പിതൃമോക്ഷത്തിനായി ആയിരങ്ങൾ ബലിയിടാനായി എത്തുന്ന തിരുനെല്ലി ക്ഷേത്രത്തിൽ ഇക്കുറി വിപുലമായ സൗകര്യങ്ങൾ ഒരുക്കിയതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു

0

കണ്ണൂർ: പിതൃമോക്ഷത്തിനായി ആയിരങ്ങൾ ബലിയിടാനായി എത്തുന്ന തിരുനെല്ലി ക്ഷേത്രത്തിൽ ഇക്കുറി വിപുലമായ സൗകര്യങ്ങൾ ഒരുക്കിയതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. ബലികർമ്മം 28ന് പുലർച്ചെ മൂന്ന്മണി മുതൽ ആരംഭിക്കും. ഭക്തജനങ്ങളുടെ സൗകര്യാർത്ഥം ബലിസാധന വിതരണത്തിന് പാപനാശിനിയിൽ പ്രത്യേക കൗണ്ടറും, ബലി കർമ്മം ചെയ്യിക്കുന്നതിന് കൂടുതൽ കർമ്മികളെയും ഏർപ്പെടുത്തിയിട്ടുണ്ട്.

ഗതാഗതകുരുക്ക് ഒഴിവാക്കാനായി വിപുലമായ ട്രാഫിക് സംവിധാനങ്ങളാണ് സബ് കലക്ടറുടെ അധ്യക്ഷതയിൽ വിവിധ വകുപ്പ് മേധാവികളും,തിരുനെല്ലി ക്ഷേത്രം ട്രസ്റ്റി,എക്‌സിക്യൂട്ടീവ് ഓഫീസർ എന്നിവർ ചേർന്ന യോഗത്തിൽ തീരുമാനിച്ചത്. ഈ വർഷം വാഹനങ്ങളും,ടാക്‌സി വാഹനങ്ങളും കാട്ടിക്കുളത്ത് പാർക്ക് ചെയ്ത്, കാട്ടിക്കുളം മുതൽ തിരുനെല്ലി ക്ഷേത്രം വരെ കെ.എസ്.ആർ.ടി.സി. ബസ്സ് ചെയിൻ സർവ്വീസ് നടത്തും.

ക്ഷേത്രത്തിൽ എത്തുന്ന ഭക്തജനങ്ങൾക്ക് അത്താഴവും, പ്രഭാത ഭക്ഷണവും ഈ ദിവസങ്ങളിൽ ദേവസ്വം സൗജന്യമായി നൽകുന്നതാണ്. ബലി കർമ്മം പുലർച്ചെ മൂന്ന് മണിമുതൽ മുതൽ ഉച്ചയ്ക്ക് രണ്ടുമണിവരെ ഉണ്ടായിരിക്കു. കേരളത്തിൽ നിന്നു മാത്രമല്ല. രാജ്യത്തിന്റെ നാനാഭാഗത്ത് നിന്നും ഏറ്റവും കൂടുതൽ വിശ്വാസികൾ ദിനംപ്രതി ബലികർമ്മം നടത്തുവാൻ എത്തുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം. കർക്കിടകവാവിന് പതിനായിരക്കണക്കിന് ആളുകൾ ബലികർമ്മം നടത്തുവാൻ ക്ഷേത്രത്തിൽ എത്തിച്ചേരാറുണ്ട്.

അതുകൊണ്ടു തന്നെ ഇക്കുറി സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനായി ഇക്കുറി വിപുലമായ സൗകര്യങ്ങളാണ് ഏർപെടുത്തിയിട്ടുള്ളതെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.യോഗത്തിൽ എക്‌സിക്യൂട്ടീവ് ഓഫീസർ കെ.സി. സദാനന്ദൻ , ക്ഷേത്രം മാനേജർ പി.കെ. പ്രേമചന്ദ്രൻ , ജീവനക്കാരുടെ പ്രതിനിധി ടി . സന്തോഷ് കുമാർ , ചുറ്റമ്പലം നിർമ്മാണ കമ്മിറ്റി പ്രസിഡണ്ട് പി.കെ. വാസുദേവൻ ഉണ്ണി , എം . പത്മനാഭൻ എന്നിവർ പങ്കെടുത്തു.

Leave a Reply