കത്തോലിക്കാ സഭയിൽ നടന്ന ലൈംഗിക പീഡനത്തിന്റെ ഞെട്ടിക്കുന്ന മറ്റൊരു റിപ്പോർട്ട് കൂടി; ഇരകളായത് പതിനായിരങ്ങൾ; ഇതുവരെ പരാതി നൽകിയത് 610 പേർ

0

മ്യൂണിക്ക്: ജർമ്മനിയിലെ കത്തോലിക്കാ സഭയിൽ പുരോഹിതന്മാർ നടത്തിയ ലൈം​ഗിക പീഡനത്തിന്റെ ഞെട്ടിക്കുന്ന മറ്റൊരു റിപ്പോർട്ട് കൂടി പുറത്ത്. മ്യുൻസ്റ്റർ സർവകലാശാല പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ടിലാണ് പുരോഹിതന്മാർ കുറഞ്ഞത് അറുന്നിലേറെ യുവതിയുവാക്കളെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്നത്. ഇതുവരെ പരാതി നൽകിയത് 610 പേരാണെന്നും യഥാ‌ർത്ഥ ഇരകളുടെ എണ്ണം ഇതിന്റെ പത്തിരട്ടിയിലേറെയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.ജർമനിയിലെ കത്തോലിക്ക രൂപതയായ മ്യുൻസ്റ്ററിലെ പുരോഹിതന്മാർക്കെതിരായാണ് ആരോപണം ഉയർന്നിരിക്കുന്നത്.

2018ലും സമാനമായ ഒരു പഠനം സർവകലാശാല നടത്തിയിരുന്നതായും എന്നാൽ അന്ന് നടത്തിയ പഠനത്തെക്കാളും ഇരകളുടെ എണ്ണം മൂന്നിലൊന്നായി വർദ്ധിച്ചതായും തിങ്കളാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു. പഠനത്തിൽ പങ്കെടുത്ത ചരിത്രകാരി നതാലി പൗറോസ്നിക് അഭിപ്രായത്തിൽ ഏകദേശം 5,000 മുതൽ 6,000 വരെ പെൺകുട്ടികളും ആൺകുട്ടികളും പുരോഹിതന്മാരുടെ ലൈംഗിക വൈകൃതങ്ങൾക്ക് ഇരയായിട്ടുണ്ട്. സർവകലാശാലയുടെ റിപ്പോർട്ട് അനുസരിച്ച് സഭയുടെ അധികാരസ്ഥാനങ്ങളിലുള്ള 196 വ്യക്തികൾ ഇതുവരെയായും 5700 ലൈംഗികാതിക്രമങ്ങൾ നടത്തിയിട്ടുണ്ട്. ഇതിൽ 183 പേരും വൈദികന്മാരാണ്.

ഇതിൽ തന്നെ അഞ്ച് ശതമാനം വൈദികന്മാരും തുടർച്ചയായി ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവരാണെന്നും കുറഞ്ഞത് പത്തോളം യുവതീയുവാക്കളെങ്കിലും ഇവരിൽ ഓരോരുത്തരുടെയും പീഡനങ്ങൾക്ക് ഇരയായിട്ടുണ്ടെന്നും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇതിൽ പത്ത് ശതമാനത്തിൽ താഴെയുള്ളവർ മാത്രമാണ് നിയമനടപടികൾക്ക് വിധേയരായിട്ടുള്ളതെന്ന ഞെട്ടിക്കുന്ന വിവരവും പഠന റിപ്പോർട്ടിലുണ്ട്.

പീഡനങ്ങൾ തോത് ഏറ്റവും ഉയർന്നിരുന്നത് 1960-70 കാലഘട്ടത്തിലായിരുന്നെന്നും ആ അവസരത്തിൽ മ്യുൻസ്റ്റർ രൂപതയിൽ ആഴ്ചയിൽ ശരാശരി രണ്ട് പീഡനകേസുകൾ വീതം ഉടലെടുത്തിരുന്നെന്നും റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു. പുരോഹിതന്മാരുടെ പീഡനങ്ങൾക്ക് ഇരയായവരിൽ നാലിൽ മൂന്നും ആൺകുട്ടികളായിരുന്നെന്നും ഇവരിൽ ഭൂരിഭാഗവും പത്തിനും പതിനാലിനും ഇടയിൽ പ്രായമുള്ളവരായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. അൾത്താര ബാലന്മാരാണ് ഇത്തരത്തിൽ പീഡനത്തിന് ഇരയായവരിൽ ബഹുഭൂരിപക്ഷവും. ഇതിൽ 27 ശതമാനത്തോളം കുട്ടികൾ ആത്മഹത്യക്ക് ശ്രമിക്കുകയോ പ്രായപൂർത്തിയായ ശേഷവും വിഷാദ രോഗം മുതലായ കടുത്ത മാനസിക സംഘർഷങ്ങൾ അനുഭവിക്കേണ്ടി വരികയോ ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

കത്തോലിക്കാ സഭയിലെ പുരോഹിതർ ലോകമെമ്പാടും നടത്തിയ ലൈം​ഗിക അതിക്രമങ്ങളുടെ കഥകൾ പുറത്തു വരുന്നതിനിടെയാണ് ജർമ്മനിയിലെ ക്രൈസ്തവ സഭയിലെ പീഡന വിവരങ്ങളും പുറത്തുവരുന്നത്. നിരവധി ലൈം​ഗിക പീഡന കേസുകളിൽ ക്രൈസ്തവ പുരോഹിതർ പ്രതികളായിട്ടുണ്ടെങ്കിലും ലോകം ഏറെ ചർച്ച ചെയ്തത് ഫ്രാൻസിലെ കത്തോലിക്കാ പുരോഹിതർ നടത്തിയ ലൈം​ഗികാതിക്രമങ്ങളായിരുന്നു.

ഫ്രാൻസിലെ കത്തോലിക്കാ സഭയിൽ പുരോഹിതന്മാർ നടത്തിയ ലൈം​ഗിക ചൂഷണങ്ങളുടെ റിപ്പോർട്ടുകൾ പുറത്തു വന്നതിന് പിന്നാലെ കന്യാസ്ത്രീകളും ആൺകുട്ടികളെ ലൈം​ഗിക ചൂഷണത്തിന് വിധേയമാക്കിയിരുന്നു എന്ന് റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. ‌ഫ്രാൻസിസ് മാർപാപ്പ ഇരകളോട് അവരുടെ ‘മുറിവുകൾക്ക് വലിയ ദുഖം’ രേഖപ്പെടുത്തി രം​ഗത്ത് വന്നതിന് പിന്നാലെയാണ് കന്യാസ്ത്രീകളുടെ ലൈം​ഗിക ആക്രമണത്തെ കുറിച്ച് ബ്രിട്ടീഷ് പത്രമായ ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്തത്.

1950 മുതൽ ഫ്രാൻസിൽ 3,30,000 കുട്ടികൾ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന കണക്കുകളാണ് പുറത്തു വന്നത്. പതിറ്റാണ്ടുകളായി ‘നിശബ്ദതയുടെ മൂടുപടം’ കൊണ്ട് ആക്രമണങ്ങൾ മൂടിവെക്കപ്പെടുകയായിരുന്നെന്നും രണ്ടര വർഷത്തെ അന്വേഷണത്തിന് ശേഷം ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. വിചിത്രമായ പ്രതിഭാസത്തെക്കുറിച്ചുള്ള ഫ്രാൻസിന്റെ ആദ്യത്തെ പ്രധാന കണക്കെടുപ്പിൽ, ഒരു സ്വതന്ത്ര കമ്മീഷന്റെ രണ്ട് വർഷത്തിലധികം നീണ്ട അന്വേഷണങ്ങൾക്ക് ഒടുവിലാണ് 2,500 പേജുള്ള പുറത്തുവിട്ടത്.

കന്യാസ്ത്രീകൾ പെൺകുട്ടികളെ ബലാത്സംഗം ചെയ്യാൻ ക്രൂശിതരൂപങ്ങൾ ഉപയോഗിച്ചുവെന്നാണ് റിപ്പോർട്ട് വെളിപ്പെടുത്തുന്നത്. താൻ 11 വയസ്സുള്ളപ്പോൾ ഒരു കന്യാസ്ത്രീയാൽ പീഡിപ്പിക്കപ്പെട്ടുവെന്ന് മേരി എന്ന് പേരുള്ള ഒരു യുവതി വെളിപ്പെടുത്തുന്നു. പീഡനത്തെക്കുറിച്ച് മാതാപിതാക്കളോട് പരാതിപ്പെട്ടപ്പോൾ ഒരു കന്യാസ്ത്രീക്ക് അങ്ങനെ ചെയ്യാൻ കഴിയുമെന്ന് വിശ്വസിക്കാൻ അവർ വിസമ്മതിച്ചുവെന്നും ഇര പറഞ്ഞു. ഒരു വർഷത്തിലധികം താൻ കന്യാസ്ത്രീയുടെ ലൈം​ഗിക അഭിനിവേശങ്ങളെ അടക്കാനായി ഉപയോ​ഗിക്കപ്പെട്ടെന്നാണ് യുവതി പറയുന്നത്. ‘ഈ കന്യാസ്ത്രീക്ക് ഞാൻ ശരിക്കും ഒരു സമ്മാനം ആയിരുന്നു … കാരണം എന്നെക്കൊണ്ട് അവർക്ക് ഒരു അപകടവുമില്ലെന്ന് അവർക്ക് നന്നായി അറിയാമായിരുന്നു,’ മേരി പറഞ്ഞു.

ഇരകളിൽ എൺപത് ശതമാനവും 10 നും 13 നും ഇടയിൽ പ്രായമുള്ള ആൺകുട്ടികളാണ് എന്നാണ് റിപ്പോർട്ട്. പുരോഹിതന്മാർക്കൊപ്പം കന്യാസ്ത്രീകളും കുട്ടികളെ ലൈം​ഗികമായി ദുരുപയോ​ഗം ചെയ്തു. കന്യാസ്ത്രീകൾ കൊച്ചു പെൺകുട്ടികളെ ബലാത്സംഗം ചെയ്യാനോ അവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിതരാക്കാനും ക്രൂശിതരൂപങ്ങൾ ഉപയോഗിച്ചതായി റിപ്പോർട്ട് പറയുന്നു.

1950 മുതൽ 2020 വരെയുള്ള കാലയളവിൽ ഫ്രാൻസിലെ കത്തോലിക്കാ സഭയിൽ 3,30,000 കുട്ടികൾ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പുരോഹിതന്മാരും സഭയിലെ മറ്റ് ഉന്നതരും മാത്രം 2,16,000 ആളുകളെ ദുരുപയോഗം ചെയ്തു. 1993 -ൽ 13 -ാം വയസ്സിൽ ഒരു പുരോഹിതൻ ലൈംഗികമായി പീഡിപ്പിച്ച ഒലിവിയർ സവിഗ്നാക്കിന്റെ പ്രതികരണവും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

‘ഈ പുരോഹിതനെ ഞാൻ നല്ലവനെന്നാണ് കരുതിയിരുന്നത്. എന്നെ ഉപദ്രവിക്കാത്ത ഒരു കരുതലുള്ള വ്യക്തിയാണ്,’ സവിഗ്നാക് പറഞ്ഞു. ‘പക്ഷേ, ആ കിടക്കയിൽ ഞാൻ അർദ്ധനഗ്നനായിരിക്കുകയും അയാൾ എന്നെ സ്പർശിക്കുകയും ചെയ്തപ്പോഴാണ് എന്തോ കുഴപ്പമുണ്ടെന്ന് എനിക്ക് മനസ്സിലായത്.’ വർഷങ്ങളോളം നീണ്ടുനിന്ന ആ ദുരുപയോഗം തന്റെ ജീവിതം തകരാറിലാക്കിയെന്ന് അദ്ദേഹം പറയുന്നു.

ശാസ്ത്രീയ ഗവേഷണത്തെ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ടിൽ പുരോഹിതന്മാരും സഭയിലെ ഉന്നതരും സഭയിൽ ഉൾപ്പെട്ടിട്ടുള്ള മതേതരരും നടത്തുന്ന ദുരുപയോഗം ഉൾപ്പെടുന്നെന്ന് കമ്മീഷൻ പ്രസിഡന്റ് ജീൻ-മാർക്ക് സാവേ പറഞ്ഞു. കത്തോലിക്കാ സ്കൂളുകളിലും മറ്റ് സ്ഥാപനങ്ങളിലും ഉണ്ടായിരുന്ന ലക്ഷക്കണക്കിന് ചെറുപ്പക്കാരായ ആൺകുട്ടികളിൽ മൂന്നിൽ രണ്ട് ഭാഗം ലൈം​ഗിക ചൂഷണത്തിന് ഇരകളായതായി റിപ്പോർട്ട് പറയുന്നു. ഇരകളിൽ 86 ശതമാനവും ആണ് കുട്ടികളാണ് – അവരിൽ പലരും പതിറ്റാണ്ടുകളായി അനുഭവിക്കുന്ന പീഡനം വെളിപ്പെടുത്തിയിട്ടില്ല.

22 അഭിഭാഷകർ, ഡോക്ടർമാർ, ചരിത്രകാരന്മാർ, സാമൂഹ്യശാസ്ത്രജ്ഞർ, ദൈവശാസ്ത്രജ്ഞർ എന്നിവരടങ്ങിയതായിരുന്നു സ്വതന്ത്ര അന്വേഷണ കമ്മീഷൻ. രണ്ടര വർഷം കൊണ്ടാണ് കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കി സമർപ്പിച്ചത്. ഇരകളെയും സാക്ഷികളെയും നേരിൽ കണ്ടും, 1950 മുതൽ പള്ളി, കോടതി, പോലീസ്, മാധ്യമ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലുള്ള രേഖകളും മറ്റും പരിശോധിച്ചുമാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

അന്വേഷണത്തിന്റെ തുടക്കത്തിൽ ആരംഭിച്ച ഒരു ഹോട്ട്‌ലൈൻ നമ്പരിലേക്ക് 6,500 കോളുകൾ ലഭിച്ചു. ഇരകളും ഇരകളായവരെ നേരിട്ട് അറിയാവുന്ന ആളുകളുമായിരുന്നു ഇത്തരത്തിൽ കമ്മീഷനെ ബന്ധപ്പെട്ടത്. ‘അനന്തരഫലങ്ങൾ വളരെ ഗൗരവമുള്ളതാണ്. ലൈംഗികമായി പീഡിപ്പിക്കപ്പെടുന്ന പുരുഷന്മാരും സ്ത്രീകളും ഏകദേശം 60 ശതമാനം അവരുടെ ലൈംഗിക ജീവിതത്തിൽ വലിയ പ്രശ്നങ്ങൾ നേരിടുന്നു. ‘- സൗവേ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here