നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ ക്രൈംബ്രാഞ്ച്‌ ചോദ്യംചെയ്‌തു

0

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ ക്രൈംബ്രാഞ്ച്‌ ചോദ്യംചെയ്‌തു. ദിലീപിന്റെ ആലുവയിലെ പത്മസരോവരം വീട്ടില്‍ ഉച്ചയോടെ ആരംഭിച്ച ചോദ്യംചെയ്യല്‍ നാലര മണിക്കൂര്‍ നീണ്ടു. നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ടാണു ചോദ്യംചെയ്യല്‍. താനുമായി ബന്ധപ്പെട്ട ആരോപണങ്ങളെല്ലാം കാവ്യ നിഷേധിച്ചെന്നാണു വിവരം.
ക്രൈംബ്രാഞ്ച്‌ എസ്‌.പി. മോഹനചന്ദ്രന്‍, ഡിവൈ.എസ്‌.പി. ബൈജു പൗലോസ്‌ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണു കാവ്യയെ ചോദ്യംചെയ്‌തത്‌. മൊഴി പരിശോധിച്ചതിനുശേഷം പോലീസ്‌ തുടര്‍നടപടികളിലേക്കു കടക്കും. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം 30-നകം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാനാണു ഹൈക്കോടതിയുടെ നിര്‍ദേശം. പോലീസ്‌ എത്തിയ സമയത്തു ദിലീപ്‌ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നാണു സൂചന.
കേസിലെ പ്രധാന സാക്ഷിയായ കാവ്യ കൂറുമാറിയതായി വിചാരണവേളയില്‍ പ്രോസിക്യൂഷന്‍ പ്രഖ്യാപിച്ചിരുന്നു. തുടരന്വേഷണം ആരംഭിച്ചതോടെയാണു കാവ്യയ്‌ക്കെതിരേ ചില ശബ്‌ദരേഖകളും ഫോണ്‍ സംഭാഷണങ്ങളും കണ്ടെടുത്തത്‌. ദിലീപിന്റെ സഹോദരീഭര്‍ത്താവ്‌ സുരാജ്‌ അടക്കം കാവ്യയെപ്പറ്റി പരാമര്‍ശിക്കുന്ന ശബ്‌ദരേഖ പുറത്തുവന്നിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട്‌, സാക്ഷിയായ മഞ്‌ജു വാര്യരെ അവര്‍ ആവശ്യപ്പെട്ടതു പോലെ ഹോട്ടലില്‍ ചെന്നാണു ക്രൈംബ്രാഞ്ച്‌ മൊഴിയെടുത്തത്‌. തുടര്‍ന്ന്‌, സാക്ഷിയായ തന്നെയും വീട്ടിലെത്തി ചോദ്യം ചെയ്യണമെന്നു കാവ്യ ആവശ്യപ്പെടുകയായിരുന്നു. സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ബുദ്ധിമുട്ടും സൗകര്യക്കുറവും ചൂണ്ടിക്കാണിച്ചു ക്രൈംബ്രാഞ്ച്‌ സംഘം നേരത്തേ അതിനു തയാറായില്ല. മറ്റൊരിടം തെരഞ്ഞെടുക്കണമെന്ന്‌ അന്വേഷണസംഘം ആവശ്യപ്പെട്ടെങ്കിലും കാവ്യ നിരസിച്ചു. അതോടെയാണു വീട്ടിലെത്തി ചോദ്യംചെയ്യാന്‍ പോലീസ്‌ തയാറായത്‌.
ദിലീപിന്റെ അടുത്ത ബന്ധുവിന്റെ ഫോണില്‍ നിന്നു കിട്ടിയ ശബ്‌ദരേഖയില്‍ കാവ്യയെ പരാമര്‍ശിക്കുന്നുണ്ട്‌. ദിലീപിനു നടിയെ ആക്രമിച്ച കേസില്‍ പങ്കില്ലെന്നും അതിനു പിന്നില്‍ കാവ്യയാകാമെന്നുമുള്ള സംശയമാണു സംഭാഷണത്തിലുള്ളത്‌. ക്രൈംബ്രാഞ്ച്‌ സംഘം ഈ ശബ്‌ദരേഖ കേള്‍പ്പിച്ചെങ്കിലും കാവ്യ അതിനോടു പ്രതികരിച്ചില്ല.
ശബ്‌ദരേഖയുടെ പൂര്‍ണരൂപം കോടതിയില്‍ ക്രൈംബ്രാഞ്ച്‌ ഹാജരാക്കിയിരുന്നു. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനു പങ്കില്ലെന്ന വാദവും ഇതിലുണ്ട്‌. ഇതെല്ലാം ക്രൈംബ്രാഞ്ച്‌ പരിശോധിക്കുന്നുണ്ട്‌. കാവ്യയെ കേസില്‍ പ്രതിയാക്കുന്ന കാര്യത്തില്‍ വിശദമായ കൂടിയാലോചനയുണ്ടാകും. ദിലീപ്‌ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ആറു മൊബൈല്‍ ഫോണുകളില്‍ നിന്നു ലഭിച്ചതു നിരവധി രേഖകളാണ്‌. ഫോണിലെ സംഭാഷണങ്ങള്‍ 200 മണിക്കൂറിലേറെ വരും.

LEAVE A REPLY

Please enter your comment!
Please enter your name here