ജനാഭിമുഖ കുര്‍ബാന തുടരാന്‍ അനുവദിക്കണമെന്ന് ആവാശ്യപ്പെട്ട് എറണാകുളത്ത് ഒരു വിഭാഗം വിശ്വാസികളുടെ പ്രതിഷേധം

0

ജനാഭിമുഖ കുര്‍ബാന തുടരാന്‍ അനുവദിക്കണമെന്ന് ആവാശ്യപ്പെട്ട് എറണാകുളത്ത് ഒരു വിഭാഗം വിശ്വാസികളുടെ പ്രതിഷേധം. അല്മായ മുന്നേറ്റം അതിരൂപത സമിതിയുടെ നേതൃത്വത്തില്‍ കലൂര്‍ റിന്യൂവല്‍ സെന്ററിനു മുന്നിലായിരുന്നു പ്രതിഷേധം. എറണാകുളം അതിരൂപതയെ സാംസ്‌കാരികമായും സാമ്പത്തികമായും തകര്‍ക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്ന് ആരോപിച്ച് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെയും ഓറിയന്റല്‍ കോണ്‍ഗ്രിയേഷന്‍ പ്രീഫക്റ്റ് കര്‍ദിനാള്‍ സാന്ദ്രിയുടെയും കോലം കത്തിച്ചു.

കുര്‍ബാന വിഷയത്തില്‍ അതിരൂപത വൈദീക സമ്മേളനം കലൂര്‍ റിന്യൂവല്‍ സെന്ററില്‍ തുടരുകയാണ്. വൈദികര്‍ക്കും മെത്രാപ്പോലീത്തന്‍ വികാരി മാര്‍ ആന്റണി കരിയിലിനും പിന്തുണയും അഭിവാദ്യങ്ങളും നേര്‍ന്നുകൊണ്ട് വിവിധ ഇടവക പ്രതിനിധികള്‍ എത്തിച്ചേര്‍ന്നു. കര്‍ദിനാള്‍ ആലഞ്ചേരിയെ പൂര്‍ണ്ണമായും ബഹിഷ്‌കരിക്കുക എന്ന ആവശ്യവുമായിട്ടാണ് വിശ്വാസികള്‍ എത്തിയതെന്ന് അല്മായ മുന്നേറ്റം വ്യക്തമാക്കി.

എറണാകുളം അതിരൂപതയില്‍ ജനഭിമുഖ കുര്‍ബാനയല്ലാതെ മറ്റൊരു രീതിയും അടിച്ചേല്‍പ്പിക്കാന്‍ ആരെയും അനുവദിക്കില്ല എന്നും, എറണാകുളം അതിരൂപതയുടെ സാംസ്‌കാരിക പൈതൃകത്തിന് എതിരെ നിലപാട് എടുക്കുന്ന വൈദികരെ അതിരൂപതയുടെ മുഴുവന്‍ ചുമതലകളില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നും അല്മായ മുന്നേറ്റം അതിരൂപത സമിതി ആവശ്യപ്പെട്ടു. ഭൂമിവില്പന വഴി എറണാകുളം അതിരൂപതക്ക് ഉണ്ടാക്കിയ നഷ്ടം നികത്തണമെന്ന് സിനഡിനോടും കര്‍ദിനാള്‍ അലഞ്ചേരിയോടും വത്തിക്കാന്‍ നിര്‍ദേശം നല്‍കിയിട്ട് 2വര്‍ഷം കഴിഞ്ഞു അത് നടപ്പില്‍ വരുത്താന്‍ മനസില്ലാത്തവര്‍ മറ്റൊരു വത്തിക്കാന്‍ ഓര്‍ഡറുമായി വരരുത് വന്നാലും അതിന് ഒരു പേപ്പര്‍ വില പോലും അനുവദിച്ചു തരില്ലെന്ന് അല്മായ മുന്നേറ്റം മുന്നറിയിപ്പ് നല്‍കി.

എറണാകുളം അതിരൂപതക്ക് നിലവിലെ രീതി തുടരാന്‍ അനുവദിക്കുക, അല്ലെങ്കില്‍ ലിറ്റര്‍ജിക്കല്‍ വേരിയന്റ് ആയി പരിഗണിക്കുക, വത്തിക്കാന്‍ നിര്‍ദേശിച്ച റെസ്റ്റിട്യൂഷന്‍ നടപ്പില്‍ ആക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു ശക്തമായ സമരവുമായി രംഗത്ത് വരുമെന്ന് അല്മായ മുന്നേറ്റം അതിരൂപത സമിതി അറിയിച്ചു.

പാസ്റ്ററല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി പി പി ജെറാര്‍ദ്, കണ്‍വീനര്‍ അഡ്വ. ബിനു ജോണ്‍, റിജു കാഞ്ഞൂക്കാരന്‍, ഷൈജു ആന്റണി, ആഗസ്റ്റിന്‍ കണിയാമറ്റം(റിട്ട. ജഡ്ജ്) എന്നിവര്‍ പ്രസംഗിച്ചു. ബോബി മലയില്‍, ജോഷി തച്ചപ്പിള്ളി, ജോയ് മൂഴിക്കുളം, നിമ്മി ആന്റണി, പ്രകാശ് പി ജോണ്‍, സൂരജ്, ജോമോന്‍, ജിജി തോമസ്, തങ്കച്ചന്‍ പേരയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here