ആലപ്പുഴ: കൊടിമരം സ്ഥാപിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സിപിഐ -കോൺഗ്രസ് സംഘർഷത്തിൽ പോലീസ് കേസെടുത്തു. സംഭവത്തിൽ മാലു കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സിപിഐ പ്രവർത്തകർക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. അതേസമയം സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുകയാണ്.
ഇരു കൂട്ടരും ഏറ്റു മുട്ടിയതിൽ കോൺഗ്രസ് ഓഫീസ് തല്ലി തകർക്കുകയായിരുന്നു. സംഘർഷം കൈവിട്ടു പോയതോടെ പോലീസിന് നേരെയും ആക്രമണം നടത്തി. പോലീസിന്റെ ജോലി തടസ്സപ്പെടുത്തി തുടങ്ങിയ വകുപ്പുകളിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആക്രമണം നടത്തിയവർക്കെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നാണ് വിവരം.
സംഭവത്തിൽ പ്രതിഷേധിച്ച് അഞ്ച് പഞ്ചായത്തുകളിലാണ് കോൺഗ്രസ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നൂറനാട്, പാലമേൽ, ചുനക്കര, താമരക്കുളം, തഴക്കര തുടങ്ങിയ പഞ്ചായത്തുകളിലാണ് ഹർത്താൽ. ഓഫീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് കോണ്ഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ചും നടത്തി. വിഷയത്തിൽ പോലീസ് സിപിഐ അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെന്നും കോൺഗ്രസ് ആക്ഷേപം ഉയർത്തുന്നുണ്ട്. അതേസമയം ആക്രമണം കോൺ്ഗ്രസ് സൃഷ്ടിയാണെന്ന് സിപിഐ പ്രതികരിച്ചു.