നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യും

0

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യും. രാവിലെ പതിനൊന്ന് മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ പത്ത് മണിക്കൂറിലധികം സമയം ഇഡി രാഹുലിനെ ചോദ്യം ചെയ്തിരുന്നു. രാവിലെ 11 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി ഒന്‍പതര വരെ തുടര്‍ന്നു. ശേഷം, നല്‍കിയ മൊഴി വായിച്ചു കേട്ട് അതില്‍ തിരുത്തലുകള്‍ വരുത്തിയ ശേഷമാണ് രാഹുല്‍ പുറത്തേക്ക് പോയത്.

ഇന്നും പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനമായിട്ടാകും രാഹുല്‍ ഇഡി ഓഫീസില്‍ എത്തുക. സഹോദരി പ്രിയങ്ക ഗാന്ധി രാഹുലിന്റെ വസതിയില്‍ എത്തിയിട്ടുണ്ട്. പ്രിയങ്ക രാഹുലിനെ അനുഗമിക്കും. ഇന്നലെ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനമായിട്ടാണ് രാഹുല്‍ ഇഡി ഓഫീസിലേക്ക് എത്തിയത്. പ്രകടനം ഡല്‍ഹി പൊലീസ് തടയുകയും നേതാക്കളെ ഉള്‍പ്പെടെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തതത്തോടെ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. നേതാക്കളെ പൊലീസ് മര്‍ദ്ദിച്ചതായും മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരം ലോക്സഭയിലെ കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, കെസി വേണുഗോപാല്‍ ഉള്‍പ്പെടെ നാല് മുതിര്‍ന്ന നേതാക്കള്‍ക്ക് പരുക്കേറ്റതായും കോണ്‍ഗ്രസ് ആരോപിച്ചു.

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിക്ക് ജൂണ്‍ രണ്ടിനാണ് ഹാജരാവാന്‍ ആവശ്യപ്പെട്ട് ഇ.ഡി നോട്ടീസ് അയച്ചത്. രാഹുല്‍ വിദേശത്തായതിനാല്‍ ജൂണ്‍ 13ലേക്ക് സമയം നീട്ടി നല്‍കുകയായിരുന്നു. ഈ മാസം 23 ന് സോണിയ ഗാന്ധിയുടെ മൊഴിയെടുക്കാനും ഇഡി തീരുമാനിച്ചിട്ടുണ്ട്.പാര്‍ട്ടി മുഖപത്രമായിരുന്ന നാഷനല്‍ ഹെറാള്‍ഡിന് 90 കോടി രൂപ കോണ്‍ഗ്രസ് വായ്പയായി അനുവദിച്ചിരുന്നു. എന്നാല്‍, 2000 കോടി ആസ്തിയുള്ള ഹെറാള്‍ഡിന്റെ സ്വത്തുക്കള്‍ 50 ലക്ഷത്തിന് സോണിയക്കും രാഹുലിനും ഓഹരിയുള്ള യങ് ഇന്ത്യ കമ്പനിയിലേക്ക് മാറ്റിയതില്‍ കള്ളപ്പണ ഇടപാട് നടന്നുവെന്നാണ് ആരോപണം. 2015 ല്‍ കേസ് ഇ.ഡി അവസാനിപ്പിച്ചിരുന്നു. പിന്നീട് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതിയില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി തുടരന്വേഷണത്തിലേക്ക് കേന്ദ്രസര്‍ക്കാര്‍ നീങ്ങുകയായിരുന്നു. നാഷണല്‍ ഹെറാള്‍ഡുമായി ബന്ധപ്പെട്ട കേസില്‍ ഇത് രണ്ടാംതവണയാണ് രാഹുലിനെ ഇ.ഡി. ചോദ്യം ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here