ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ട്വന്റി20 ക്രിക്കറ്റ്‌ 15-ാം സീസണില്‍ നിലവിലെ ചാമ്പ്യന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു തുടര്‍ച്ചയായ മൂന്നാം തോല്‍വി

0

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ട്വന്റി20 ക്രിക്കറ്റ്‌ 15-ാം സീസണില്‍ നിലവിലെ ചാമ്പ്യന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു തുടര്‍ച്ചയായ മൂന്നാം തോല്‍വി.
ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പഞ്ചാബ്‌ കിങ്‌സ് 54 റണ്ണിനാണു ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തോല്‍പ്പിച്ചത്‌. ആദ്യം ബാറ്റ്‌ ചെയ്‌ത പഞ്ചാബ്‌ എട്ട്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 180 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത സൂപ്പര്‍ കിങ്‌സ് 126 റണ്ണിന്‌ ഓള്‍ഔട്ടായി. ശിവം ദുബെയുടെ (30 പന്തില്‍ മൂന്ന്‌ സിക്‌സറും ആറ്‌ ഫോറുമടക്കം 57) അര്‍ധ സെഞ്ചുറി മാത്രമാണ്‌ എടുത്തു കാണിക്കാനുണ്ടായിരുന്നത്‌.
മൊയീന്‍ അലി, നായകന്‍ രവീന്ദ്ര ജഡേജ, ഡെ്വയ്‌ന്‍ ബ്രാവോ എന്നിവര്‍ റണ്ണെടുക്കാതെ മടങ്ങി. ബാറ്റിങ്ങില്‍ തകര്‍ത്തടിച്ച ലിയാം ലിവിങ്‌്സ്‌റ്റണ്‍ (32 പന്തില്‍ അഞ്ച്‌ സിക്‌സറും അഞ്ച്‌ ഫോറുമടക്കം 60 ) ദുബെയെും ബ്രാവോയെയും അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി ബൗളിങ്ങിലും തിളങ്ങി. ലിവിങ്‌്സ്‌റ്റണിന്റെ വെടിക്കെട്ട്‌ അര്‍ധ സെഞ്ചുറിയാണ്‌ പഞ്ചാബിനെ മികച്ച സ്‌കോറിലെത്തിച്ചത്‌. 24 പന്തില്‍ ഒരു സിക്‌സറും നാല്‌ ഫോറുമടക്കം 33 റണ്ണെടുത്ത ഓപ്പണര്‍ ശിഖര്‍ ധവാനും 17 പന്തില്‍ മൂന്ന്‌ സിക്‌സറുകളടക്കം 26 റണ്ണെടുത്ത ജിതേഷ്‌ ശര്‍മയും മികച്ചുനിന്നു. മുകേഷ്‌ ചൗധരി എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ പഞ്ചാബ്‌ നായകന്‍ മായങ്ക്‌ അഗര്‍വാള്‍ (നാല്‌) പുറത്തായി. മായങ്കിനെ റോബിന്‍ ഉത്തപ്പ കൈയിലൊതുക്കി. ലങ്കന്‍ വിക്കറ്റ്‌ കീപ്പര്‍ ഭാനുക രാജപക്‌നെയ്‌ക്കും (അഞ്ച്‌ പന്തില്‍ ഒരു സിക്‌സറടക്കം ഒന്‍പത്‌) നിലയുറപ്പിക്കാനായില്ല. ഭാനുക മടങ്ങുമ്പോള്‍ 14 റണ്‍ മാത്രമായിരുന്നു പഞ്ചാബിന്റെ പക്കല്‍. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ പഞ്ചാബിന്റെ സ്‌കോര്‍ 72 റണ്ണായിരുന്നു. 95 റണ്ണാണ്‌ ലിവിങ്‌സ്റ്റണും ധവാനും ചേര്‍ന്നു നേടിയത്‌. ഇരുവരെയും അടുത്തടുത്ത ഓവറുകളില്‍ പഞ്ചാബിന്‌ നഷ്‌ടമാകുമ്പോള്‍ ടീം 10.4 ഓവറില്‍ 115/4 എന്ന നിലയിലായിരുന്നു. അരങ്ങേറ്റ മത്സരത്തിനിറങ്ങിയ ജിതേഷ്‌ ശര്‍മ പുറത്താകും മുമ്പ്‌ ഷാരൂഖ്‌ ഖാനുമായി അഞ്ചാം വിക്കറ്റില്‍ 31 റണ്‍ കൂട്ടിച്ചേര്‍ത്തിരുന്നു. അവസാന ഓവറുകളില്‍ വിക്കറ്റുകളെടുത്ത്‌ ചെന്നൈ ശക്‌തമായ തിരിച്ചുവന്നു.

LEAVE A REPLY

Please enter your comment!
Please enter your name here