അഞ്ചാം തീയതി ശമ്പളം നൽകുന്നത് അടുത്ത മാസം മുതലാകാമെന്ന് ​ഗതാ​ഗത മന്ത്രി; കഴിഞ്ഞ മാസത്തെ ശമ്പളം ഇന്ന് കിട്ടിയില്ലെങ്കിൽ പണിമുടക്കിൽ നിന്നും പിന്നോട്ടില്ലെന്ന് തൊഴിലാളി സംഘടനകളും

0

തിരുവനന്തപുരം: ഈ മാസവും കെഎസ്ആർടിസി ജീവനക്കാരുടെ ശബളം മുടങ്ങി. ഏപ്രിൽ മാസത്തെ ശമ്പളം മെയ് 10 ന് നൽകുമെന്നും അടുത്ത മാസംമുതൽ 5 ന് തന്നെ നൽകാമെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി 11 ന് എത്തിയശേഷം വിഷയങ്ങൾ പരിഹരിക്കാൻ കൂടുതൽ ഫണ്ട് അനുവദിക്കുന്നത് ഉൾപ്പെടെ തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു. എന്നാൽ ഏപ്രിൽ മാസത്തെ ശമ്പളം 5-ാം തീയതി നൽകാൻ തയ്യാറാകാത്തതിനെ തുടർന്ന് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ് ബിഎംഎസ്. ഇന്ന് അർദ്ധരാത്രി മുതൽ നാളെ അർദ്ധരാത്രി വരെയാണ് പണിമുടക്ക്.

അതേസമയം ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കഞ്ഞി കുമ്പിളിൽ തന്നെ എന്ന് പറയുന്ന പോലെയാണ് കെഎസ്ആർടിസി ജീവനക്കാരന്റെ ജീവിതവവും. വിഷു വന്നാലും ഈസ്റ്റർ വന്നാലും പെരുന്നാള് വന്നാലും കെഎസ്ആർടിസി തോളിലഴികൾക്ക് ശമ്പളമില്ലാതെ അവസ്ഥ. മാർച്ച് മാസത്തെ ശമ്പളം കിട്ടിയത് ഏപ്രിൽ 19 ന്. ഇനി ഏപ്രിൽ മാസത്തെ ശമ്പളം ഇനി എന്ന് കിട്ടുമെന്ന് യാതൊരു ഉറപ്പുമില്ല. കാൽ ലക്ഷത്തിലേറെ വരുന്ന കെ എസ് ആർട്ടിസി ജീവനക്കാരന്റെ ജീവിതം കഴിഞ്ഞ കുറച്ചു മാസങ്ങളായി ദുരിതത്തിലാണ്. ലോണുകളുടെ തിരിച്ചടവിന് മുടക്കം പതിവായി. ആഘോഷങ്ങൾ കട്ടപ്പുറത്തായി. കുടുംബ ചെലവുകൾ താങ്ങാൻ ആകുന്നില്ല. ദിനം പ്രതി വില കയറ്റം ഉണ്ടാകുന്നുണ്ട്. ആവശ്യത്തിനും അനാവശ്യത്തിനും അവശ്യോപയോഗ സാധനങ്ങളുടെ വില റോക്കറ്റ് പോലെ കുതിച്ചുയരുകയാണ്. വിഷുവും ഈസ്റ്ററും കഴിഞ്ഞാണ് പോയ മാസം ശമ്പളം കിട്ടിയതെങ്കിൽ ഈ മാസം ചെറിയ പെരുന്നാളും ശമ്പളം കിട്ടാതെ കടന്നുപോയി.

ഒരു മാസത്തെ ശമ്പള വിതരണത്തിന് കെ എസ് ആർടിസിക്ക് വേണ്ടത് ഏകദേശം 82 കോടിയോളം രൂപയാണ്.
ഏപ്രിൽ മാസം കെ എസ് ആർ ടി സിയുടെ വരുമാനം ഏതാണ്ട് 167 കോടിയാണ്. എന്നിട്ടും ശമ്പളം നൽകാനാകുന്നില്ല. ഇന്ധന വില വർദ്ധന കണക്ക് കൂട്ടലുകൾ തെറ്റിക്കുന്നുവെന്നാണ് ഔദ്യോഗിക വിശദീകരണം. ഗതാഗത മന്ത്രിയും അത് ആവർത്തിക്കുന്നു. പ്രതിദിന വരുമാനത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും ഇന്ധന ചെലവിനായി നീക്കി വക്കുന്നു. ദീർഘകാല വായ്പപയുടെ തിരിച്ചടവിനായി ഒരു കോടിയോളം പ്രതിദിനം മാറ്റി വക്കണം. ഇതെല്ലാം കിഴിച്ചാൽ മാസാവസാനം ശമ്പളം കൊടുക്കാൻ പണമില്ലെന്നാണ് കെ എസ് ആർ ടി സി വ്യക്തമാക്കുന്നത്.

പൊതു മേഖല സ്ഥാപനങ്ങളുടെ ശമ്പള ബാധ്യത അവർ തന്നെ വഹിക്കണമെന്നാണ് സർക്കാർ നിലപാട്. കെ എസ് ആർ ടി സി സേവന മേഖലയായതിനാൽ സർക്കാർ സഹായം നൽകും.
ബജറ്റിൽ ആയിരം കോടി വകയിരുത്തിയിട്ടുണ്ട്. ഇതിൽ 750 കോടിയോളം സഹകരണ ബാങ്കുകൾ വഴി വിതരണം ചെയ്യുന്ന പെൻഷനു വേണ്ടിയാണ്. അത് കിഴിച്ചാൽ ഇനി പ്രതിമാസം പരമാവധി 30 കോടിയിലധികം സഹായം നൽകാൻ ആകില്ലെന്നാണ് ധനവകുപ്പിന്റെ നിലപാട്‌.

സർക്കാർ സഹായമായി കിട്ടിയ 30 കോടിക്ക് പുറമേ 45 കോടി ബാങ്ക് ഓവർ ഡ്രാഫ്റ്റെടുത്താണ് കഴിഞ്ഞ മാസം കെ എസ് ആർ ടി സി യിൽ ശമ്പളം വിതരണം ചെയ്തത്. ഈ ബാധ്യത തീർക്കാതെ ഇനി ഈ മാസം ഓവർ ഡ്രാഫ്റ്റെടുക്കാനാകില്ല. ഈ മാസം അനുവദിച്ച 30 കോടി അക്കൗണ്ടിലെത്തിയാലും ശമ്പള വിതരണം നീളുമെന്നുറപ്പ്. ഇനി വിട്ടുവിഴ്ചക്കില്ലെന്നാണ് ജീവനക്കാരുടെ സംഘടനകൾ ഒന്നടങ്കം പറയുന്നത്. പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ മെയ് 6 മുതൽ പ്രഖ്യാപിച്ച പണിമുടക്ക് ഒഴിവാകണമെങ്കിൽ ഇനി അത്ഭുതങ്ങൾ സംഭവിക്കണം.
കെ-സ്വിഫ്റ്റ് കൈയടക്കിയത് കെ.എസ്.ആർ.ടി.സിയുടെ വരുമാനമുള്ള ഷെഡ്യൂളുകൾ

ഭരണം മാറി വരുമ്പോൾ കറവപ്പശു ആകുകയാണ് കെ.എസ്.ആർ.ടി.സി എന്ന പ്രസ്ഥാനം ഇതിനോടകം തന്നെ സർക്കാറിന് ഈ കോർപ്പറേഷൻ വരുത്തിവെച്ച ബാധ്യതകളുടെ ഒരുപാടുണ്ട്. യൂണിയനുകൾ പിടിവാശി കാണിക്കുന്നതോടെ കോർപ്പറേഷന്റെ നഷ്ടക്കണക്കുകൾ വർധിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കെ സ്വിഫ്റ്റ് സംവിധാനം ഏർപ്പെടുത്തി സർക്കാർ രംഗത്തുവരുന്നത്. കെ സ്വിഫ്റ്റ് സംവിധാനം ലാഭകരമായി വളരുന്നതോടെ കെഎസ്ആർടിസിക്ക് അകാല ചരമം ഒരുങ്ങുമെന്നാണ് വിലയിരുത്തൽ.
സർക്കാർ പുതുതായി രൂപവത്കരിച്ച കെ-സ്വിഫ്റ്റ് കൈയടക്കുന്നത് കെ.എസ്.ആർ.ടി.സി.യുടെ വരുമാനമുള്ള ദീർഘദൂര ഷെഡ്യൂളുകളാണെന്നതിൽ നിന്നും ഇക്കാര്യം വ്യക്തമാകും. 27 ദീർഘദൂര ഷെഡ്യൂളുകൾ ഇതുവരെ കെ-സ്വിഫ്റ്റിന് കൈമാറിക്കഴിഞ്ഞു. ഇവ ഓപ്പറേറ്റ് ചെയ്യുന്നതിനായി 57 ബസുകളാണ് സർവീസ് നടത്തുന്നത്. 1969 മുതൽ കെ.എസ്.ആർ.ടി.സി. സർവീസ് നടത്തിവരുന്ന കണ്ണൂർ-തിരുവനന്തപുരം, തിരുവനന്തപുരം-കണ്ണൂർ ഡീലക്‌സ് സൂപ്പർ സർവീസ് കൈമാറിയിട്ടുണ്ട്.
സുൽത്താൻബത്തേരി-തിരുവനന്തപുരം റൂട്ടിലെ രണ്ട് ഡീലക്‌സുകളും കെ-സ്വിഫ്റ്റ് ബസുകളാണ് ഓടിക്കുന്നത്. കൊട്ടാരക്കര, എറണാകുളം, പത്തനംതിട്ട, കണ്ണൂർ, നിലമ്പൂർ, പാലക്കാട്, തലശ്ശേരി എന്നിവിടങ്ങളിൽനിന്ന് കൊല്ലൂർ മൂകാംബിക, മൈസൂരൂ, ബെംഗളൂരു, മംഗളൂരു എന്നിവിടങ്ങളിലേക്ക് നടത്തിയിരുന്ന സർവീസുകളും കെ.എസ്.ആർ.ടി.സി.ക്ക് നഷ്ടമായി. തിരുവനന്തപുരം സെൻട്രൻ ഡിപ്പോയിൽനിന്ന് സർവീസ് നടത്തിയിരുന്ന തിരുവനന്തപുരം-കോഴിക്കോട് (രാത്രി 7.30), തിരുവനന്തപുരം-നിലമ്പൂർ (രാത്രി 7.45), തിരുവനന്തപുരം-കോഴിക്കോട് (രാത്രി 10.20) എന്നീ ഡീലക്‌സ് സർവീസുകൾക്കുപകരം കെ-സ്വിഫ്റ്റ് ബസുകളാണ് ഓടിക്കുന്നത്. 35,000 രൂപയ്ക്കുമുകളിൽ പ്രതിദിനവരുമാനം ലഭിച്ചിരുന്ന സർവീസുകളാണ് മിക്കവയും.
ഓർഡിനറി സർവീസ് വഴി ഉണ്ടാകുന്ന നഷ്ടം നികത്താൻ വലിയ വരുമാനമുള്ള ദീർഘദൂര ഷെഡ്യൂളുകൾ കെ.എസ്.ആർ.ടി.സി.ക്ക് ഗുണകരമായിരുന്നു. ഇവയെല്ലാം ഘട്ടംഘട്ടമായി കെ-സ്വിഫ്റ്റിന് കൈമാറുകയാണ്. ഈ റൂട്ടുകളിൽ ഓടിക്കൊണ്ടിരുന്ന ഡീലക്‌സ് ബസുകൾ ഇപ്പോൾ കെ.എസ്.ആർ.ടി.സി. കയറ്റിയിട്ടിരിക്കുകയാണ്. കെ-സ്വിഫ്റ്റ് സർവീസുകൾ പൂർണതോതിലാകുമ്പോൾ ഡീലക്‌സ് ബസുകളെ ബൈപ്പാസ് റൈഡറുകളായി മാറ്റുമെന്നാണ് കെ.എസ്.ആർ.ടി.സി. അധികൃതർ പറയുന്നത്. എന്നാൽ കോവിഡ് കാലത്ത് കയറ്റിയിട്ട ബസുകളെപ്പോലെ ഇവയും നശിച്ചുപോകുമെന്ന് ആശങ്കയുണ്ട്.
കെ-സ്വിഫ്റ്റ് കെ.എസ്.ആർ.ടി.സി.യുടെ റൂട്ടോ ഷെഡ്യൂളോ കൈയേറില്ലെന്നും സ്വകാര്യ, സമാന്തര വാഹനങ്ങൾ ജനങ്ങളെ ചൂഷണംചെയ്യുന്ന റൂട്ടുകളിലേക്ക് കടന്നുചെല്ലുമെന്നുമാണ് സർക്കാർ കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നതെന്നും ഇതിന് കടകവിരുദ്ധമായാണ് പ്രവർത്തനമെന്നും ഐ.എൻ.ടി.യു.സി., ബി.എം.എസ്., എ.ഐ.ടി.യു.സി. യൂണിയനുകൾ പറയുന്നു.
അതേസമയം നിലവിലുള്ള കെഎസ്ആർടിസി ഷെഡ്യൂളുകൾക്ക് പകരമായി കെ സ്വിഫ്റ്റ് ബസുകൾ അനുവദിച്ചുള്ള ഉത്തരവിൽ പ്രതിഷേധവുമായി കെഎസ്ആർടിസിയിലെ പ്രതിപക്ഷ സംഘടനകളും രംഗത്തുവന്നിരുന്നു. കെഎസ്ആർടിസിക്ക് സാമ്പത്തിക ലാഭമുണ്ടാക്കുന്ന സർവീസുകൾ സ്വിഫ്റ്റിലേക്ക് മാറ്റി തൊഴിലാളികളെയടക്കം വഞ്ചിക്കുന്നുവെന്നാണ് ആക്ഷേപം.
കെഎസ്ആർടിസിയെ സ്വിഫ്റ്റ് പദ്ധതി ഒരു തരത്തിലും ബാധിക്കില്ലെന്നായിരുന്നു ഗതാഗത മന്ത്രി ഉൾപ്പടെ പറഞ്ഞിരുന്നത്. കെ സ്വിഫ്റ്റ് ബസുകൾ ദീർഘദൂര സർവീസുകളെ കവർന്നെടുക്കുമെന്നും കെഎസ്ആർടിസിയെ തകർക്കുമെന്നും പ്രതിപക്ഷ സംഘടനകളും വാദിച്ചു. കൊട്ടാരക്കര കൊല്ലൂർ, നിലമ്പൂർ ബാംഗ്ലൂർ ഉൾപ്പടെയുള്ള വരുമാനം അധികമായി ലഭിക്കുന്ന സർവീസുകൾ കെ- സ്വിഫ്റ്റിലേക്ക് മാറ്റുന്നതിനെതിരെയാണ് പ്രതിഷേധം ഉടലെടുത്തത്.
കോർപ്പറേഷന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് യൂണിയനുകളുടെ തീരുമാനം. ഒരു വർഷത്തിനുള്ളിൽ കെഎസ്ആർടിസിയുടെ 700 സൂപ്പർ ഫാസ്റ്റ് സർവീസുകൾ സ്വിഫ്റ്റിലേക്ക് മാറ്റാനാണ് മാനേജ്‌മെന്റ് തീരുമാനം. സ്വിഫ്റ്റ് ബസ്സുകളുടെ വരുമാനമടക്കം മാനേജ്‌മെന്റ് ചൂണ്ടിക്കാട്ടുന്നുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here