ഇന്ത്യയെ നടുക്കിയ മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യസൂത്രധാരനും നിരോധിത സംഘടനയായ ജമാഅത്തുദ്ദഅവ തലവനുമായ ഹാഫിസ് സയീദിന് പാക്ക് ഭീകരവിരുദ്ധ കോടതി 32 വർഷത്തെ തടവുശിക്ഷ കൂടി വിധിച്ചു

0

ലഹോർ ∙ ഇന്ത്യയെ നടുക്കിയ മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യസൂത്രധാരനും നിരോധിത സംഘടനയായ ജമാഅത്തുദ്ദഅവ തലവനുമായ ഹാഫിസ് സയീദിന് (70) പാക്ക് ഭീകരവിരുദ്ധ കോടതി 32 വർഷത്തെ തടവുശിക്ഷ കൂടി വിധിച്ചു. ഭീകരസംഘടനകൾക്ക് ധനസഹായം നൽകിയ 2 കേസുകളിലായാണ് ഈ ശിക്ഷ. നേരത്തെ 5 കേസുകളിൽ 36 വർഷത്തെ ശിക്ഷ വിധിച്ചിരുന്നു. ഇതോടെ മൊത്തം 68 വർഷത്തെ ശിക്ഷയായി. എങ്കിലും ഒന്നിച്ച് അനുഭവിച്ചാൽ മതി.

പഞ്ചാബ് പൊലീസിന്റെ ഭീകരവിരുദ്ധ വിഭാഗം റജിസ്റ്റർ ചെയ്ത കേസുകളിലെ ശിക്ഷയാണ് പാക്ക് ഭീകരവിരുദ്ധ കോടതി ജ‍ഡ്ജി ഇജാസ് അഹമ്മദ് ഭട്ടർ ഇന്നലെ വിധിച്ചത്.

2019 മുതൽ ജയിൽശിക്ഷയനുഭവിക്കുന്ന സയീദിനെ കോട് ലഖ്പത് ജയിലിൽ നിന്നാണ് കോടതിയിലെത്തിച്ചത്. രാജ്യാന്തര ഭീകരരുടെ യുഎൻ പട്ടികയിലുള്ള സയീദിന്റെ തലയ്ക്ക് നേരത്തേ യുഎസ് ഒരുകോടി ഡോളർ (ഏകദേശം 76 കോടി രൂപ) വിലയിട്ടിരുന്നു. ‌കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഇയാളെ ഭീകരനായി പ്രഖ്യാപിച്ചിരുന്നു.

ഭീകരപ്രവർത്തനത്തിന് ധനസഹായം ചെയ്ത കേസിൽ മുൻകൂർ ജാമ്യ ഹർജി നൽകാൻ ഗുജ്റൻവാലയിലേക്കു പോകുന്നതിനിടെ 2019 ജൂലൈ 18നാണ് സയീദിനെ അറസ്റ്റ് ചെയ്തത്.

കൊടും ഭീകരൻ

ലഷ്കറെ തയിബ നിരോധിച്ചതോടെയാണ് ഹാഫിസ് സയീദ് ജമാഅത്തുദ്ദഅവ (ജെയുഡി) സ്ഥാപിച്ചത്. മുംബൈ ഭീകരാക്രമണത്തിനു പുറമേ ചെങ്കോട്ട, യുപി റാംപുരിലെ സിആർപിഎഫ് ക്യാംപ് എന്നിവിടങ്ങളിലും ജമ്മു കശ്മീരിലെ ഉധംപുരിൽ ബിഎസ്എഫ് വാഹന വ്യൂഹത്തിനു നേരെയും ലഷ്കർ നടത്തിയ ഭീകരാക്രമണങ്ങളിൽ പങ്കുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്നാണ് ഈ സംഘടനയെ യുഎൻ 2008 ൽ ഭീകര സംഘടനയായി പ്രഖ്യാപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here