ഐ.പി.എല്ലിലെ വേഗമേറിയ അര്‍ധ സെഞ്ചുറിയുമായി കുമ്മിന്‍സ്‌

0

മുംബൈ: കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഓസ്‌ട്രേലിയന്‍ താരം പാറ്റ്‌ കുമ്മിന്‍സിന്റെ അപ്രതീക്ഷിത ബാറ്റിങ്ങാണ്‌ തങ്ങളെ തോല്‍പ്പിച്ചതെന്നു മുംബൈ ഇന്ത്യന്‍സ്‌ നായകന്‍ രോഹിത്‌ ശര്‍മ.
പുനെയിലെ മഹാരാഷ്ര്‌ട ക്രിക്കറ്റ്‌ അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ് മുന്‍ ചാമ്പ്യന്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ച്‌ വിക്കറ്റിനാണു തോല്‍പ്പിച്ചത്‌. 162 റണ്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്‌ക്ക് പാറ്റ്‌ കമ്മിന്‍സിന്റെ റെക്കോഡ്‌ അര്‍ധ സെഞ്ചുറിയാണ്‌ കിടിലന്‍ ജയം സമ്മാനിച്ചത്‌. 15-ാം സീസണിലെ തുടര്‍ച്ചയായി മൂന്നാം മത്സരത്തിലും മുംബൈ തോല്‍വി നേരിട്ടു. അവര്‍ക്ക്‌ ഇതുവരെ പോയിന്റ പട്ടികയില്‍ അക്കൗണ്ട്‌ തുറക്കാനായില്ല.
162 റണ്‍ തേടിയിറങ്ങിയ കൊല്‍ക്കത്ത ഒരു ഘട്ടത്തില്‍ അഞ്ചിന്‌ 101 റണ്ണെന്ന നിലയില്‍ തോല്‍വിയെ മുഖാമുഖം കാണുകയായിരുന്നു. 14 പന്തില്‍ തന്റെ അര്‍ധ ശതകം തികച്ച കുമ്മിന്‍സ്‌ കൊല്‍ക്കത്തയെ 16 -ാം ഓവറില്‍ ജയത്തിലെത്തിച്ചു. ഡാനിയേല്‍ സാംസ്‌ എറിഞ്ഞ 16-ാം ഓവറില്‍ നാല്‌ സിക്‌സറും രണ്ട്‌ ഫോറും അടക്കം 35 റണ്‍ പിറന്നു.
കുമ്മിന്‍സ്‌ 15 പന്തില്‍ 56 റണ്ണുമായി പുറത്താകാതെനിന്നു. ഓപ്പണര്‍ വെങ്കിടേഷ്‌ അയ്യര്‍ 41 പന്തില്‍ 50 റണ്ണുമായി കുമ്മിന്‍സിനൊപ്പം നിന്നതു മത്സരത്തില്‍ നിര്‍ണായകമായി. ആന്ദ്രെ റസല്‍ (അഞ്ച്‌ പന്തില്‍ ഒരു സിക്‌സറും ഫോറുമടക്കം 11) പുറത്തായ ശേഷം ക്രീസിലെത്തിയ പാറ്റ്‌ കുമ്മിന്‍സ്‌ തുടങ്ങിയപ്പോള്‍ 30 പന്തില്‍ 35 റണ്ണായിരുന്നു കൊല്‍ക്കത്ത നേടേണ്ടിയിരുന്നത്‌. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകളുമായി മുംബൈ സമ്മര്‍ദം സൃഷ്‌ടിച്ചിരുന്നു. ഈ സമ്മര്‍ദത്തിന്‌ കുമ്മിന്‍സ്‌ ക്രീസിലെത്തുന്നത്‌ വരെ മാത്രമാണ്‌ ആയുസ്‌. തങ്ങളുടെ മെല്ലെപ്പോക്ക്‌ തോല്‍വിയില്‍ ഒരു ഘടകമായെന്നു രോഹിത്‌ ശര്‍മ തുറന്നു പറഞ്ഞു.
12 പന്തുകള്‍ നേരിട്ട ഓപ്പണര്‍ കൂടിയായ രോഹിത്‌ പുറത്താകുമ്പോള്‍ മൂന്ന്‌ റണ്‍ മാത്രമായിരുന്നു നേട്ടം. സഹ ഓപ്പണറും വിക്കറ്റ്‌ കീപ്പറുമായ ഇഷാന്‍ കിഷനും (21 പന്തില്‍ 14) മെല്ലെപ്പോക്കായിരുന്നു. ജൂനിയര്‍ എ.ബി.ഡി. എന്ന വിളിപ്പേരുള്ള ഡെവാള്‍ഡ്‌ ബ്രെവിസിന്റെ (19 പന്തില്‍ രണ്ട്‌ സിക്‌സറും രണ്ട്‌ ഫോറുമടക്കം 29) ഐ.പി.എല്‍. അരങ്ങേറ്റം മോശമായില്ല. സൂര്യകുമാര്‍ യാദവ്‌ (36 പന്തില്‍ രണ്ട്‌ സിക്‌സറും അഞ്ച്‌ ഫോറുമടക്കം 52), തിലക്‌ വര്‍മ (27 പന്തില്‍ രണ്ട്‌ സിക്‌സറും മൂന്ന്‌ ഫോറുമടക്കം പുറത്താകാതെ 38), കെയ്‌റോണ്‍ പൊള്ളാഡ്‌ (അഞ്ച്‌ പന്തില്‍ മൂന്ന്‌ സിക്‌സറുകളടക്കം പുറത്താകാതെ 22) എന്നിവരാണു സ്‌കോര്‍ 150 കടത്തിയത്‌.
ഐ.പി.എല്ലിലെ ഏറ്റവും വേഗമേറിയ അര്‍ധ സെഞ്ചുറിയുടെ റെക്കോഡിലെത്താന്‍ കുമ്മിന്‍സിനായി. ലോകേഷ്‌ രാഹുലിന്റെ റെക്കോഡിനാണ്‌ ഒരു പങ്കാളി കൂടെയുണ്ടായത്‌്. 2018 ല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേയാണ്‌ രാഹുല്‍ 14 പന്തില്‍ അര്‍ധ സെഞ്ചുറി നേടിയത്‌്. ഒരു ഓസ്‌ട്രേലിയന്‍ താരത്തിന്റെ ഏറ്റവും വേഗമേറിയ അര്‍ധ സെഞ്ചുറിയെന്ന നേട്ടവും കുമ്മിന്‍സ്‌ സ്വന്തമാക്കി. ഡാനിയേല്‍ സാംസിനെ ഫോറടിച്ചാണു കുമ്മിന്‍സ്‌ 50 ലെത്തിയത്‌. ഡാനിയേല്‍ ക്രിസ്‌റ്റ്യന്റെ റെക്കോഡാണ്‌ കുമ്മിന്‍സ്‌ മറികടന്നത്‌.
2020 ലെ ബിഷ്‌ ബാഷ്‌ ലീഗില്‍ ഹൊബാര്‍ട്ട്‌ ഹരികെയ്‌ന്‍സിനെതിരേ നടന്ന മത്സരത്തില്‍ സിഡ്‌നി സിക്‌സേഴ്‌സിനു വേണ്ടി 15 പന്തിലാണ്‌ ഡാനിയേല്‍ ക്രിസ്‌റ്റ്യന്‍ അന്‍പത്‌ റണ്ണെടുത്തത്‌. ഐ.പി.എല്‍. ചരിത്രത്തിലെ ഏറ്റവും റണ്‍ വഴങ്ങിയ ഓവറെന്ന റെക്കോഡ്‌ ഡാനിയേല്‍ സാംസിന്റെ 36-ാം ഓവര്‍ സ്വന്തമാക്കി. നാല്‌ സിക്‌സറും രണ്ട്‌ ഫോറും (ഒരു നോ ബോളും) ഉള്‍പ്പെടെ 35 റണ്ണാണ്‌ ആ ഓവറില്‍ പിറന്നത്‌. 15-ാം സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ താന്‍ ബാറ്റ്‌ കൊണ്ട്‌ ഞെട്ടിപ്പിക്കുമെന്ന്‌ പ്രതീക്ഷിച്ചില്ലെന്നു കുമ്മിന്‍സ്‌ മത്സരത്തിനു ശേഷം പറഞ്ഞു. തന്റെ ബാറ്റിങ്‌ കണ്ട്‌ ഏറ്റവും കൂടുതല്‍ ഞെട്ടിയത്‌ താന്‍ തന്നെയാണെന്നും കുമ്മിന്‍സ്‌ പറഞ്ഞു. ബാറ്റിലേക്കു പന്ത്‌ കിട്ടിയാല്‍ അടിച്ചു നോക്കാമെന്ന ചിന്തയിലാണു കളിച്ചത്‌. അധികമായി ഒന്നും ശ്രമിച്ചില്ല- കുമ്മിന്‍സ്‌ മത്സരത്തിനു ശേഷം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here