സില്‍വര്‍ലൈന്‍ പദ്ധതിയില്‍ സി.പി.എം കേന്ദ്ര നേതൃത്വം സംസ്‌ഥാന സര്‍ക്കാരിനൊപ്പം

0

കണ്ണൂര്‍: സില്‍വര്‍ലൈന്‍ പദ്ധതിയില്‍ സി.പി.എം. കേന്ദ്ര നേതൃത്വം സംസ്‌ഥാന സര്‍ക്കാരിനൊപ്പം. അധികാരത്തിലുള്ള ഏക സംസ്‌ഥാനത്തെ വികസന പദ്ധതിയോട്‌ വിയോജിപ്പുകള്‍ക്കിടയിലും പിന്തുണ എന്ന നിലപാടിലാണു കേന്ദ്ര നേതാക്കള്‍. പദ്ധതിയുടെ കാര്യത്തില്‍ ഭിന്നതയില്ലെന്നു ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പി.ബി. അംഗം എസ്‌. രാമചന്ദ്രന്‍ പിള്ളയും അറിയിച്ചു.
പി.ബിക്കും കേരള നേതൃത്വത്തിനും ഒരേ നിലപാടാണെന്നും പിണറായിയും യെച്ചൂരിയും താനും പറയുന്നത്‌ ഒരേ കാര്യമാണെന്നും ആദ്യം പ്രതികരിച്ചത്‌ എസ്‌.ആര്‍.പിയാണ്‌. വികസനവിരോധികളായ ചിലരാണ്‌ പദ്ധതിയെ എതിര്‍ക്കുന്നതെന്നും ജനങ്ങളെ ബോധ്യപ്പെടുത്തി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. പിന്നാലെ യെച്ചൂരിയും നിലപാട്‌ വ്യക്‌തമാക്കി. പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന്‌ുമുഖ്യമന്ത്രി പറഞ്ഞത്‌ അദ്ദേഹത്തിന്റെയും എല്‍.ഡി.എഫിന്റെയും ആഗ്രഹവും സര്‍ക്കാരിന്റെ തീരുമാനവുമാണെന്നു കഴിഞ്ഞ ദിവസം യെച്ചൂരി പറഞ്ഞിരുന്നു.
പൊതുചര്‍ച്ചയില്‍ മന്ത്രി പി.രാജീവാണ്‌ കേരളത്തിന്റെ പശ്‌ചാത്തല വികസനത്തിനായി സില്‍വര്‍ലൈന്‍ പദ്ധതി വിശദീകരിച്ചത്‌. പശ്‌ചാത്തല വികസനത്തിനു പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ട്‌. ഇത്തരം പദ്ധതികളിലൂടെ വലിയ തോതില്‍ തൊഴിലവസരങ്ങള്‍ ആകര്‍ഷിക്കാനാകും. കാലഘട്ടത്തിന്റെ മാറ്റങ്ങളെ ഉള്‍ക്കൊണ്ടാണ്‌ വികസന പദ്ധതികള്‍ സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്‌.ബദല്‍ വികസന മാതൃകകളും പിണറായി സര്‍ക്കാരിന്റെ നേട്ടങ്ങളും പ്രസംഗത്തില്‍ പി. രാജീവ്‌ വിവരിച്ചു. തുടര്‍ന്ന്‌ മറ്റു സംസ്‌ഥാനങ്ങളില്‍നിന്ന്‌ ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധികളില്‍ ചിലരും കേരള സര്‍ക്കാരിന്റെ നേട്ടങ്ങളെ പ്രശംസിച്ചു.
തുടര്‍ന്നാണ്‌ സില്‍വര്‍ലൈന്‍ പദ്ധതിയില്‍ സി.പി.എം കേന്ദ്ര, സംസ്‌ഥാന നേതൃത്വങ്ങള്‍ തമ്മില്‍ അഭിപ്രായവ്യത്യാസമില്ലെന്ന്‌ ആവര്‍ത്തിച്ച്‌ സീതാറാം യെച്ചൂരി രംഗത്തെത്തിയത്‌. ഇക്കാര്യം പലതവണ വ്യക്‌തമാക്കിയതാണെന്നും ഏത്‌ ഭാഷയിലാണ്‌ ഇനി പറയേണ്ടതെന്നും യെച്ചൂരി മാധ്യമപ്രവര്‍ത്തകരോടു ചോദിച്ചു. പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും അനാവശ്യ വിവാദമുയര്‍ത്തരുതെന്നും യെച്ചൂരി പറഞ്ഞു.
പദ്ധതിയുടെ കാര്യത്തില്‍ പഠനത്തിനുശേഷം തീരുമാനമെടുക്കാമെന്ന യെച്ചൂരിയുടെ മുന്‍നിലപാടാണ്‌ പാര്‍ട്ടി കോണ്‍ഗ്രസ്‌ ചര്‍ച്ചകള്‍ക്കു ശേഷം സംസ്‌ഥാന സര്‍ക്കാരിനു പൂര്‍ണപിന്തുണയെന്ന നിലയിലേക്കു മാറിയത്‌.

കേരള മോഡല്‍ രാജ്യത്തിന്‌
മാതൃകയെന്ന്‌ ബൃന്ദ കാരാട്ട്‌

കണ്ണൂര്‍: കേരള മോഡല്‍ രാജ്യത്തിനു മാതൃകയാണെന്നും ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ ലക്ഷ്യമിട്ടിട്ടുള്ള പദ്ധതികളാണ്‌ എല്‍.ഡി.എഫ്‌. സര്‍ക്കാര്‍ നടത്തുന്നതെന്നും സി.പി.എം. പോളിറ്റ്‌ ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌ പറഞ്ഞു.
സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ പാര്‍ട്ടിയില്‍ അഭിപ്രായവ്യത്യാസമില്ല. കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ നിയമാനുസൃതമായാണു നടപ്പാക്കുന്നത്‌. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന വമ്പന്‍ പദ്ധതികള്‍ക്കൊന്നും പരിസ്‌ഥിതി ആഘാത പഠനം പോലും നടത്താറില്ല. ആദിവാസികള്‍ ഉള്‍പ്പടെയുള്ളവരെ നഷ്‌ടപരിഹാരം പോലും നല്‍കാതെ ഇറക്കിവിടുകയാണ്‌. ബി.ജെ.പി. ഭരിക്കുന്ന ഗുജറാത്ത്‌ അടക്കമുള്ള സംസ്‌ഥാനങ്ങളിലും ഇതാണ്‌ സ്‌ഥിതിവിശേഷം. കേന്ദ്രസര്‍ക്കാറിന്റെ പ്രത്യേക അനുമതിവാങ്ങി പദ്ധതികള്‍ നടപ്പാക്കുകയാണു ചെയ്ുന്നതയ്‌.
കേരളത്തില്‍ അങ്ങനെയല്ല. കേരളം പരിസ്‌ഥിതി ആഘാത പഠനം നടത്തി, സ്‌ഥലം വിട്ടുനല്‍കുന്നവര്‍ക്ക്‌ നഷ്‌ടപരിഹാരം നല്‍കിയാണ്‌ പദ്ധതികള്‍ നടപ്പാക്കുന്നതെന്നും ബൃന്ദ കാരാട്ട്‌ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
കേരളനിലപാട്‌
പ്രയോഗികമല്ലെന്ന്‌
ബംഗാള്‍ ഘടകം

കണ്ണൂര്‍: പ്രാദേശിക കക്ഷികളുമായി ചേര്‍ന്ന്‌ മുന്നണിയെന്ന സി.പി.എം. കേരളഘടകത്തിന്റെ വാദത്തെ എതിര്‍ത്ത്‌ ബംഗാള്‍ ഘടകം. പ്രാദേശികസഖ്യങ്ങളിലൂടെ ബി.ജെ.പിയെ തോല്‍പ്പിക്കാമെന്നതു പ്രായോഗികമല്ലെന്നു ബംഗാള്‍ നേതാക്കള്‍ പറഞ്ഞു. ഇതിനെതിരേ ശക്‌തമായ എതിര്‍വാദമാണു കേരളഘടകം ഉയര്‍ത്തിയത്‌.
കളിക്കളം കോണ്‍ഗ്രസിനു വിട്ടുകൊടുത്ത്‌ കേന്ദ്രനേതൃത്വം കാഴ്‌ചക്കാരാകരുതെന്നു കെ.കെ. രാഗേഷ്‌ പറഞ്ഞു. ദുര്‍ബലമാണെങ്കിലും സി.പി.എമ്മിനു വിശ്വാസ്യതയുണ്ടെന്നും പ്രമേയചര്‍ച്ചയില്‍ പങ്കെടുത്ത്‌ അദ്ദേഹം ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here