റെയിൽവേ സ്റ്റേഷനു നേർക്കുണ്ടായ റഷ്യൻ റോക്കറ്റ് ആക്രമണത്തിൽ 5 കുട്ടികൾ ഉൾപ്പെടെ 50 പേർ കൊല്ലപ്പെട്ടു

0

കീവ് ∙ ശക്തമായ ഏറ്റുമുട്ടൽ തുടരുന്ന ഡോനെട്സ്ക് മേഖലയിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചുകൊണ്ടിരുന്ന ക്രമതോർസ്ക് റെയിൽവേ സ്റ്റേഷനു നേർക്കുണ്ടായ റഷ്യൻ റോക്കറ്റ് ആക്രമണത്തിൽ 5 കുട്ടികൾ ഉൾപ്പെടെ 50 പേർ കൊല്ലപ്പെട്ടു. നൂറിലേറെപ്പേർക്കു പരുക്കേറ്റു. 2 റോക്കറ്റുകളാണ് സ്റ്റേഷനിലെ കാത്തിരിപ്പു കേന്ദ്രത്തിൽ പതിച്ചത്. ആക്രമണം നടക്കുമ്പോൾ‌ അവിടെ നാലായിരത്തിലേറെപ്പേരുണ്ടായിരുന്നു. പരുക്കേറ്റ പലരുടെയും നില ഗുരുതരമാണ്.

2008 ൽ യുഎൻ കൺവൻഷൻ നിരോധിച്ച ക്ലസ്റ്റർ ബോംബുകൾ റഷ്യ ഉപയോഗിച്ചതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ആരോപിച്ചു. അതേസമയം, റെയിൽവേ സ്റ്റേഷനിൽ പതിച്ച ‘ടോച്ക–യു’ മിസൈൽ റഷ്യയുടേതല്ലെന്നും അതുപയോഗിക്കുന്നതു യുക്രെയ്ൻ ആണെന്നും റഷ്യൻ പ്രതിരോധമന്ത്രാലയം പറഞ്ഞു. എന്നാൽ, മിസൈലിന്റെ അവശിഷ്ടങ്ങളിൽ റഷ്യൻ ഭാഷയിൽ ‘കുട്ടികൾക്കു വേണ്ടി’ എന്നെഴുതിയിരുന്നു.

∙ കനത്ത പോരാട്ടം നടന്ന സുമി മേഖല പൂർണമായി മോചിപ്പിച്ചതായി യുക്രെയ്ൻ അവകാശപ്പെട്ടു. വടക്കൻമേഖല നിയന്ത്രണത്തിലായതായും പറഞ്ഞു.

∙ യുദ്ധത്തിൽ റഷ്യയ്ക്കു ഗണ്യമായ നഷ്ടമുണ്ടായതായി ഔദ്യോഗിക വക്താവ് ദിമിത്രി പെസ്കോവ് സമ്മതിച്ചു. റഷ്യയ്ക്ക് ഒരു ദുരന്തമായി മാറിയ യുദ്ധം താമസിയാതെ അവസാനിക്കുമെന്നും ബ്രിട്ടിഷ് ചാനലിനു നൽകിയ അഭിമുഖത്തിൽ പെസ്കോവ് പറഞ്ഞു.

കീവ് സാധാരണ നിലയിലേക്ക്

∙ റഷ്യൻ സൈനികർ പിന്മാറിയതോടെ യുക്രെയ്ൻ തലസ്ഥാനമായ കീവ് സാധാരണനിലയിലേക്കു മടങ്ങുന്നു. മെട്രോ സർവീസ് കൂടുതൽ റൂട്ടുകളിലേക്കു വ്യാപിപ്പിച്ചു. സൈക്കിൾ, സ്കൂട്ടർ റെന്റൽ സേവനങ്ങളും പുനരാരംഭിച്ചു. പല ഫാക്ടറികളും തിങ്കളാഴ്ച മുതൽ തുറന്നു പ്രവർത്തിക്കുമെന്നറിയിച്ചു. ലിത്വാനിയയുടെ അംബാസ‍ഡർ കീവിൽ മടങ്ങിയെത്തി. വിവിധ യൂറോപ്യൻ നേതാക്കളും വരുംദിവസങ്ങളിൽ കീവിലെത്തും

LEAVE A REPLY

Please enter your comment!
Please enter your name here