തോമസോ മക്കളോ മത്സരിക്കാത്തത് അധികാര മോഹികൾ എന്ന പേര് വരാതിരിക്കാൻ; പകരം പാർട്ടി തെരഞ്ഞെടുത്തത് പാർട്ടി പ്രവർത്തകനല്ലാത്ത ഡോക്ടറെ; സമുദായ പരിഗണന വന്നപ്പോൾ അരുൺകുമാർ പടിക്ക് പുറത്ത്; തൃക്കാക്കരയിൽ എഴുതിയ ചുമരുകൾ മായ്ച്ച് പുതിയ പേര് എഴുതുമ്പോൾ

0

തൃക്കാക്കര: സസ്പെൻസുകൾക്ക് വിരാമമിട്ടുകൊണ്ടാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർഥിയുടെ പേര് പുറത്ത് വന്നത്. എന്നാൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിനു പിന്നാലെ പാർട്ടി പ്രവർത്തകർക്കിടയിൽ നിരാശയുടെ നിഴലാണ് വീണത്. അഡ്വ. കെ. എസ്. അരുൺകുമാർ തൃക്കാക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയാകുമെന്നായിരുന്നു എല്ലാവരും കരുതിയത്. അതിനനുസരിച്ച് മണ്ഡലത്തിൽ ചുവരെഴുത്തുകൾ പോലും ആരംഭിച്ചിരുന്നു. എന്നാൽ എഴുതിയ ചുമരുകൾ മായ്ച്ച് പുതിയ പേര് എഴുതേണ്ട അവസ്ഥയിലാണ് പാർട്ടി പ്രവർത്തകർ. സിപിഎമ്മിനെ സംബന്ധിച്ചെടുത്തോളം ആദ്യമായാണ് ഇത്തരമൊരു സാഹചര്യമുണ്ടാകുന്നത്. മുൻകാലങ്ങളിൽ എതിരാളികളേക്കാൾ വേഗത്തിൽ സ്ഥാനാർഥി പ്രഖ്യാപനം നടത്തി പ്രചാരണത്തിൽ മുൻകൈ നേടുന്ന രീതിയാണ് എൽഡിഎഫ് സ്വീകരിക്കാറുളളത്.

സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ അരുൺകുമാറിന്റൈ പേരിനാണ് മുൻതൂക്കം ലഭിച്ചത്. സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ് അഭിഭാഷകനായ അരുൺകുമാർ. ഡിവൈഎഫ്ഐ മുൻ ജില്ലാ സെക്രട്ടറി, മുൻ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. നിലവിൽ ശിശുക്ഷേമ സമിതി ജില്ലാ ഉപാധ്യക്ഷൻ, സിഐടിയു ജില്ലാ കമ്മിറ്റി അംഗം തുടങ്ങിയ പദവികളിൽ പ്രവർത്തിക്കുന്നുണ്ട്. പാർട്ടി പ്രവർത്തകർക്കും യുവനേതാവിനോട് തന്നെയായിരുന്നു താത്പര്യം. സമൂഹമാദ്ധ്യമങ്ങളിൽ അടക്കം അരുൺകുമാറിന് വേണ്ടി വോട്ട് അഭ്യർഥനയും തുടങ്ങിയിരുന്നു. എന്നാൽ സാമുദായിക സമവാക്യങ്ങൾ പരിഗണിച്ചപ്പോൾ അരുൺകുമാർ അനഭിമതനാവുകയായിരുന്നു. അത് സ്ഥാനാർഥി പ്രഖ്യാപനം വൈകാനിടയാക്കി.

കെ റെയിൽ വിഷയത്തിലുൾപ്പെടെ സർക്കാരിന് വേണ്ടി ശക്തമായി വാദിച്ച് പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്ന നേതാവാണ് കെ. എസ്. അരുൺകുമാർ. ഇത് കൂടി പരിഗണിച്ചാണ് അരുൺകുമാറിനെ മത്സരിപ്പിക്കാൻ ആദ്യം എൽഡിഎഫിൽ ധാരണയായത്. എന്നാൽ കാത്തോലിക് വിഭാഗം പ്രബല ശക്തിയായ മണ്ഡലത്തിൽ അരുൺകുമാറിന് സാധ്യതയില്ലെന്ന് ഒരു വിഭാഗം വാദിച്ചു.

ഇതോടെയാണ് അരുൺകുമാറിന്റെ പേര് പരിഗണിക്കാതെ മറ്റൊരു സ്ഥാർഥിക്ക് വേണ്ടി പ്രഖ്യാപനം നീട്ടിയത്. അതിനിടയ്‌ക്ക് പാർട്ടി പ്രവർത്തകർ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ചുവരെഴുത്തും തുടങ്ങി. അരുൺകുമാർ തന്നെ സ്ഥാനാർഥിയാകുമെന്നായിരുന്നു അവർ കരുതിയത്. ഒടുവിൽ ചുവരെഴുത്ത് നിർത്തിവയ്‌ക്കാൻ പാർട്ടി മേൽഘടകങ്ങളിൽ നിന്ന് തന്നെ നിർദേശം വന്നു. ഡോ. ജോ ജോസഫ് കാത്തോലിക സഭയുമായി അടുപ്പമുളള ആളാണ്. അതാണ് പാർട്ടിയുമായി ബന്ധമില്ലാതിരുന്നിട്ടും സ്ഥാനാർഥിയാക്കാൻ സിപിഎമ്മിനെ പ്രേരിപ്പിച്ചത്. കാത്തോലിക സഭയുടെ പിന്തുണയോട് കൂടി ബാലികേറാമലയായ തൃക്കാക്കര മണ്ഡലം പിടിച്ചടക്കാനാകുമെന്ന കണക്ക്കൂട്ടലിലാണ് സിപിഎം നേതൃത്വം.

സഭയുടെ വോട്ടുകളെ അനുകൂലമാക്കാനുള്ള സപ്രൈസ് സ്ഥാനാർത്ഥിക്ക് വേണ്ടിയായിരുന്നു ശ്രമം. കെവി തോമസ് അടക്കമുള്ളവരുടെ പേരുകൾ സ്ഥാനാർത്ഥിയായി പരിഗണിച്ചു. ഒപ്പം മകനേയും മകളുടേയും. എന്നാൽ അധികാര മോഹികൾ എന്ന പേരുദോഷം ഒഴിവാക്കാൻ അവർ മാറി നിന്നു. വിദ്യാസമ്പന്നനായ യുവാവിനെ സ്ഥാനാർത്ഥിയാക്കി. പക്ഷേ സിപിഎം ആഗ്രഹിച്ചത് നടന്നില്ലെന്നതാണ് വസ്തുത.
കോൺഗ്രസിനെ ഞെട്ടിക്കുന്ന സ്ഥാനാർത്ഥി പ്രഖ്യാപനമാണ് ആഗ്രഹിച്ചത്. കോൺഗ്രസ് കാമ്പിൽ നിന്നൊരു നേതാവിനെ എത്തിക്കാനും ശ്രമിച്ചു. തൃക്കാക്കര ഉറച്ച കോൺഗ്രസ് മണ്ഡലമാണ്. അതുകൊണ്ട് തന്നെ കോൺഗ്രസിനുള്ളിൽ വിള്ളലുണ്ടാക്കുകയായിരുന്നു ലക്ഷ്യം. അതു നടന്നില്ല. പിടി തോമസിന്റെ ഭാര്യ ഉമാ തോമസിന്റെ സ്ഥാനാർത്ഥിത്വത്തോട് എതിർപ്പുള്ള ചിലരെ സ്ഥാനാർത്ഥിയാക്കാൻ സിപിഎം ആഗ്രഹിച്ചു. തുടക്കത്തിൽ പാതി സമ്മതം മൂളിയെങ്കിലും അവസാനം അവർ പിന്മാറി. പിടി വികാരം തിരിച്ചറിഞ്ഞായിരുന്നു ഇത്. വ്യത്യസ്തമായ ശൈലിയിലൂടെ സിപിഎമ്മിനെതിരെ പോരാട്ടം നയിച്ച് ജനഹൃദയങ്ങളിൽ എത്തിയ നേതാവാണ് പിടി. പിടിക്ക് പകരം ഭാര്യ തൃക്കാക്കരയിൽ മത്സരിക്കുമ്പോൾ പരസ്യമായി എതിർക്കുന്നത് ശരിയാകില്ലെന്ന് പല നേതാക്കളും തിരിച്ചറിഞ്ഞു.

തൃക്കാക്കരയിൽ കോൺഗ്രസ് വിമതനായി എത്തി ജയിച്ചാൽ എല്ലാം ശുഭകരം. തോറ്റാൽ സിപിഎമ്മും കൈവിടും. കോൺഗ്രസിലും പിന്നെ സ്ഥാനമുണ്ടാകില്ല. ഇത് മനസ്സിലാക്കിയാണ് ചില മുതിർന്ന നേതാക്കൾ പോലും കോൺഗ്രസ് വിമതരായി മത്സരിക്കാൻ എത്താത്തത്. ഇതോടെയാണ് മറ്റു പേരുകളിലേക്ക് ചർച്ച പോയത്. യുവാവായ ജനകീയ ഡോക്ടർ എന്ന മുഖമാണ് ജോ ജോസഫിന് തുണയാകുന്നത്. എം സ്വരാജിനെ മത്സരിക്കണമെന്ന് ചില കോണുകളിൽ നിന്ന് അഭിപ്രായം ഉയർന്നിരുന്നു. എന്നാൽ തൃപ്പുണ്ണിത്തുറയിലെ തെരഞ്ഞെടുപ്പ് കേസിൽ സിപിഎം അനുകൂല വിധി പ്രതീക്ഷിക്കുന്നു. ഇതിനൊപ്പം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മത്സരിച്ച് തോറ്റാൽ പാർട്ടിക്ക് വലിയ പ്രതിസന്ധിയുണ്ടാകുമെന്നും അവർ തിരിച്ചറിഞ്ഞു. അങ്ങനെയാണ് പാർട്ടിയുമായി പരോക്ഷ ബന്ധമുള്ള ഡോക്ടറിലേക്ക് ചർച്ച എത്തിയത്.
അമേരിക്കയിൽ ചികിൽസയിലാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും. ചികിൽസയ്ക്കിടെ ഇവർ രണ്ടു പേരും ചേർന്ന് ഡോക്ടറെ സ്ഥാനാർത്ഥിയായി കണ്ടെത്തിയെന്നതാണ് വസ്തുത. ക്രൈസ്തവ സഭയിലെ ചിലരുടെ മനസ്സ് കൂടി അറിഞ്ഞായിരുന്നു നീക്കം. പിടിക്കെതിരെ കഴിഞ്ഞ തവണ മത്സരിച്ച് തോറ്റ ഡോ ജെ ജോസഫിന്റെ അടക്കം നിർദ്ദേശങ്ങൾ നിർണ്ണായകമായി. സഭയുടെ വോട്ടാണ് സിപിഎം പ്രതീക്ഷ. കോൺഗ്രസിന്റെ പരമ്പരാഗത വോട്ടിൽ വിള്ളലുണ്ടാക്കുക. ഇതിനൊപ്പം ട്വന്റി ട്വന്റി ഉണ്ടാക്കാൻ പോകുന്ന ആപ്പ് തരംഗത്തിലൂടെ കോൺഗ്രസിനുണ്ടാകുന്ന വോട്ട് നഷ്ടം മുതൽകൂട്ടാക്കുക എന്നതാണ് ലക്ഷ്യം. കെവി തോമസിനെ പ്രചരണത്തിൽ നിറയ്ക്കാനും ശ്രമിക്കും.
കൊച്ചിയിൽ എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജനാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. എറണാകുളം ലിസി ആശുപത്രിയിലെ കാർഡിയോളജിസ്റ്റാണ് ഡോ. ജോ ജോസഫ്. എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമാണ് അദ്ദേഹമെന്നും കഴിഞ്ഞ പ്രളയകാലത്ത് ജനങ്ങളെ സേവിക്കാൻ ഇറങ്ങിപ്പുറപ്പെട്ട് ജനങ്ങളുടെയാകെ അംഗീകാരം നേടിയയാളാണെന്നും ഇ.പി. ജയരാജൻ പറഞ്ഞു. തൃക്കാക്കര മണ്ഡലത്തിലെ വാഴക്കാല സ്വദേശിയാണ്. കഴിഞ്ഞ തവണ പി.ടി തോമസിനെതിരെ എല്ലുരോഗ വിദഗ്ധനായ ജെ ജേക്കബിനെയാണ് സിപിഎം മത്സരിപ്പിച്ചത്. ഇക്കുറിയും മണ്ഡലം പിടിക്കാൻ പാർട്ടി കളത്തിലിറക്കുന്നതും ഒരു ഡോക്ടറെ തന്നെ എന്നതാണ് വസ്തുത. കേരളാ കോൺഗ്രസിന്റെ നിർദ്ദേശവും സ്ഥാനാർത്ഥി നിർണ്ണയത്തിൽ നിർണ്ണായകമായി.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ വിജയം സുനിശ്ചിതമെന്ന് ഡോക്ടർ ജോ ജോസഫ് പറയുന്നു. സ്ഥാനാർത്ഥിത്വം പ്രതീക്ഷിച്ചിരുന്നില്ല. വളരെ അപ്രതീക്ഷിതമായിരുന്നു. ഇന്ന് രാവിലേയാണ് ആലോചന നടക്കുന്നതായി അറിഞ്ഞത്. ആശുപത്രിയിൽ ജോലി ചെയ്യുമ്പോഴാണ് പ്രഖാപനം വന്നതെന്നും ജോ ജോസഫ് പറഞ്ഞു. മണ്ഡലത്തിൽ തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളത്. വളരെ വലിയ വിജയം കേരളത്തിൽ ഇടത്പക്ഷത്തിനുണ്ടായപ്പോൾ അതിന്റെ ഭാഗമാകാൻ കഴിയാത്തതിൽ തൃക്കാക്കരയിലെ ജനങ്ങൾക്ക് പശ്ചാത്തപമുണ്ട്. അത് ഇത്തവണ തിരുത്തുമെന്ന് ഡോക്ടർ പറയുന്നു.
തന്റെ രാഷ്ട്രീയ മേഖലയിലെ ബന്ധത്തെ കുറിച്ചും ജോ ജോസഫ് പ്രതികരിച്ചു. പാർട്ടി മെഡിക്കൽ വിഭാഗം, പ്രോഗ്രസീവ് ഡോക്ടേഴ്‌സ് ഫോറം എന്നിവയിലെ അംഗമാണ്. എറണാകുളത്തെ പാർട്ടി പരിപാടികളിൽ സജീവമായി പ്രവർത്തിച്ച പരിചയമുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ പ്രവർത്തനരംഗത്തുണ്ടായിരുന്നുവെന്നും ഡോക്ടർ ജോ ജോസഫ് പറഞ്ഞു.

Leave a Reply