കണ്ണൂര്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പുസഖ്യം വേണ്ടെന്നു സി.പി.എം

0

കണ്ണൂര്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പുസഖ്യം വേണ്ടെന്നു സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസ്‌ അംഗീകരിച്ച രാഷ്‌ട്രീയപ്രമേയം. കോണ്‍ഗ്രസ്‌ സഖ്യത്തിനായി വാദിച്ച പശ്‌ചിമബംഗാള്‍ ഘടകത്തിന്റെ നിലപാടിനെ മറ്റ്‌ സംസ്‌ഥാനങ്ങളില്‍നിന്നുള്ള പ്രതിനിധികളുടെ പിന്തുണയോടെ കേരളഘടകം വെട്ടി. പ്രമേയത്തിന്മേലുള്ള ചര്‍ച്ചയില്‍ കേരള-ബംഗാള്‍ ഘടകങ്ങള്‍ തമ്മിലുള്ള ഭിന്നത മറനീക്കി.
സംസ്‌ഥാനങ്ങളിലെ സാഹചര്യമനുസരിച്ച്‌ പ്രാദേശികസഖ്യങ്ങളാണു വേണ്ടതെന്നു കേരളഘടകം വാദിച്ചപ്പോള്‍, കോണ്‍ഗ്രസിനെ ഒഴിവാക്കിയുള്ള സഖ്യം സാധ്യമല്ലെന്നായിരുന്നു ബംഗാള്‍ നിലപാട്‌. ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി സഖ്യമില്ലെന്നും എന്നാല്‍, പ്രത്യേക പ്രാദേശികസാഹചര്യങ്ങളില്‍ തെരഞ്ഞെടുപ്പുസഖ്യം തുടരുമെന്നും രാഷ്‌ട്രീയപ്രമേയത്തില്‍ വ്യക്‌തമാക്കുന്നു.
മൃദുഹിന്ദുത്വനിലപാട്‌ സ്വകീരിക്കുന്ന കോണ്‍ഗ്രസിനു ബി.ജെ.പിയെ ചെറുക്കാന്‍ കഴിയില്ലെന്നായിരുന്നു കേരളഘടകത്തിന്റ നിലപാട്‌. എന്നാല്‍, അനിവാര്യഘട്ടങ്ങളില്‍ പ്രാദേശികമായി ബംഗാള്‍ മാതൃകയില്‍ ധാരണയുണ്ടാക്കുന്നതിനെ റിപ്പോര്‍ട്ട്‌ തടയുന്നില്ല. ദേശീയതലത്തില്‍ കോണ്‍ഗ്രസ്‌ ഉള്‍പ്പെട്ട മുന്നണിയില്‍ സി.പി.എം. പങ്കുചേരില്ല. ഫെഡറല്‍ മുന്നണിയെന്ന ആശയത്തെയും പ്രമേയം അംഗീകരിക്കുന്നില്ല. ദേശീയതലസഖ്യങ്ങള്‍ തെരഞ്ഞെടുപ്പിനുശേഷം മതിയെന്നാണു നിര്‍ദേശം. തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി. വിരുദ്ധ വോട്ടുകള്‍ പരമാവധി ഏകോപിപ്പിക്കാന്‍ അനുയോജ്യമായ രാഷ്‌ട്രീയതന്ത്രം സ്വീകരിക്കും. കോണ്‍ഗ്രസ്‌ സംഘടനാപരമായി തകരുകയും രാഷ്‌ട്രീയസ്വാധീനം നഷ്‌ടപ്പെടുകയും ചെയ്‌തു. പല കോണ്‍ഗ്രസ്‌ നേതാക്കളും ബി.ജെ.പിയിലേക്കു ചേക്കേറുന്നു. കോണ്‍ഗ്രസ്‌ ഭരണമുള്ള സംസ്‌ഥാനങ്ങളില്‍ നവ-ലിബറല്‍ നയങ്ങള്‍ നടപ്പാക്കുന്നു. മതേതരകക്ഷിയെന്ന്‌ അവകാശപ്പെടുമ്പോഴും ഹിന്ദുത്വശക്‌തികളോടു വിട്ടുവീഴ്‌ച ചെയ്യുന്നു. ദുര്‍ബലമായ കോണ്‍ഗ്രസിന്‌ മറ്റ്‌ മതേതര പ്രതിപക്ഷകക്ഷികള്‍ക്കൊപ്പം ശക്‌തമായി നിലയുറപ്പിക്കാന്‍ സാധിക്കില്ല. വര്‍ഗീയതയ്‌ക്കും ഹിന്ദുത്വ അജന്‍ഡയ്‌ക്കുമെതിരേ ശക്‌തമായി പോരാടണം. കര്‍ഷകസമരം പോലെയുള്ള വന്‍മുന്നേറ്റങ്ങളില്‍ സി.പി.എം. ശക്‌തമായി നിലയുറപ്പിക്കും. വനിതാസംവരണ ബില്‍ അടിയന്തരമായി നടപ്പാക്കണം. സ്‌ത്രീകള്‍ക്കെതിരായ കുറ്റങ്ങളില്‍ കടുത്തശിക്ഷ നല്‍കണം. ട്രാന്‍സ്‌ജെന്‍ഡറുകളുടെ അവകാശസംരക്ഷണം ഉറപ്പാക്കണം. തൊഴിലുറപ്പുകൂലി വര്‍ധിപ്പിക്കണം. ബി.ജെ.പി. സര്‍ക്കാരിന്റെ വിദ്യാഭ്യാസനയം പിന്‍വലിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. പൊതുചര്‍ച്ച ഇന്നലെ പൂര്‍ത്തിയായി. ബി.ജെ.പിയെ നേരിടാന്‍ ശേഷിയുള്ളതു പ്രാദേശികകക്ഷികള്‍ക്കാണെന്നും അവരെ ഉള്‍പ്പെടുത്തിയുള്ള മതേതരമുന്നണിയാണ്‌ അഭികാമ്യമെന്നുമുള്ള നിലപാട്‌ പാര്‍ട്ടി ഔദ്യോഗികമായി അറിയിക്കും.

രാഘവലുവിന്റെ
ബദല്‍ തള്ളി

ആന്ധ്രാപ്രദേശില്‍നിന്നുള്ള ബി.വി. രാഘവലുവിന്റെ ബദല്‍നിര്‍ദേശം തള്ളിയാണു രാഷ്‌ട്രീയപ്രമേയം അംഗീകരിച്ചത്‌. വിശാലമതേതരകൂട്ടായ്‌മ എന്ന അടവുനയത്തിനു പകരം ഇടതുജനാധിപത്യചേരി മതിയെന്നായിരുന്നു രാഘവലുവിന്റെ നിര്‍ദേശം. ഹൈദരാബാദ്‌ പാര്‍ട്ടി കോണ്‍ഗ്രസില്‍ സീതാറാം യെച്ചൂരിക്കൊപ്പം ജനറല്‍ സെക്രട്ടറി സ്‌ഥാനത്തേക്കു പരിഗണിക്കപ്പെട്ടയാളാണു രാഘവലു. ഇടതുജനാധിപത്യചേരി മതിയെന്ന കാഴ്‌ചപ്പാടാകട്ടെ യെച്ചൂരിയുടെ നിലപാടിനെതിരാണ്‌. വിപ്ലവ പാര്‍ട്ടിയായ സി.പി.എം. ശക്‌തി വര്‍ധിപ്പിക്കുമ്പോള്‍ ഇടതുജനാധിപത്യബദലെന്ന നയത്തില്‍ ഉറച്ചുനില്‍ക്കണമെന്നു രാഘവലു വാദിച്ചു. ഇതു തള്ളിയെങ്കിലും ചില നിര്‍ദേശങ്ങള്‍ സംഘടനാ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തി.

പൊതുലക്ഷ്യത്തിനായി
ഒന്നിക്കണം: തരിഗാമി

വ്യത്യസ്‌ത രാഷ്‌ട്രീയകാഴ്‌ചപ്പാടുകള്‍ക്കിടയിലും പൊതുലക്ഷ്യത്തിനായി ഒന്നിക്കണമെന്നു കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ്‌ യൂസഫ്‌ തരിഗാമി മാധ്യമങ്ങളോടു പറഞ്ഞു. ബി.ജെ.പി. ഉയര്‍ത്തുന്ന വെല്ലുവിളി തടയുകയാണു മുഖ്യലക്ഷ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കരട്‌ രാഷ്‌ട്രീയപ്രമേയത്തില്‍ പൂര്‍ണമായ അഭിപ്രായ ഏകീകരണമില്ലെന്ന സൂചനയാണു നേതാക്കളുടെ പ്രതികരണങ്ങളില്‍നിന്നു വ്യക്‌തമാകുന്നത്‌. കോണ്‍ഗ്രസിനെ ഒഴിവാക്കി ബി.ജെ.പി. വിരുദ്ധമുന്നണി സാധ്യമല്ലെന്ന നിലപാടില്‍നിന്നു ബംഗാള്‍ ഘടകം പിന്നോട്ടുപോയില്ല. ബി.ജെ.പിയേയും തൃണമൂല്‍ കോണ്‍ഗ്രസിനെയും ഒരുപോലെ എതിര്‍ക്കണമെന്നാണു രാഷ്‌ട്രീയപ്രമേയചര്‍ച്ചയില്‍ ശ്രിജന്‍ ഭട്ടാചാര്യ പറഞ്ഞത്‌.

കൂടുതല്‍ സംസ്‌ഥാനങ്ങള്‍
കേരളഘടകത്തിനൊപ്പം

ദേശീയതലത്തില്‍ സഖ്യം വേണ്ട, പ്രാദേശികമായി മതിയെന്ന കേരളഘടകത്തിന്റെ നയത്തിനു പൊതുചര്‍ച്ചയില്‍ കൂടുതല്‍ പിന്തുണ ലഭിച്ചു. കോണ്‍ഗ്രസ്‌ സഖ്യമെന്ന പശ്‌ചിമബംഗാള്‍ ഘടകത്തിന്റെ ആവശ്യം തള്ളിയാണു മറ്റ്‌ സംസ്‌ഥാനങ്ങളിലെ പ്രതിനിധികള്‍ കേരളത്തിനൊപ്പം നിലയുറപ്പിച്ചത്‌. കോണ്‍ഗ്രസുമായി സഖ്യം പാടില്ലെന്നും ദേശീയതലത്തില്‍ കേരളത്തെ ബദലായി ഉയര്‍ത്തിക്കാട്ടണമെന്നും തമിഴ്‌നാട്‌, വടക്കുകിഴക്കന്‍ സംസ്‌ഥാനങ്ങളിലെ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. തമിഴ്‌നാട്‌, അസം മാതൃകയിലുള്ള പ്രാദേശികസഖ്യങ്ങളാണ്‌ അവര്‍ മുന്നോട്ടുവയ്‌ക്കുന്നത്‌. കോണ്‍ഗ്രസിന്റെ സാമ്പത്തിക-ഉദാരവത്‌കരണനയങ്ങള്‍ തിരുത്തപ്പെടണമെന്നും സഖ്യത്തെ എതിര്‍ക്കുന്ന പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി

LEAVE A REPLY

Please enter your comment!
Please enter your name here