താൻ പൂർണാരോഗ്യവാനെന്ന് പറഞ്ഞ് ചാടിക്കാണിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. കഴിഞ്ഞ ദിവസം അദ്ദേഹം സൈക്കിൾ സവാരിക്കിടെ മറിഞ്ഞ് വീണത് വാർത്തയായിരുന്നു. ഇതിന് പിന്നാലെയാണ് തന്റെ ആരോഗ്യം തെളിയിക്കാൻ മാധ്യമപ്രവർത്തകർക്ക് മുന്നിൽ ചാടിക്കാണിച്ചത്.
79 കാരനായ ബൈഡൻ കഴിഞ്ഞ ദിവസമാണ് സൈക്കിളിൽ നിന്നും അടിതെറ്റിവീണത്. കാത്തു നിന്നിരുന്ന ആരാധകർക്ക് നേരെ കൈവീശി കാണിക്കുന്നതിനിടെയാണ് ബൈഡൻ വീണത്. വാരാന്ത്യങ്ങളിൽ ഡെലാവെയറിലെ റെഹോബോത്ത് കടൽതീരത്ത് പതിവ് സൈക്കിൾ സവാരിക്കിറങ്ങിയതായിരുന്നു അമേരിക്കൻ പ്രസിഡന്റ്. ഈ സമയത്ത് ചുറ്റും നിന്നിരുന്ന അണികളും നാട്ടുകാരും ആർത്ത് വിളിക്കുകയായിരുന്നു. ഇവരെ അഭിവാദ്യം ചെയ്യുന്നതിനിടെ നില തെറ്റി മറിഞ്ഞ് വീണത്. ആളുകൾ ഓടിയെത്തി അദ്ദേഹത്തിന്റെ അടുത്തെത്തിയെങ്കിലും അപ്പോഴേക്കും എഴുന്നേറ്റിരുന്നു.
പിന്നീട്, എഴുന്നേറ്റ അദ്ദേഹം വീണ്ടും പുഞ്ചിരിച്ച് അഭിവാദ്യം ചെയ്യുകയും ഷൂ പെഡലിൽ ഉടക്കിയതാണ് വീഴാൻ കാരണമെന്നും പരിഭ്രമിക്കാൻ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പുറമെ, ചുറ്റും കൂടി നിന്നവരോട് കുശലം പറഞ്ഞതിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്. സംഭവം പെട്ടന്ന് തന്നെ വാർത്തയാകുകയും വീഡിയോ വൈകാതെ തന്നെ വൈറലാകുകയും ചെയ്തിരുന്നു. മെഡിക്കൽ പരിശോധനകൾ ഒന്നും തന്നെ ആവശ്യമില്ല എന്ന് വൈറ്റ് ഹൗസ് പിന്നീട് സ്ഥിരീകരിച്ചു.