സമൂഹമാധ്യമങ്ങളിലൂടെ പീഡനാരോപണം: പരാതി നൽകണമെന്ന് പൊലീസ്

0

കൊച്ചി∙ സമൂഹമാധ്യമങ്ങളിലൂടെ ലൈംഗിക പീഡനാരോപണം ഉന്നയിക്കുന്ന യുവതികളോടു പരാതി നൽകണമെന്നു പൊലീസിന്റെ അഭ്യർഥന.ചേരാനെല്ലൂരിലെ ടാറ്റൂ കലാകാരനും പാലാരിവട്ടത്തെ മേക്കപ്പ് ആർട്ടിസ്റ്റിനുമെതിരെയാണു രണ്ടാഴ്ചയ്ക്കിടെ ഏറെ മീടൂ പരാതികളുയർന്നത്. ഇതിൽ ടാറ്റൂ കലാകാരൻ പി.എസ്.സുജീഷിനെതിരെ 6 കേസ് എടുത്തു പ്രതിയെ അറസ്റ്റ് ചെയ്തു. എന്നാൽ ആദ്യം ആരോപണം ഉന്നയിച്ച യുവതി പൊലീസ് ആവശ്യപ്പെട്ടിട്ടും പരാതി നൽകിയില്ല.

ടാറ്റൂ ചെയ്യുന്നതിനിടെ കടന്നുപിടിച്ചുവെന്നുള്ള യുവതിയുടെ ആരോപണം ശരിവയ്ക്കുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതിനെത്തുടർന്നു വീണ്ടും ഈ യുവതിയോടു പരാതി നൽകാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. എന്നാൽ, വേറെ ആറു യുവതികൾ പരാതി നൽകിയതിനെത്തുടർന്നു പാലാരിവട്ടം, ചേരാനെല്ലൂർ സ്റ്റേഷനുകളിലായി 6 കേസ് റജിസ്റ്റർ ചെയ്തു. ചേരാനെല്ലൂരിൽ 2 ബലാത്സംഗക്കേസുകളാണു റജിസ്റ്റർ ചെയ്തിട്ടുള്ളത്.

ഇതിലെ അതിജീവിതകളുടെ വൈദ്യ പരിശോധനയ്ക്കു കഴിഞ്ഞ ദിവസം പൊലീസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചുവെങ്കിലും ഇവർ ആദ്യം വിസമ്മതിച്ചുവെന്ന് അന്വേഷണോദ്യോഗസ്ഥനായ ചേരാനല്ലൂർ എസ്ഐ ആർ.എസ്.വിപിൻ പറയുന്നു. തുടർന്ന് ഇന്നലെ ഇവർക്കു വീണ്ടും കൗൺസിലിങ് നൽകിയ ശേഷമാണു വൈദ്യപരിശോധന നടത്താനായത്. പീഡനക്കേസുകളിൽ വൈദ്യ പരിശോധന നടത്തിയില്ലെങ്കിൽ പ്രോസിക്യൂഷൻ കേസ് ദുർബലമാകുമെന്നതാണു പൊലീസിനെ വലയ്ക്കുന്നത്.

കോടതിക്കു മുൻപിൽ രഹസ്യമൊഴി നൽകാൻ അതിജീവിതകളിൽ ചിലർ എതിർപ്പു പ്രകടിപ്പിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. മേക്കപ്പ് ആർട്ടിസ്റ്റിനെതിരായ കേസിലും ആദ്യഘട്ടത്തിൽ പരാതി നൽകാൻ ആരും മുന്നോട്ടു വരാതിരുന്നതാണു പ്രതി രക്ഷപ്പെടാനിടയാക്കിയതെന്നാണു പൊലീസ് പറയുന്നത്.സമൂഹമാധ്യമങ്ങളിൽ ആരോപണങ്ങൾ ഉയർന്ന സമയത്തു തന്നെ പരാതി ലഭിച്ചിരുന്നെങ്കിൽ പ്രതിയെ പിടികൂടാനാകുമായിരുന്നുവെന്നു സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്.നാഗരാജു പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here