ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ നടന്ന ഐ.പി.എല്‍. ക്രിക്കറ്റ്‌ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്‌ ആറ്‌ വിക്കറ്റ്‌ ജയം

0

മുംബൈ: ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ നടന്ന ഐ.പി.എല്‍. ക്രിക്കറ്റ്‌ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്‌ ആറ്‌ വിക്കറ്റ്‌ ജയം. ആദ്യം ബാറ്റ്‌ ചെയ്‌ത ക്യാപ്പിറ്റല്‍സ്‌ മൂന്ന്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 149 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത ലഖ്‌നൗ ടീം കളി തീരാന്‍ രണ്ട്‌ പന്തുകള്‍ ശേഷിക്കേ ലക്ഷ്യം കടന്നു.
52 പന്തില്‍ രണ്ട്‌ സിക്‌സറും ഒന്‍പത്‌ ഫോറുമടക്കം 80 റണ്ണെടുത്ത ഓപ്പണറും വിക്കറ്റ്‌ കീപ്പറുമായ ക്വിന്റണ്‍ ഡി കോക്ക്‌ ടീമിനെ ജയത്തിന്‌ അടുത്തെത്തിച്ചു. കൃനാല്‍ പാണ്ഡ്യ (14 പന്തില്‍ ഒരു സിക്‌സറടക്കം 19), ആയുഷ്‌ ബദോനി (മൂന്ന്‌ പന്തില്‍ ഒരു സിക്‌സറും ഫോറുമടക്കം 10) എന്നിവര്‍ ചേര്‍ന്നാണു വിജയ റണ്ണെടുത്തത്‌.
ഓപ്പണര്‍ പൃഥ്വി ഷാ (34 പന്തില്‍ രണ്ട്‌ സിക്‌സറും ഒന്‍പത്‌ ഫോറുമടക്കം 61), നായകനും വിക്കറ്റ്‌ കീപ്പറുമായ ഋഷഭ്‌ പന്ത്‌ (36 പന്തില്‍ രണ്ട്‌ സിക്‌സറും മൂന്ന്‌ ഫോറുമടക്കം പുറത്താകാതെ 39), സര്‍ഫറാസ്‌ ഖാന്‍ (28 പന്തില്‍ മൂന്ന്‌ ഫോറുകളടക്കം പുറത്താകാതെ 36) എന്നിവരാണു ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ തരക്കേടില്ലാത്ത സ്‌കോറിലെത്തിച്ചത്‌.
ഓപ്പണര്‍ ഡേവിഡ്‌ വാര്‍ണര്‍ (നാല്‌), റോവ്‌മന്‍ പവല്‍ (മൂന്ന്‌) എന്നിവര്‍ ക്ഷണത്തില്‍ മടങ്ങിയതു ഡല്‍ഹിക്കു തിരിച്ചടിയായി. 30 പന്തില്‍ 50 അര്‍ധ സെഞ്ചുറി നേടിയ ഷാ ഡല്‍ഹിക്കു മികച്ച തുടക്കം നല്‍കി. ഓപ്പണിങ്‌ കൂട്ടുകെട്ട്‌ 34 പന്തില്‍ 50 റണ്ണെടുത്തു. എട്ടാം ഓവറില്‍ സ്‌കോര്‍ 67 ല്‍ നില്‍ക്കേയാണ്‌ ആദ്യ വിക്കറ്റ്‌ വീണത്‌. കൃഷ്‌ണപ്പ ഗൗതമിന്റെ പന്തില്‍ വിക്കറ്റ്‌ കീപ്പര്‍ ക്വിന്റണ്‍ ഡി കോക്ക്‌ പിടിച്ച്‌ പൃഥ്വി ഷാ ആദ്യം മടങ്ങി.
പൃഥ്വി ഷായുടെ വെടിക്കെട്ടില്‍ ഒതുങ്ങിയ വാര്‍ണറിനെ രവി ബിഷ്‌ണോയിയുടെ പന്തില്‍ ബദോനി പിടിച്ചു. 12 പന്തുകളാണു വെറ്ററന്‍ താരം നേരിട്ടത്‌. 10 പന്തുകളില്‍ മൂന്ന്‌ റണ്ണെടുത്ത റോവ്‌മനെയും രവി ബിഷ്‌ണോയി അടുത്ത ഓവറില്‍ പുറത്താക്കി.

LEAVE A REPLY

Please enter your comment!
Please enter your name here