ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിന്റെ മുന്‍ നായകന്‍ നരി കോണ്‍ട്രാക്‌റ്ററുടെ തലയ്‌ക്കുള്ളില്‍ പിടിപ്പിച്ചിരുന്ന ലോഹപ്പാളി എടുത്തു കളഞ്ഞു

0

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിന്റെ മുന്‍ നായകന്‍ നരി കോണ്‍ട്രാക്‌റ്ററുടെ തലയ്‌ക്കുള്ളില്‍ പിടിപ്പിച്ചിരുന്ന ലോഹപ്പാളി എടുത്തു കളഞ്ഞു. 1962 ലെ വെസ്‌റ്റിന്‍ഡീസ്‌ പര്യടനത്തിനിടെ പേസര്‍ ചാര്‍ലി ഗ്രിഫിത്തിന്റെ ബൗണ്‍സര്‍ തലയ്‌ക്കേറ്റ്‌ നരി കോണ്‍ട്രാക്‌റ്റര്‍ക്കു ഗുരുതര പരുക്കേറ്റിരുന്നു.
അന്നാണ്‌ തലച്ചോറിന്റെ സുരക്ഷയ്‌ക്കായി നേര്‍ത്ത ലോഹപ്പാളി പിടിപ്പിച്ചത്‌. മെഡിക്കല്‍ സംഘത്തിന്റെ വിദഗ്‌ധ ഉപദേശത്തെത്തുടര്‍ന്നാണു ശസ്‌ത്രക്രിയ നടത്തി ലോഹപ്പാളി എടുത്തു കളഞ്ഞത്‌. നരി കോണ്‍ട്രാക്‌റ്ററുടെ മകന്‍ ഹോഷിദാറാണു പിതാവിന്റെ ശസ്‌ത്രക്രിയയെ കുറിച്ചു പുറത്തുവിട്ടത്‌.
മുംബൈയിലെ റിലയന്‍സ്‌ ഫൗണ്ടേഷന്‍ ഹോസ്‌പിറ്റലിലാണു ശസ്‌ത്രക്രിയ നടത്തിയത്‌. 88 വയസുകാരനായ പിതാവ്‌ സുഖമായിരിക്കുന്നതായി പറഞ്ഞ ഹോഷിദാര്‍ അദ്ദേഹം ആശുപത്രിയില്‍ കഴിയുന്ന ചിത്രവും പുറത്തുവിട്ടു. ചാര്‍ലി ഗ്രിഫിത്തിന്റെ ബൗണ്‍സര്‍ ഏറ്റതോടെ നരി കോണ്‍ട്രാക്‌റ്ററുടെ ക്രിക്കറ്റ്‌ കരിയര്‍ അവസാനിച്ചു. ഇന്ത്യക്കു വേണ്ടി 1955 മുന്‍ 1962 വരെ 31 ടെസ്‌റ്റുകള്‍ കളിച്ചു. ഇടംകൈയന്‍ ഓപ്പണറായിരുന്ന നരി 138 ഫസ്‌റ്റ് ക്ലാസ്‌ മത്സരങ്ങള്‍ കളിച്ചു.
1959 ലെ ലോഡ്‌സ് ടെസ്‌റ്റില്‍ 81 റണ്ണുമായി നിന്നത്‌ നരി കോണ്‍ട്രാക്‌റ്ററുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ്‌. ഇംഗ്ലണ്ടിന്റെ ബ്രയാന്‍ സ്‌റ്റാതത്തിന്റെ പന്ത്‌ കൊണ്ട്‌ വാരിയെല്ല്‌ പൊട്ടിയിട്ടും നരി കോണ്‍ട്രാക്‌റ്റര്‍ ബാറ്റിങ്‌ തുടര്‍ന്നു. ഗ്രിഫിത്തിന്റെ ബൗണ്‍സര്‍ ഏറ്റ ശേഷം അദ്ദേഹം ഒന്നിലധികം ശസ്‌ത്രക്രിയകള്‍ക്കു വിധേയനായി. വെസ്‌റ്റിന്‍ഡീസ്‌ നായകനായിരുന്ന ഫ്രാങ്ക്‌ വോറല്‍, ചന്ദു ബോഡെ, ബാപു നട്‌കര്‍ണി, പോളി ഉഗ്രിമര്‍, മാധ്യമ പ്രവര്‍ത്തകനായിരുന്ന കെ.എന്‍. പ്രഭു തുടങ്ങിയവര്‍ നരി കോണ്‍ട്രാക്‌റ്റര്‍ക്കു രക്‌തം നല്‍കി. ബൗണ്‍സര്‍ തലയില്‍ കൊള്ളാന്‍ കാരണം തന്റെ പിഴവാണെന്നും ചാര്‍ലി ഗ്രിഫിത്‌ കുറ്റക്കാരനല്ലെന്നും ബോധം വീണ്ടുകിട്ടിയ ശേഷം നരി കോണ്‍ട്രാക്‌റ്റര്‍ പറഞ്ഞിരുന്നു. 1962 ല്‍ തമിഴ്‌നാട്ടിലെ വെല്ലൂരിലുള്ള ക്രിസ്‌റ്റ്യന്‍ മെഡിക്കല്‍ കോളജില്‍ ശസ്‌ത്രക്രിയയിലൂടെ തലയില്‍ ടൈറ്റാനിയം കൊണ്ടുള്ള പാളി പിടിപ്പിച്ചു. അന്നത്തെ പ്രധാന ഡോക്‌ടറായിരുന്ന ചാണ്ടിയുടെ നിര്‍ദേശ പ്രകാരം ഫസ്‌റ്റ് ക്ലാസ്‌ ക്രിക്കറ്റിലേക്കു തിരിച്ചു വന്നു. 1962-63 സീസണില്‍ ഗുജറാത്തിനു വേണ്ടിയും 1970-71 സീസണില്‍ പടിഞ്ഞാറന്‍ മേഖലയ്‌ക്കു വേണ്ടിയും കളിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here