ധനമന്ത്രിയും വകുപ്പുമന്ത്രിയും കൈയൊഴിഞ്ഞതോടെ കെ.എസ്‌.ആര്‍.ടി.സിയില്‍ പ്രതിസന്ധി രൂക്ഷം

0

തിരുവനന്തപുരം : ധനമന്ത്രിയും വകുപ്പുമന്ത്രിയും കൈയൊഴിഞ്ഞതോടെ കെ.എസ്‌.ആര്‍.ടി.സിയില്‍ പ്രതിസന്ധി രൂക്ഷം. മന്ത്രിമാര്‍ പ്രതികാരബുദ്ധിയോടെ പെരുമാറുന്നതായി ആരോപിച്ച്‌ സി.ഐ.ടി.യു, എ.ഐ.ടി.യു.സി ഭരണപക്ഷാനുകൂല സംഘടനകളിലെ അണികള്‍ രംഗത്തിറങ്ങിയതോടെ സംഘടനകള്‍ക്കുള്ളിലെ ആശയക്കുഴപ്പവും വര്‍ധിച്ചു. കഴിഞ്ഞ ദിവസം സി.എം.ഡി. ബിജു പ്രഭാകര്‍ യൂണിയനുകളുമായി നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. മന്ത്രി ആന്റണി രാജുവുമായി ഇന്നു ചര്‍ച്ചയുണ്ട്‌.
എല്ലാക്കാലത്തും കെ.എസ്‌.ആര്‍.ടി.സിക്കു ശമ്പളം നല്‍കാന്‍ സര്‍ക്കാരിനാകില്ലെന്നാണ്‌ മന്ത്രിമാരായ കെ.എന്‍. ബാലഗോപാലും ആന്റണി രാജുവും പറഞ്ഞത്‌. ശമ്പളത്തിനുള്ള മാര്‍ഗം കെ.എസ്‌.ആര്‍.ടി.സി തന്നെ കണ്ടെത്തണം. ഒരുദിവസം ശരാശരി അഞ്ചുകോടിയാണു കലക്‌ഷന്‍. അങ്ങനെ മാസം 150 കോടി കിട്ടും. ഇതില്‍ 90 കോടി ഡീസലിനു വേണം. കലക്‌ഷനെല്ലാം ബാങ്കിലാണു നിക്ഷേപിക്കുന്നത്‌. അങ്ങനെ നിക്ഷേപിക്കുന്നതില്‍നിന്ന്‌ ദിവസവും 98 ലക്ഷം ബാങ്കുകള്‍ കൊണ്ടുപോകും. അതായത്‌ 30 കോടിയോളം അങ്ങനെ തീരും. ബാക്കിയുള്ളത്‌ 22 കോടിയാണ്‌. എന്നാല്‍ 80 കോടിയെങ്കിലും ഉണ്ടെങ്കിലേ ശമ്പളം കൊടുക്കാനാകൂ. കോവിഡ്‌ സാഹചര്യം കണക്കിലെടുത്ത്‌ കഴിഞ്ഞമാസം വരെ പ്രതിമാസം 30 മുതല്‍ 50 കോടി വരെ സര്‍ക്കാര്‍ ശമ്പളത്തിനും പെന്‍ഷനുമായി നല്‍കി. ഇനി അത്‌ തുടരാനാവില്ല.
കോവിഡ്‌ പ്രതിസന്ധി അകന്നെങ്കിലും ബസുകളിലേക്ക്‌ പൂര്‍ണതോതില്‍ യാത്രക്കാര്‍ എത്തിത്തുടങ്ങിയിട്ടില്ലെന്നു ജീവനക്കാര്‍ പറയുന്നു. കോവിഡിനു മുന്‍പ്‌ ഉണ്ടായിരുന്നത്ര ബസുകളും ഷെഡ്യൂളുകളും ഇപ്പോഴില്ല. ഇതു വരുമാനത്തെ ബാധിക്കുന്നുണ്ട്‌. കെ.എസ്‌.ആര്‍.ടി.സിക്ക്‌ മുഖ്യവരുമാനം നേടി ക്കൊടുത്തിരുന്ന ദീര്‍ഘദൂര സര്‍വീസുകള്‍ സ്വിഫ്‌റ്റിലേക്കു മാറിയതോടെ പ്രതിസന്ധി വീണ്ടും രൂക്ഷമാകും. ഉള്ള ബസുകള്‍ ഓടിക്കാതെ കൂട്ടിയിട്ടു നശിപ്പിച്ചതോടെ ജീവനക്കാര്‍ക്ക്‌ ജോലിതന്നെ ഇല്ലാതായ അവസ്‌ഥയില്‍ സര്‍ക്കാര്‍ കൈവിടുന്നതു ക്രൂരതയാണെന്നാണ്‌ അവര്‍ പറയുന്നത്‌.
പരമാവധി ബസുകള്‍ ആളുള്ള സമയത്തോടിച്ച്‌ വരുമാനം കൂട്ടണമെന്ന്‌ മാനേജ്‌മെന്റ്‌ നിര്‍ദ്ദേശിക്കുന്നു. രാവിലെ ജോലിക്കു വരുന്നവര്‍ എട്ടു മണിക്കൂര്‍ ജോലിചെയ്‌ത്‌ വൈകിട്ട്‌ പോകും. അതുകൊണ്ട്‌ അഞ്ചുമണിക്കു ശേഷം ബസ്‌ ഓടിക്കാന്‍ ആളില്ല. രാവിലെ പതിനൊന്നു വരെയും വൈകിട്ട്‌ മൂന്നരയ്‌ക്കു ശേഷവുമാണ്‌ യാത്രക്കാര്‍ കൂടുതല്‍. വൈകിട്ട്‌ ആളുണ്ടെങ്കിലും ജിവനക്കാരുടെ കുറവുമൂലം സര്‍വീസ്‌ നടത്താന്‍ കഴിയുന്നില്ല. ഈ അലംഭാവം കാരണം എം പാനലുകാരെ പുറത്തുനിന്ന്‌ എടുക്കേണ്ടി വരുന്നു. ഈ സാഹചര്യത്തിലാണ്‌ ഉള്ള ജീവനക്കാര്‍ പരമാവധി ജോലി ചെയ്യണമെന്ന ആവശ്യം മുന്നോട്ടുവച്ചത്‌. 12 മണിക്കൂര്‍ ഡ്യൂട്ടി എന്ന നിര്‍ദേശവും അതുകൊണ്ടാണ്‌. എന്നാല്‍ യൂണിയനുകള്‍ ഇത്‌ അട്ടിമറിക്കുകയാണെന്നാണ്‌ മാനേജ്‌മെന്റ്‌ കുറ്റപ്പെടുത്തുന്നു. ഒന്നുകില്‍ 12 മണിക്കൂര്‍ ജോലി. അതില്‍ ഓവര്‍ടൈമിന്‌ മാന്യമായ ശമ്പളം. അല്ലെങ്കില്‍ ഉച്ചയ്‌ക്ക്‌ 12 മുതല്‍ അടുത്ത ദിവസം ഉച്ചയ്‌ക്ക്‌ 12 വരെ നീളുന്ന ഡബിള്‍ ഷിഫ്‌റ്റ്‌. രാത്രിയില്‍ ഉറങ്ങാന്‍ കഴിയുന്ന തരത്തിലുള്ള ക്രമീകരണം. ഇവയും യൂണിയനുകള്‍ക്ക്‌ അംഗീകരിക്കാന്‍ കഴിയുന്നില്ലെന്നാണ്‌ മാനേജ്‌മെന്റിന്റെ പരാതി.
ഈ മാസം 149 പേരും അടുത്ത മാസം 594 പേരും വിരമിക്കും. ഈ ഒഴിവുകള്‍ നികത്താതെതന്നെ മുന്നോട്ടു പോകാനുള്ള തൊഴിലാളികള്‍ ഇപ്പോഴുണ്ട്‌. ഹോം ഡിപ്പോയില്‍ അടിഞ്ഞുകൂടിയിരിക്കുന്നവരെ പുനര്‍വിന്യസിക്കുകയും പുതിയ ഡ്യൂട്ടിസമയം നടപ്പാക്കുകയും ചെയ്‌താല്‍ ഇതിനു കഴിയും. വിരമിക്കുന്നവരുടെ ശമ്പള ഇനത്തില്‍ മൂന്നുകോടിയോളം രൂപ ചെലവ്‌ കുറയും. ഈ തുക നിലവിലുള്ളവര്‍ക്ക്‌ വീതിച്ചു നല്‍കുന്ന തരത്തിലാണ്‌ ഡ്യൂട്ടി നിര്‍ദേശിച്ചത്‌. എന്നാല്‍ വിരമിക്കുന്നവര്‍ക്കു പകരം ജീവനക്കാരെ വേണമെന്നാണ്‌ യൂണിയനുകളുടെ നിലപാട്‌. ചെലവുകള്‍ പരമാവധി കുറയ്‌ക്കുക എന്ന ലക്ഷ്യത്തോടെ മുന്നോട്ടു പോകുമ്പോള്‍ പുതിയ ആളുകളെ ഉടനടി നിയമിക്കാനാവില്ലെന്ന നിലപാടിലാണു കെ.എസ്‌.ആര്‍.ടി.സി.
ഇന്നത്തെ ചര്‍ച്ചയിലും പരിഹാരം കണ്ടില്ലെങ്കില്‍ അടുത്തമാസം മുതല്‍ അനിശ്‌ചിതകാല സമരം ആരംഭിക്കാനാണ്‌ ടി.ഡി.എഫ്‌, ബി.എം.എസ്‌ യൂണിയനുകളുടെ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here