ദേശീയ ഡാം സുരക്ഷാ അതോറിറ്റി സജ്ജമാകുംവരെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയുൾപ്പെടെ മുഴുവൻ വിഷയങ്ങളും മേൽനോട്ടസമിതിക്കുവിട്ട് സുപ്രീംകോടതി

0

ന്യൂഡൽഹി: ദേശീയ ഡാം സുരക്ഷാ അതോറിറ്റി സജ്ജമാകുംവരെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയുൾപ്പെടെ മുഴുവൻ വിഷയങ്ങളും മേൽനോട്ടസമിതിക്കുവിട്ട് സുപ്രീംകോടതി. അണക്കെട്ട്‌ സുരക്ഷാനിയമപ്രകാരമുള്ള അതോറിറ്റിയുടെ മുഴുവൻ അധികാരങ്ങളും നൽകി മേൽനോട്ടസമിതിയെ ശക്തിപ്പെടുത്താനും ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ മൂന്നംഗബെഞ്ച് വിധിച്ചു. സ്വതന്ത്ര വിദഗ്ധരുടെ സംഘത്തെ ഉപയോഗിച്ച് പുതിയ സമിതി അണക്കെട്ടിന്റെ സുരക്ഷാപരിശോധന നടത്തണമെന്നും സുപ്രീംകോടതി നിർദേശിച്ചു.

മേൽനോട്ടസമിതിയുടെ നിർദേശങ്ങൾ പാലിക്കാൻ സംസ്ഥാനങ്ങൾക്ക് ബാധ്യതയുണ്ടെന്നും അല്ലാത്തപക്ഷം ബന്ധപ്പെട്ട ചീഫ് സെക്രട്ടറി വ്യക്തിപരമായി ഉത്തരവാദിയാകുമെന്നും ജസ്റ്റിസുമാരായ എ.എസ്. ഓക, സി.ടി. രവികുമാർ എന്നിവർകൂടി അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഇതോടെ, അണക്കെട്ടിന്റെ പ്രവർത്തനത്തിൽ തമിഴ്‌നാടിനുള്ള മേൽക്കൈ കുറയുമെന്നാണ് വിലയിരുത്തൽ. മേൽനോട്ടസമിതി ശക്തിപ്പെടുത്തണമെന്ന കേരളത്തിന്റെയും മുഖ്യ ഹർജിക്കാരനായ ഡോ. ജോ ജോസഫിന്റെയും ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ വിധി.

2021-ലെ ഡാം സുരക്ഷാ നിയമപ്രകാരമുള്ള ദേശീയ ഡാം സുരക്ഷാ അതോറിറ്റി നിലവിൽവരുന്നതുവരെ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച എല്ലാ വിഷയത്തിലും സമിതിയാണ് ഉത്തരവാദി. മേൽനോട്ടസമിതി ശക്തിപ്പെടുത്താൻ അണക്കെട്ടുവിഷയത്തിൽ മികച്ച അറിവുള്ള ഓരോ സാങ്കേതികവിദഗ്ധരെ വീതം കേരളവും തമിഴ്‌നാടും രണ്ടാഴ്ചയ്ക്കകം നിർദേശിക്കണം. നാട്ടുകാരുടെ പരാതികളിലും നിർദേശങ്ങളിലും മേൽനോട്ടസമിതി സമയബന്ധിതമായി തീരുമാനമെടുക്കണം.

പുതിയ അണക്കെട്ടിലേക്ക് നയിക്കുന്ന വിധി -ഡോ. ജോ ജോസഫ്

ന്യൂഡൽഹി: സ്വതന്ത്രരായ വിദഗ്ധസംഘത്തെ ഉൾപ്പെടുത്തി സുരക്ഷാപരിശോധന നടത്തണമെന്ന സുപ്രീംകോടതി വിധി, പുതിയ അണക്കെട്ട് എന്ന തീരുമാനത്തിലേക്ക് നയിച്ചേക്കുമെന്ന് കേസിലെ മുഖ്യ ഹർജിക്കാരനായ ഡോ. ജോ ജോസഫ് പറഞ്ഞു. മേൽനോട്ടസമിതിയിലേക്ക് അണക്കെട്ടിന്റെ നിയന്ത്രണമെത്തുന്നത് കേരളത്തിന് വലിയ ആശ്വാസമാകുമെന്നും പത്തുവർഷമായി ഈ വിഷയത്തിൽ ഇടപെടുന്ന കോതമംഗലം സ്വദേശിയായ ജോ ജോസഫ് ചൂണ്ടിക്കാട്ടി. എറണാകുളം മെഡിക്കൽ കോളേജിൽ അസോസിയേറ്റ് പ്രൊഫസറായിരുന്ന ഡോ. ജോ ജോസഫ്, രാജിവെച്ചാണ് സാമൂഹിക പ്രവർത്തനത്തിനിറങ്ങിയത്. മുൻ മന്ത്രി പി.ജെ. ജോസഫിന്റെ മകൾ അനു യമുനയാണ് ഭാര്യ. ട്വന്റി ട്വന്റി സ്ഥാനാർഥിയായി കോതമംഗലത്ത്‌ മത്സരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here