സിറോ മലബാര്‍ സഭയിലെ ആരാധനക്രമ പ്രശ്‌നത്തില്‍ മെത്രാന്മാരുടെ സിനഡിനേയും പൗരസ്ത്യ തിരുസംഘത്തേയും വിമര്‍ശിച്ച് എറണാകുളം അങ്കമാലി അതിരൂപത മുഖപത്രം ‘സത്യദീപം

0

കൊച്ചി: സിറോ മലബാര്‍ സഭയിലെ ആരാധനക്രമ പ്രശ്‌നത്തില്‍ മെത്രാന്മാരുടെ സിനഡിനേയും പൗരസ്ത്യ തിരുസംഘത്തേയും വിമര്‍ശിച്ച് എറണാകുളം അങ്കമാലി അതിരൂപത മുഖപത്രം ‘സത്യദീപം’. തിരുത്തിയെഴുതുന്ന തിരുവെഴുത്തുകള്‍’ എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തിലാണ് നിരന്തരം നിലപാടുകള്‍ മാറ്റുന്ന നേതൃത്വത്തെ വിമര്‍ശിച്ചിരിക്കുന്നത്.

അതിരൂപതയിലെ അജപാലന പ്രതിസന്ധി പരിഹരിക്കാന്‍ കാനന്‍ നിയമപ്രകാരം 2021 നവംബറില്‍ റോമില്‍ നടന്ന കൂടിക്കാഴ്ചയില്‍ മാര്‍ ആന്റണി കരിയിലിനെ ചുമതലപ്പെടുത്തിയ കര്‍ദിനാള്‍ സാന്ദ്രി പിന്നീട് കര്‍ദിനാള്‍ ആലഞ്ചേരിക്ക് നല്‍കിയ കത്തില്‍ ഈ അധികാരം പരിമിതപ്പെടുത്തുന്നതായി പറയുന്നു. മാറിമറിയുന്ന നിലപാടുകളോടെ ജനമധ്യത്തില്‍ തിരുസംഘം കൂടുതല്‍ അപഹാസ്യമാകുന്നതാണ് വിശ്വാസികള്‍ കണ്ടതെന്ന് സത്യദീപം ചൂണ്ടിക്കാട്ടുന്നു.

സമാധാനപരമായ സംഭാഷണങ്ങളുടെ അസാന്നിധ്യമാണ് പ്രശ്നങ്ങളെ ഈ വിധം വഷളാക്കിയത് എന്നതാണ് പ്രധാന പ്രശ്നവും. സഭയില്‍ വിവിധ രൂപതകളിലെ നൂറുകണക്കിന് വൈദികരും ആയിരക്കണക്കിന് വിശ്വാസികളും തിരുസംഘത്തിലേക്കും സിനഡിലേക്കും നിരന്തരമയച്ച പരാതികള്‍ക്കും പരിദേവനങ്ങള്‍ക്കും ഒരൊറ്റ വരി മറുപടി കൊണ്ടുപോലും പരിഹാരമുണ്ടാക്കാന്‍ പരിശ്രമിക്കാതിരുന്നതാണല്ലോ പ്രശ്നങ്ങളെ ഈ രീതിയില്‍ ഗുരുതരമാക്കിയത്. സംഭാഷണങ്ങളുടെ സൗഹാര്‍ദ്ദമേശയിലേക്ക് മടങ്ങിയെത്തുക തന്നെയാണ് പരിഹാരം. സിനഡാത്മക സഭയ്ക്കായുള്ള തീര്‍ത്ഥാടന വഴികളില്‍ പരസ്പരമുള്ള ശ്രവണം എത്രയോ പ്രധാനപ്പെട്ടതാണെന്ന് ഫ്രാന്‍സിസ് പാപ്പ സാര്‍വ്വത്രിക സിനഡിന്റെ ഒരുക്കരേഖയില്‍ അഭിപ്രായപ്പെടുന്നുണ്ട്.

ഭൂമിവിവാദത്തെ വിരിയിട്ട് മറയ്ക്കാനായിരുന്നു ലിറ്റര്‍ജിയുടെ അടിയന്തിര പരിഷ്‌ക്കരണമെന്നയാക്ഷേപത്തിന് ഉചിതമായ മറുപടിയാകും സംഭാഷണങ്ങളിലേക്കുള്ള മടക്കം. ഒരുമിച്ചു നടക്കുന്ന, എല്ലാവരെയും ശ്രവിക്കുന്ന പുതിയ സഭാത്മക സംവിധാനത്തിലേക്ക് സാര്‍വ്വത്രിക സഭ നയിക്കപ്പെടുന്ന ഈ കാലഘട്ടത്തില്‍ അടിച്ചമര്‍ത്തലിന്റെ ആധിപത്യഭാഷണങ്ങള്‍ അടിയന്തിരമായി അവസാനിപ്പിക്കണം. ആജ്ഞകളുടെ അകമ്പടിയില്ലാതെ അനുരഞ്ജനത്തിന്റെ സമവായവഴികളിലേക്ക് സഭാമക്കളെ പ്രവേശിപ്പിക്കാന്‍ നേതൃത്വം ഈ നോമ്പുകാലത്ത് നിലപാടെടുക്കുമോ?-സത്യദീപം ചോദിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here