മെസ്സിയും റൊണാൾഡോയും നെയ്മറുമെല്ലാം അടുത്ത ലോകകപ്പിന് ഉണ്ടാകുമോയെന്ന് ഉറപ്പില്ല; ഏതായാലും മ്മ്ക്കു പോവാം. സ്റ്റേഡിയത്തിലിരുന്ന് ആവേശത്തിന്റെ കൊടി പാറിക്കാം… ഇതുവരെയുള്ള ലോകകപ്പ് പോലെയാവില്ല മലയാളികൾക്കു ഖത്തർ ലോകകപ്പ്; അതു നമ്മുടെ സ്വന്തം ലോകകപ്പാണ്; മലയാളികൾ ആഘോഷിക്കുന്ന ലോകകപ്പ്…

0

ഖത്തർ– നമ്മുടെ കൊച്ചു കേരളത്തിന്റെ മൂന്നിലൊന്നു വലുപ്പം മാത്രമുള്ള രാജ്യം. ആകെ ജനസംഖ്യ 26 ലക്ഷം. അതിൽ തന്നെ ആറു ലക്ഷത്തിലേറെ ഇന്ത്യക്കാർ. അതിൽ ഭൂരിഭാഗവും മലയാളികൾ. അവരെല്ലാവരും ഒരുമിച്ചൊരു പന്തിനു പിന്നാലെ ഓടാൻ ഒരുങ്ങുന്നു;
ലോകം മുഴുവൻ ഖത്തറിലെത്തും. അറബി നാട്ടിലെ, മരുഭൂമിയിലെ ആദ്യത്തെ ലോകകപ്പ് ഫുട്ബോൾ കാണാൻ.

ഇതുവരെയുള്ള ലോകകപ്പ് പോലെയാവില്ല മലയാളികൾക്കു ഖത്തർ ലോകകപ്പ്; അതു നമ്മുടെ സ്വന്തം ലോകകപ്പാണ്. മലയാളികൾ ആഘോഷിക്കുന്ന ലോകകപ്പ്. മലപ്പുറത്തെയും കോഴിക്കോട്ടെയുമൊക്കെ ഫുട്ബോൾ ആരാധകർ ഇപ്പോൾ തന്നെ ഖത്തറിലെ ബന്ധുക്കളോടും ചങ്ങാതിമാരോടുമൊക്കെ പറഞ്ഞു വച്ചിട്ടുണ്ട്, 2022ലെ ലോകകപ്പിനൊരു ടിക്കറ്റ്.
ആദ്യമായാണു നമുക്കു തൊട്ടടുത്ത് ലോകകപ്പെത്തുന്നത്. കേരളത്തിൽ നിന്ന് യാത്രയ്ക്കു നാലര മണിക്കൂർ മാത്രം മതി. ഖത്തറിൽ നാട്ടുകാരും ബന്ധുക്കളുമൊക്കെ ഇഷ്ടം പോലെ ഉള്ളതു കൊണ്ടു താമസമൊരു പ്രശ്നമല്ല. ഓൺ അറൈവൽ വീസ ഉള്ളതുകൊണ്ടു വീസ പ്രശ്നവുമില്ല. വിമാന ടിക്കറ്റും, കളികാണാനുള്ള ടിക്കറ്റുമുണ്ടെങ്കിൽ നമുക്കു ലോകകപ്പ് കാണാം. അതുകൊണ്ടു തന്നെ 2022ലെ ഖത്തർ ലോകകപ്പ് മലയാളികളുടേതു കൂടിയാവും.

2022ലെ ലോകകപ്പ് ഫുട്ബോളിന് ആതിഥ്യം വഹിക്കുന്ന രാജ്യമായി ഖത്തർ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ലോകം മുഴുവൻ ഞെട്ടി. ഈയൊരു ചെറു രാജ്യത്തിന് ഇതൊക്കെ കഴിയുമോ? പക്ഷേ, അന്നുമുതൽ ഖത്തറിന്റെ മനസ്സിൽ ഒരേയൊരു വർഷമേയുണ്ടായിരുന്നുള്ളൂ, 2022.

ഖത്തറിലെ പൂർവികരുടെ പ്രധാന തൊഴിൽ മുത്തുവാരലായിരുന്നു. കടലിൽ നിന്ന് അമൂല്യമായ മുത്തുകൾ അവർ മുങ്ങിയെടുത്തു; അങ്ങനെ അവർ അദ്ഭുതത്തിന്റെ ചെപ്പുകൾ തുറന്നു. 2022ലെ ലോകകപ്പ് ഫുട്ബോളും ഒരു അദ്ഭുത ചെപ്പാവും. അദ്ഭുതങ്ങൾ എന്തൊക്കെയാണെന്നതു കാത്തിരുന്നു തന്നെ കാണണം.

എല്ലാ സ്റ്റേഡിയങ്ങളിലും അത്യാധുനിക ശീതീകരണ സാങ്കേതികവിദ്യയാണുള്ളത്. ഗാലറി മാത്രമല്ല, മൈതാനവും തണുപ്പിക്കും ഈ സംവിധാനം. അതുകൊണ്ടു തന്നെ ചൂടിനെ പേടിക്കുകയേ വേണ്ട. കളിക്കാരും കാണികളും ചൂടാകില്ല.
തിരക്കിട്ട് ഓടി നടന്നുളള കളിയുമില്ല. ലോകകപ്പ് നടക്കുമ്പോൾ ഖത്തറിലെ ഒരു സ്റ്റേഡിയത്തിൽ നിന്ന് മറ്റൊരു സ്റ്റേഡിയത്തിലേക്കു വേണമെങ്കിൽ ഓടിയെത്താം. സ്റ്റേഡിയങ്ങൾ തമ്മിലുള്ള പരമാവധി ദൂരം 55 കിമീ മാത്രം.
ലോകകപ്പിനു വേണ്ടി ഖത്തറിലേക്ക് എത്താനും മടങ്ങി പോകാനും മാത്രം വിമാനം കയറിയാൽ മതി. പിന്നീടുള്ള യാത്രയൊക്കെ മെട്രോ ട്രെയിനിലും ബസിലും. ലോകകപ്പ് നടക്കുന്ന ഒരു മാസം കളിക്കാർക്കൊക്കെ ഒരേ ഹോട്ടലിൽ താമസിക്കാം. ഒരേ മൈതാനത്തു പരിശീലനം നടത്താം. ആവശ്യത്തിനു വിശ്രമിക്കാം. യാത്രാ ക്ഷീണമെന്ന പ്രശ്നമേയില്ല. അത് കളിയിലും കാണാമെന്നു ചുരുക്കം.

ഫുട്ബോൾ മൈതാനത്തെ പുല്ലിൽ പ്രത്യേകിച്ച് എന്തു കാര്യം. അങ്ങനെ പറയാൻ വരട്ടെ. ഖത്തർ ലോകകപ്പിന്റെ സംഘാടന ചുമതലയുള്ള സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി(എസ്‌സി) ഇതുവരെ പരിശോധിച്ചത് 24 ഇനം പുല്ലിനങ്ങളാണ്. ഇതിനു വേണ്ടി പ്രത്യേക കേന്ദ്രം തന്നെ എസ്‌സി ആരംഭിച്ചിട്ടുണ്ട്.
ലോകകപ്പ് ഫുട്ബോൾ മൈതാനങ്ങളിൽ വിരിക്കാനുള്ള പുല്ലിനത്തെ കുറിച്ചുള്ള ഗവേഷണമാണ് ഇവിടെ നടക്കുന്നത്. ഏറെ വൈകാതെ ഏതു പുല്ലിനമാണു മൈതാനത്തിൽ വിരിക്കുകയെന്നു പ്രഖ്യാപിക്കും. സ്റ്റേഡിയത്തിൽ പുല്ല് വിരിക്കാൻ 14 മണിക്കൂറിൽ താഴെ മാത്രം സമയമാണ് എടുക്കുക.

1950ൽ ബ്രസീലിൽ നടന്ന ലോകകപ്പ് ഫുട്ബോൾ ചാംപ്യൻഷിപ്പിനാണ് ഇന്ത്യ യോഗ്യത നേടിയത്. നിർഭാഗ്യവശാൽ അന്ന് ഇന്ത്യ പലകാരണങ്ങളാൽ ലോകകപ്പിൽ നിന്നു പിൻവാങ്ങി. പറഞ്ഞു വന്നത് അതല്ല, 1950ൽ ഖത്തർ പന്തു തട്ടി തുടങ്ങിയിട്ടേയുള്ളൂ. ഖത്തറിലെ ആദ്യത്തെ സ്റ്റേഡിയം– ദോഹ സ്റ്റേഡിയം ഔദ്യോഗികമായി തുറന്നത് 1962ലാണ്. 1970കളുടെ അവസാനമാണു ഖലീഫ രാജ്യാന്തര സ്റ്റേഡിയം നിർമിക്കുന്നത്.
പക്ഷേ, ലോകത്തെ മുഴുവൻ അമ്പരപ്പിച്ച് 1981ൽ ഖത്തർ ഫിഫ യൂത്ത് ലോകകപ്പിന്റെ ഫൈനലിലെത്തി. ബ്രസീലിനെയും ഇംഗ്ലണ്ടിനെയും തോൽപിച്ചായിരുന്നു ഖത്തറിന്റെ ഫൈനൽ പ്രവേശം. അന്ന് ഫൈനലിൽ പശ്ചിമ ജർമനിയോടു തോറ്റെങ്കിലും ഖത്തറിൽ ഫുട്ബോൾ ആവേശം ഉയർന്നു പൊങ്ങി. 1995ൽ ഫിഫ യൂത്ത് ലോകകപ്പിനു ഖത്തർ ആതിഥ്യം വഹിച്ചു.

വലിയ സ്വപ്നങ്ങൾ കാണുന്ന കൊച്ചു രാജ്യമാണ് എന്നും ഖത്തർ. അതുകൊണ്ടു തന്നെ 2022ലെ ലോകകപ്പ് ഫുട്ബോൾ ഒരു മഹാ സംഭവമാകും. അദ്ഭുതങ്ങളുടെ ചെപ്പു തുറക്കുമ്പോൾ അമ്പരക്കാൻ ഒരുങ്ങിക്കോളൂ.

LEAVE A REPLY

Please enter your comment!
Please enter your name here