പെരുമ്പാവൂർ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ വിഷു ഉത്സവം തുടങ്ങി;
ഏപ്രിൽ 15ന് പുലർച്ചെ 4ന് വിഷുക്കണിദർശനം.

0

പെരുമ്പാവൂർ: നഗരഹൃദയത്തിലെ പ്രസിദ്ധമായ ശാസ്താക്ഷേത്രത്തിൽ തിരുവുത്സവത്തിന് കൊടിയേറി. ഇനി എട്ടു നാൾ ഉത്സവകാലം.
ഉത്സവം കൊടിയിറങ്ങി പിറ്റേന്ന് വിഷുക്കണിദർശനം. ധർമ്മശാസ്താവ് അർത്ഥപത്മാസനസ്ഥിതനായിട്ടുള്ള ശാസ്താ പ്രതിഷ്ഠയാണിവിടു ത്തേത്. വ്യാഴാഴ്ച രാത്രി 8ന് തന്ത്രിമുഖ്യൻ ചെറുമുക്ക് ഇല്ലത്ത് ബ്രഹ്മശ്രീ. കെ. സി. നാരായണൻ നമ്പൂതിരിപ്പാടാണ് കൊടിയേറ്റിയത്. മേൽശാന്തിമാരായ വൈദികൻ ചെറുമുക്ക് ബ്രഹ്മശ്രീ. ശ്രീകണ്ഠൻ സോമയാജിപ്പാടും കറുത്തേത്തിൽ മഠത്തിൽ ബ്രഹ്മശ്രീ. സന്തോഷ് നമ്പിടിയും സഹകാർമ്മികരായി.കൊടിയേറ്റ് സദ്യക്കുശേഷം കടുത്തുരുത്തി ശ്രീവത്സം കലാക്ഷേത്രം അവതരിപ്പിച്ച തുള്ളൽ ത്രയം നടന്നു. ഉത്സവത്തിന്റെ രണ്ടാം ദിനമായ വെള്ളിയാഴ്ച പതിവു പൂജകൾക്കുശേഷം രാവിലെ 10ന് ശ്രീഅയ്യപ്പചൈതന്യം എന്ന വിഷയത്തെ ആസ്പദമാക്കി ഭാഗവതാചാര്യൻ ഭാഗവതശ്രീ കേശവദാസിന്റെ ആദ്ധ്യാത്മിക പ്രഭാഷണം, 11ന് കടുത്തുരുത്തി ശ്രീവത്സം വേണുഗോപാലിന്റെ പാഠകം, ഉച്ചയ്ക്ക് പ്രസാദമൂട്ട് എന്നിവയുണ്ടാകും. വൈകിട്ട് 5ന് പെരുമ്പാവൂർ സത്യസായി സേവാസമിതി അവതരിപ്പിക്കുന്ന ഭജന, 6ന് കുമാരി വൈഷ്ണവി എസ്. കുമാർ, കുമാരി അനശ്വര അനീഷ് എന്നിവരുടെ മോഹിനിയാട്ടം, 6.30ന് യുവകലാഭാരതി എം.കെ. ശങ്കരൻ നമ്പൂതിരിയുടെ സംഗീതക്കച്ചേരി, രാത്രി 9.30ന് കൊടിപ്പുറത്ത് വിളക്ക്, 9.35ന് പെരുമ്പാവൂർ വോയ്‌സിന്റെ ഭക്തിഗാനമേള എന്നിവയുണ്ടാകും. മൂന്നാം ഉത്സവദിനമായ ശനിയാഴ്ച രാവിലെ 7ന് ഗജപൂജയുണ്ട്. 9.30ന് പെരുമ്പാവൂർ അക്ഷരശ്ലോകസമിതിയുടെ അക്ഷരശ്ലോകസദസ്സ്, 11ന്കലാമണ്ഡലം ശ്രീനാഥ് ചാക്ക്യാരുടെ ചാക്ക്യാർക്കൂത്ത്, വൈകിട്ട് 4ന് കാഴ്ചശ്രീബലി, 5ന് അങ്കമാലി മായാറാണീസ് പ്രണവം സ്‌കൂൾ ഓഫ് ഡാൻസ് അവതരിപ്പിക്കുന്ന നൂപുരധ്വനി, 6.30ന് കല്ലൂർ ഉണ്ണികൃഷ്ണനും ചേർപ്പുളശ്ശേരി രാജേഷും ഒന്നിയ്ക്കുന്ന ഡബിൾ തായമ്പക, രാത്രി 9ന് തിരുവനതപുരം ജ്വാല കമ്മ്യൂണിക്കേഷൻസിന്റെ ശ്രീമഹാശക്തി സംഗീത നൃത്തനാടകം എന്നിവ ഉണ്ടായിരിക്കുന്നതാണ്. ഏപ്രിൽ 10 ഞായറാഴ്ച രാവിലെ 8മുതൽ കാലടി സൗന്ദര്യ ലഹരി ഉപാസനാമണ്ഡലി ശങ്കരാചാര്യ സൗന്ദര്യലഹരി പാരായണം ചെയ്യും. തുടർന്ന് പെരുമ്പാവൂർ ഭജനമഠത്തിന്റെ ഭഗവദ്ഗീത പാരായണം. ക്ഷേത്രച്ചടങ്ങുകളുടെ ഭാഗമായുള്ള ഉത്സവബലിയും ഉത്സവബലി ദർശനവും 9 മുതൽ 11.30 വരെ നടക്കും. വൈകിട്ട് കാഴ്ചശ്രീബലി, 5ന് രാമു ആർ. മേനോന്റെ സംഗീതാരാധന, 5.30ന് പാർവ്വതി രാജൻശങ്കരാടിയും ഗായത്രി സജീവും അവതരിപ്പിക്കുന്ന നൃത്താഞ്ജലി, 6ന് പെരുമ്പാവൂർ ശ്രീധർമ്മശാസ്താ തിരുവാതിരസംഘത്തിന്റെ തിരുവാതിരക്കളി, 6.30ന് ഹൃദയജപലഹരി ഭക്തിഗാനമേള വൈക്കം ശിവാരി ഭജൻസ് അവതരിപ്പിക്കും. രാത്രി 9ന് കോട്ടയ്ക്കൽ പി.എസ്.വി. നാട്യസംഘത്തിന്റെ കർണ്ണശപഥം, ദുരോധന വധം കഥകളി അരങ്ങേറും. അഞ്ചാം ദിവസമായ തിങ്കളാഴ്ച രാവിലെ 9ന് ശിവജിപുരം സജീവന്റെ ആദ്ധ്യാത്മിക പ്രഭാഷണം, 11ന് മാസ്റ്റർ കണ്ണനുണ്ണിയുടെ ഓട്ടൻതുള്ളൽ, വൈകിട്ട് 5ന് സാംസ്കരിക സമ്മേളനം. സമ്മേളനത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ, ബോർഡ് മെമ്പർമാരായ പി. എൻ. തങ്കപ്പൻ, അഡ്വ. മനോജ് ചരളേൽ എന്നിവർ പങ്കെടുക്കും. പ്രസ്തുത ചടങ്ങിൽ പെരുമ്പാവൂർ ക്ഷേത്രത്തിൽ കഴിഞ്ഞ അമ്പതുവർഷമായി പാണ്ടിമേളം നടത്തിവരുന്ന വാദ്യകുലപതി ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാർക്ക് പ്രഥമ പെരുമ്പാവൂർ ശ്രീധർമ്മശാസ്താ പുരസ്കാരം നല്കി ആദരിക്കും. തുടർന്ന് രാത്രി 7.30ന് ചലച്ചിത്രതാരം സ്വാസികയുടെ നൃത്തസന്ധ്യ. ഏപ്രിൽ 12നാണ്‌ ചെറിയ വിളക്ക്. അന്ന് രാവിലെ 8മുതൽ ഭക്തിപ്രസ്ഥാനം ആചാര്യൻ മണിമന്ദിരം കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ സമ്പൂർണ്ണ നാരായണീയ ജപം, വൈകിട്ട് 5ന് കണയന്നൂർ രമേഷ് ബാബുവിന്റെ ഫ്ലൂട്ട് ഫ്യൂഷൻ എന്നിവ നടക്കും. അന്ന് കാഴ്ച ശ്രീബലി, ദീപാരാധന, വിളക്കിനെഴുന്നള്ളിപ്പ് ചടങ്ങുകൾക്ക് പ്രശസ്തരായ നെന്മാറ ബ്രദേഴ്‌സിന്റെ നാഗസ്വരമേളം ഉണ്ടായിരിക്കും. 6.30മുതൽ കലാമണ്ഡലം സുമതിടീച്ചറിന്റെ ശിഷ്യരും ചലച്ചിത്രതാരം ആശാ ശരത്തും ചേർന്നവതരിപ്പിക്കുന്ന നൃത്തസന്ധ്യ നടക്കും. ഏപ്രിൽ 13നാണ് വലിയ വിളക്ക്. 5 ഗജവീരന്മാർ അണിനിരക്കും. രാവിലെ 9ന് പെരുവനം സതീശൻ മാരാരുടെ മുഖ്യപ്രമാണത്തിൽ എൺപത്തിൽ പരം കലാകാരന്മാരുടെ പഞ്ചാരിമേളം, വൈകിട്ട് 3ന് 9 ഗജവീരന്മാരുടെ എഴുന്നള്ളിപ്പ്, വർണ്ണശബളമായ കുടമാറ്റം. അയിലൂർ അനന്ത നാരായണ അയ്യരുടെ മുഖ്യപ്രമാണത്തിൽ അറുപതില്പരം കലാകാരന്മാർ അണിനിരക്കുന്ന മേജർ സെറ്റ് പഞ്ചവാദ്യം അകമ്പടിയായുണ്ടാകും. രാത്രി 8ന് പള്ളിവേട്ട, ചോറ്റാനിക്കര സുഭാഷ്‌മാരാരുടെ പഞ്ചവാദ്യം, ചേരാനല്ലൂർ ശങ്കരകുട്ടിമാരാരുടെ മുഖ്യപ്രമാണത്തിൽ പാണ്ടിമേളം എന്നിവയുണ്ടാകും. എട്ടാം ദിവസമായ ഏപ്രിൽ 14 വ്യാഴാഴ്ച ആറാട്ടോടുകൂടി ഉത്സവം കൊടിയിറങ്ങും. വെള്ളിയാഴ്ച വിഷുവിളക്കും വിഷുക്കണി ദർശനവും ഉണ്ട്. മെയ് 3ന് നടക്കാനിരിക്കുന്ന പുനഃപ്രതിഷ്ഠാദിനച്ചടങ്ങുകൾക്കുള്ള തയ്യാറെടുപ്പുകളും ഇതോടനുബന്ധിച്ച് തുടങ്ങിയതായി ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് ജവഹർ ടി. ചൈത്രം വാർത്താസമ്മേളനത്തിൽ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here