നാലുവര്‍ഷംമുമ്പ്‌ കാണാതായ റാന്നി വെച്ചൂച്ചിറ സ്വദേശിനി ജെസ്‌ന ജെയിംസ്‌ രാജ്യം വിട്ടുവോ എന്നു സ്‌ഥിരീകരിക്കാന്‍ സി.ബി.ഐ. ഇതിനായി വിമാനടിക്കറ്റുകള്‍ ഉള്‍പ്പെടെ പരിശോധിക്കും

0

കൊച്ചി : നാലുവര്‍ഷംമുമ്പ്‌ കാണാതായ റാന്നി വെച്ചൂച്ചിറ സ്വദേശിനി ജെസ്‌ന ജെയിംസ്‌ രാജ്യം വിട്ടുവോ എന്നു സ്‌ഥിരീകരിക്കാന്‍ സി.ബി.ഐ. ഇതിനായി വിമാനടിക്കറ്റുകള്‍ ഉള്‍പ്പെടെ പരിശോധിക്കും.
2018 മാര്‍ച്ചിലാണ്‌ ജെസ്‌നയെ കാണാതായത്‌. അന്നുമുതലുള്ള ടിക്കറ്റുകളാണു പരിശോധിക്കുന്നത്‌. ദക്ഷിണേന്ത്യയിലെ വിമാനത്താവളങ്ങള്‍ വഴി യാത്രചെയ്‌തവരുടെ വിവരങ്ങളാണ്‌ ആദ്യം പരിശോധിക്കുക. കഴിഞ്ഞയാഴ്‌ച സി.ബി.ഐ. ലുക്ക്‌ഔട്ട്‌ നോട്ടീസും പുറപ്പെടുവിച്ചിരുന്നു. അന്വേഷണം ഏറ്റെടുത്ത്‌ ഒരു വര്‍ഷം പിന്നിട്ടശേഷമാണു പുതിയ നടപടി. കേസില്‍ അന്വേഷണപുരോഗതി അറിയിക്കാന്‍ തിരുവനന്തപുരം സി.ജെ.എം. കോടതി നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞ 12-ന്‌ അന്വേഷണ ഉദ്യോഗസ്‌ഥനായ നന്ദകുമാരന്‍ നായര്‍ സമര്‍പ്പിച്ച എഫ്‌.ഐ.ആര്‍. കോടതി അംഗീകരിക്കുകയും ചെയ്‌തു.
ജെസ്‌ന രാജ്യം വിട്ടിട്ടില്ലെന്നും മറ്റൊരു സംസ്‌ഥാനത്തു വിവാഹിതയായി കഴിയുന്നുണ്ടെന്നുള്ള വിവരം സി.ബി.ഐ. സ്‌ഥിരീകരിച്ചിട്ടില്ല. ഇങ്ങനെയൊരു സംശയം അവിടുത്തെ സമീപവാസികളാണ്‌ പോലീസിനെ അറിയിച്ചത്‌. യുവതി രണ്ടു തവണ പ്രസവിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. എന്നാല്‍, അന്വേഷണം വന്നതോടെ യുവതിയും കുടുംബവും അവിടം വിട്ടത്രേ.
ബന്ധുവീട്ടിലേക്കെന്നു പറഞ്ഞ്‌ 2018 മാര്‍ച്ചില്‍ വീട്ടില്‍നിന്ന്‌ ഇറങ്ങിയ ജെസ്‌ന എരുമേലി വരെ ബസില്‍ വന്നതിനു തെളിവുണ്ട്‌. പിന്നീട്‌ കണ്ടിട്ടില്ല. അന്ന്‌ 20 വയസായിരുന്നു പ്രായം. വ്യാജപേരിലും വിലാസത്തിലും രാജ്യംവിട്ടാലും കണ്ടെത്താനാകുമെന്നാണ്‌ അന്വേഷണ ഉദ്യോഗസ്‌ഥരുടെ പ്രതീക്ഷ.
2021 ഫെബ്രുവരിയിലാണു കേസന്വേഷണം ഹൈക്കോടതി സിബി.ഐയെ ഏല്‍പ്പിച്ചത്‌. അതിനു മുമ്പ്‌ ക്രൈംബ്രാഞ്ച്‌ അന്വേഷമാണ്‌ നടന്നത്‌. ജെസ്‌ന എവിടെയുണ്ടെന്ന്‌ അറിയാമെന്ന്‌ ഒരു ഘട്ടത്തില്‍ അന്വേഷണ ഉദ്യോഗസ്‌ഥനായ എ.ഡി.ജി.പി: ടോമിന്‍ ജെ. തച്ചങ്കരി പറഞ്ഞിരുന്നു. കൂടുതല്‍ വെളിപ്പെടുത്താനാകില്ലെന്നും പറഞ്ഞു. സമാനപ്രസ്‌താവന പത്തനംതിട്ട എസ്‌.പിയായിരുന്ന കെ.ജി. സൈമണ്‍ നടത്തിയെങ്കിലും ജെസ്‌ന ഇപ്പോഴും കാണാമറയത്തു തന്നെ.

LEAVE A REPLY

Please enter your comment!
Please enter your name here