്യം സംബന്ധിച്ച ആശങ്ക സമ്പദ്‍വ്യവസ്ഥയിൽ പടർന്നത്. 40 വർഷത്തിനിടയിലെ ഉയർന്ന നിരക്കിലാണ് യു.എസിൽ പണപ്പെരുപ്പം.
പക്ഷേ യു.എസിലുണ്ടാവുന്ന സാമ്പത്തിക മാന്ദ്യം ഇന്ത്യൻ ഐ.ടി കമ്പനികളെ ബാധിക്കും. ടി.സി.എസ്, എച്ച്.സി.എൽ, ഇൻഫോസിസ് തുടങ്ങിയ കമ്പനികളുടെ 40 ശതമാനം വരുമാനവും യു.എസ് മാർക്കറ്റിൽ നിന്നാണ്. യു.എസ് മാന്ദ്യത്തിലേക്ക് വീണാൽ ഈ കമ്പനികളുടെ വരുമാനത്തിൽ ഇടിവുണ്ടാവുമെന്ന് റിപ്പോർട്ടുകളുണ്ട്. അത് ഐ.ടി മേഖലയെ പ്രതികൂലമായി ബാധിക്കും.