കെ.എസ്‌ ഇ.ബിയില്‍ പ്രതിഷേധ സമരങ്ങളുടെ ഭാഗമായി ബോര്‍ഡ്‌ റൂമിലേക്കു തള്ളിക്കയറിയ 19 ഉയര്‍ന്ന ഉദ്യോഗസ്‌ഥര്‍ക്കെതിരേ വകുപ്പുതല നടപടിയുടെ ഭാഗമായി കുറ്റപത്രം

0

തിരുവനന്തപുരം : കെ.എസ്‌ ഇ.ബിയില്‍ പ്രതിഷേധ സമരങ്ങളുടെ ഭാഗമായി ബോര്‍ഡ്‌ റൂമിലേക്കു തള്ളിക്കയറിയ 19 ഉയര്‍ന്ന ഉദ്യോഗസ്‌ഥര്‍ക്കെതിരേ വകുപ്പുതല നടപടിയുടെ ഭാഗമായി കുറ്റപത്രം. അതിനു പിന്നാലെ പോലീസിലും പരാതിപ്പെട്ട്‌ പ്രതിഷേധക്കാരെ പൂട്ടാനാണ്‌ മന്ത്രി കെ. കൃഷ്‌ണന്‍കുട്ടിയുടെയും ബോര്‍ഡ്‌ ചെയര്‍മാന്‍ ബി. അശോകിന്റെയും നീക്കം. 30-നു മുമ്പ്‌ കുറ്റപത്രത്തിനു മറുപടി നല്‍കാനാണു നിര്‍ദേശം. ഉദ്യോഗസ്‌ഥര്‍ കൂടുതല്‍ സമയം ചോദിച്ചെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍നിന്നു തിരിച്ചെത്തുന്നതിനു മുമ്പ്‌ നടപടി ഉണ്ടായേക്കും.
സസ്‌പെന്‍ഷന്‍ പിന്‍വലിച്ച മൂന്ന്‌ ഓഫീസര്‍മാരും ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ വിസമ്മതിച്ചതിനാല്‍ ഈ തസ്‌തികകളില്‍ പകരം നിയമനം നടത്തണമെന്നു മാനേജ്‌മെന്റിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. ഇതും ഓഫീസേഴ്‌സ്‌ അസോസിയേഷനെ സമ്മര്‍ദത്തിലാക്കുന്നു. എങ്കിലും സമരത്തില്‍നിന്നു പിന്നാക്കം പോകേണ്ടെന്നാണ്‌ ഓഫീസേഴ്‌സ്‌ അസോസിയേഷന്റെ ഇപ്പോഴത്തെ തീരുമാനം. മേയ്‌ 16-ന്‌ നിസഹകരണ സമരം തുടങ്ങാനാണു നിശ്‌ചയിച്ചിരിക്കുന്നത്‌.
ബോര്‍ഡിലെ സമരം നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി നാളെ വീണ്ടും ഹൈക്കോടതിയുടെ പരിഗണനയ്‌ക്കു വരുന്നുണ്ട്‌. ഓഫീസര്‍മാരുടെ സംഘടന തൊഴിലാളി യൂണിയനുകളുടെ പരിധിയില്‍ വരില്ലെന്നാണു ഹൈക്കോടതിയുടെ പ്രാഥമിക നിരീക്ഷണം. അതിനാല്‍, സര്‍ക്കാരിന്റെ നിലപാടും കോടതിയുടെ വിധിയും കെ.എസ്‌.ഇ.ബിയിലെ തര്‍ക്കത്തില്‍ നിര്‍ണായകമാകും.
സി.സി. ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ്‌ ബോര്‍ഡ്‌ റൂമിലേക്കു തള്ളിക്കയറിയവരെ തിരിച്ചറിഞ്ഞത്‌. വിശദീകരണം തൃപ്‌തികരമല്ലെങ്കില്‍ ജീവനക്കാര്‍ക്കെതിരെ കടുത്ത നടപടി ഉണ്ടാകും. ഇപ്പോള്‍ സസ്‌പെന്‍ഷനിലുള്ളവര്‍ക്കു പുറമേ കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റുള്ളവരെയും സസ്‌പെന്‍ഡ്‌ ചെയ്യും. പിന്നാലെയാണ്‌ വകുപ്പുതല നടപടിയും പോലീസ്‌ നടപടിയും. ദൃശ്യങ്ങള്‍ പോലീസിനു കൈമാറും.
കെഎസ്‌ ഇ.ബിയില്‍ നിന്നു വിരമിച്ച ഒരു മുന്‍നേതാവും പ്രതിയാകും. ബോര്‍ഡ്‌ റൂമില്‍ അതിക്രമിച്ചു കയറിയതിന്‌ ഇയാള്‍ക്കെതിരേ നേരിട്ട്‌ പോലീസില്‍ പരാതി നല്‍കും. പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത്‌ ജോലിയില്‍ കയറാതിരുന്ന എല്ലാവര്‍ക്കെതിരെയും വകുപ്പു നടപടി ഉണ്ടായേക്കും. അസി. എന്‍ജിനീയര്‍ മുതല്‍ എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയര്‍ വരെയുള്ളവര്‍ തള്ളിക്കയറിയെന്നാണു ചീഫ്‌ വിജിലന്‍സ്‌ ഓഫിസര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്‌.
ബോര്‍ഡിനെതിരെയും ചെയര്‍മാനും മന്ത്രിക്കെതിരെയും സി.ഐ.ടി.യു. നിലപാട്‌ കൂടുതല്‍ കടുപ്പിക്കുകയാണ്‌. ജീവനക്കാരെ സംരക്ഷിച്ചില്ലെങ്കില്‍ കെ.എസ്‌.ആര്‍.ടി.സിയില്‍ സി.ഐ.ടി.യു യൂണിയനു സംഭവിച്ച സ്‌ഥിതി കെഎസ്‌ ഇ.ബിയിലും ഉണ്ടാകുമെന്നു സി.പി.എം. സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനെ സി.ഐ.ടി.യു. നേതാക്കള്‍ അറിയിച്ചിട്ടുണ്ട്‌. ഇതിനു പുറമേ എളമരം കരീമും ആനത്തലവട്ടം ആനന്ദനും മുഖ്യമന്ത്രിയെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുമുണ്ട്‌

LEAVE A REPLY

Please enter your comment!
Please enter your name here