പുടിൻ അങ്കിളിനെ വിളിക്കുമെന്നു പറഞ്ഞു; കസാക്കിസ്ഥാൻ റേഡിയോ ജോക്കിയുടെ പണിപോയി

0

അസ്താന: റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിനെക്കുറിച്ചും അദ്ദേഹത്തിന്‍റെ യുക്രെയിൻ അധിനിവേശത്തെക്കുറിച്ചും നടന്ന ചൂടേറിയ ഫേസ്ബുക്ക് ചർച്ചയിൽ വിവാദ പരാമർശം നടത്തിയ അവതാരകയെ കസാക്ക് റേഡിയോ സ്റ്റേഷൻ അധികൃതർ പുറത്താക്കി.

റഷ്യയുടെ അധിനിവേശത്തെ രൂക്ഷമായി വിമർശിച്ചു സംസാരിച്ചുകൊണ്ടിരുന്നയാൾക്കു മറുപടിയായിട്ടുള്ള അവതാരകയുടെ പരാമർശമാണ് വലിയ വിമർശനം ക്ഷണിച്ചുവരുത്തിയത്. “നിങ്ങൾ കൂടുതൽ സംസാരിച്ചാൽ ഞങ്ങൾ അങ്കിൾ വോവയെ വിളിക്കും’ എന്നായിരുന്നു അവതാരക ല്യൂബോവ് പനോവയുടെ തമാശ കമന്‍റ്.

വ്ളാഡിമിർ പുടിനെ സ്നേഹത്തോടെ വിശേഷിപ്പിക്കുന്ന പേരാണ് അങ്കിൾ വോവ. പുടിന്‍റെ അധിനിവേശം കസാക്കിസ്ഥാനിലേക്കും ആകാമെന്നു ധ്വനിയുള്ള പരാമർശമാണ് ഇതെന്നതാണ് രൂക്ഷവിമർശനത്തിന് ഇടയാക്കിയത്.

മുൻ സോവിയറ്റ് റിപ്പബ്ലിക്കായ കസാക്കിസ്ഥാൻ, റഷ്യയുമായി രണ്ടാമത്തെ ഏറ്റവും നീളമേറിയ കര അതിർത്തി പങ്കിടുന്ന രാജ്യമാണ്. റഷ്യയുമായി അടുത്ത ബന്ധമാണ് കസാക്കിസ്ഥാൻ പുലർത്തുന്നത്.

ജനസംഖ്യയിൽ ഒരു വിഭാഗം റഷ്യൻ വംശജരുമാണ്. അതുകൊണ്ട് തന്നെ റഷ്യയെ വിമർശിക്കുകയും അനുകൂലിക്കുകയും ചെയ്യുന്നവർ തമ്മിലുള്ള സംവാദം രാജ്യത്തു ശക്തമാണ്. അവതാരകയുടെ പരാമർശം റഷ്യൻ വിരുദ്ധർ വലിയ വിവാദമാക്കിയതോടെ യൂറോപ്പ പ്ലസ് കസാക്കിസ്ഥാൻ റേഡിയോ സ്റ്റേഷനാണ് അവതാരക ല്യൂബോവ് പനോവയുമായുള്ള കരാർ റദ്ദാക്കിയതായി പ്രഖ്യാപിച്ചത്. പരോക്ഷമായി റഷ്യയെ അനുകൂലിക്കുന്ന നിലപാടാണ് കസാക്കിസ്ഥാൻ ഭരണകൂടം സ്വീകരിച്ചിട്ടുള്ളത്.

എല്ലാ രാജ്യങ്ങളും യുഎൻ ചാർട്ടറിന്‍റെ മാനദണ്ഡങ്ങളും തത്വങ്ങളും കർശനമായി പാലിക്കണമെന്നു പ്രസിഡന്‍റ് കാസിം-ജോമാർട്ട് ടോകയേവ് ഈ മാസം പറഞ്ഞെങ്കിലും യുക്രെയ്നിലെ റഷ്യയുടെ അധിനിവേശത്തെ വിമർശിക്കുന്നതു കസാക്കിസ്ഥാൻ ഒഴിവാക്കി.

യുക്രെയ്നിലെ യുദ്ധത്തെത്തുടർന്നു റഷ്യ വിടുന്ന കമ്പനികൾ കസാക്കിസ്ഥാനിലേക്ക് ഉത്പാദനം മാറ്റാൻ സ്വാഗതം ചെയ്യുന്നതായി ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഒരു ജർമൻ പത്രത്തോടു പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here