യുദ്ധത്തില്‍ കുടുങ്ങിയ സാധാരണക്കാരെ ഒഴിപ്പിക്കുന്നതിനായി യുക്രൈനില്‍ ഇന്നലെ 12 മണിക്കൂര്‍ വെടിനിര്‍ത്തല്‍

0

കീവ്‌: യുദ്ധത്തില്‍ കുടുങ്ങിയ സാധാരണക്കാരെ ഒഴിപ്പിക്കുന്നതിനായി യുക്രൈനില്‍ ഇന്നലെ 12 മണിക്കൂര്‍ വെടിനിര്‍ത്തല്‍. ഇന്നലെ പകല്‍ 12 മണിക്കൂര്‍ കാര്യമായ പോരാട്ടം ഉണ്ടായില്ല. അതേസമയം തലസ്‌ഥാനമായ കീവില്‍ കനത്തപോരാട്ടത്തിലുണ്ടായ വലിയ നാശത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
യുദ്ധമേഖലകളില്‍നിന്നു സാധാരണക്കാരെ ഒഴിപ്പിക്കാനായി പ്രാദേശികസമയം ഇന്നലെ രാവിലെ ഒന്‍പതുമുതല്‍ രാത്രി ഒന്‍പതുവരെയുള്ള വെടിനിര്‍ത്തലിനാണ്‌ റഷ്യയും യുക്രൈനും തമ്മില്‍ ധാരണയായത്‌. നേരത്തേ രണ്ടു വെടിനിര്‍ത്തല്‍ കരാറുകള്‍ പരാജയപ്പെട്ടെങ്കിലും ചൊവ്വാഴ്‌ച ഏഴായിരത്തോളം പേരെ സുമി നഗരത്തില്‍നിന്ന്‌ ഒഴിപ്പിച്ചിരുന്നു. ഇന്നലത്തെ 12 മണിക്കൂര്‍ വെടിനിര്‍ത്തലിനോടു റഷ്യന്‍ സൈന്യവും സഹകരിച്ചെന്നു വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു.
വെടിനിര്‍ത്തല്‍ നടപ്പാക്കേണ്ട ഒഴിപ്പിക്കല്‍ പാതകള്‍ സംബന്ധിച്ച്‌ യുക്രൈന്‍ പ്രധാനമന്ത്രി ഡെനിസ്‌ ഷ്‌മിഗാല്‍ റെഡ്‌ക്രോസ്‌ രാജ്യാന്തരസമിതിയുമായി ചര്‍ച്ചനടത്തി. മരിയുപോള്‍, എനെര്‍ഹോദര്‍ എന്നിവിടങ്ങളില്‍നിന്നു സാപോര്‍ഷ്യയിലേക്കും സുമിയില്‍നിന്നു പോള്‍ട്ടാവയിലേക്കും ഇസ്യുമില്‍നിന്നു ലോസോവയിലേക്കും വോള്‍നോവാഖയില്‍നിന്നു പൊക്രോവ്‌സ്‌കിലേക്കുമാണ്‌ ഒഴിപ്പിക്കല്‍ ഇടനാഴികള്‍ തുറന്നതെന്ന്‌ ഉപപ്രധാനമന്ത്രി ഇര്യനാ വെറെഷ്‌ചുക്‌ അറിയിച്ചു.
വോര്‍സെല്‍, ബോറോഡ്യാങ്ക, ബുച, ഇര്‍പിന്‍, ഹോസ്‌റ്റോമെല്‍ തുടങ്ങിയ നഗരങ്ങളില്‍നിന്നു തലസ്‌ഥാനമായ കീവിലേക്കും ഇടനാഴികള്‍ തുറന്നു. കീവിനു സമീപം വോര്‍സെലിലെ ഒരു അനാഥാലയത്തില്‍നിന്ന്‌ അന്തേവാസികളെ ഒഴിപ്പിക്കാന്‍ പ്രത്യേകദൗത്യവും നടത്തി. ഇവിടെ 55 കുട്ടികളും 26 ജീവനക്കാരുമാണ്‌ ഉണ്ടായിരുന്നത്‌.
അതേസമയം ഇന്നലെ പുലര്‍ച്ചെ തലസ്‌ഥാനമായ കീവില്‍ വ്യോമാക്രമണ മുന്നറിയിപ്പിനെത്തുടര്‍ന്ന്‌ നഗരവാസികളോട്‌ അടിയന്തരമായി ബങ്കറുകളിലേക്കു മാറാന്‍ നിര്‍ദേശം നല്‍കിയിരുന്നു. യു.എസ്‌. ആസ്‌ഥാനമായ മാക്‌സാര്‍ ടെക്‌നോളജീസ്‌ പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങള്‍ കീവ്‌ നഗരപരിസരത്തെ തീവ്രമായ സേനാനീക്കം വ്യക്‌തമാക്കുന്നുണ്ട്‌. റഷ്യന്‍ നിയന്ത്രണത്തിലുള്ള ആന്റനോവ്‌ വിമാനത്താവളത്തില്‍നിന്നു വലിയ തോതിലുള്ള സേനാനീക്കം ഉപഗ്രഹങ്ങള്‍ പകര്‍ത്തി. അല്‍പമകലെ, ഇര്‍പിനില്‍നിന്നു ജനങ്ങള്‍ ഒഴിഞ്ഞുപോകുന്നതും ഇര്‍പ്പിന്‍ നദിക്കു കുറുകെയുള്ള പാലം തകര്‍ന്നുകിടക്കുന്നതും കാണാം. റഷ്യന്‍ ടാങ്കുകളുടെ മുന്നേറ്റം തടയാനായി യുക്രൈന്‍ സേന തന്നെയാണു കീവീനു സമീപമുള്ള ഇര്‍പിനിലെ പാലം തകര്‍ത്തത്‌. ഇര്‍പിനിലും ദിവസങ്ങളായി രൂക്ഷമായ പോരാട്ടമാണ്‌. ഇവിടെ ദിവസങ്ങളായി കുടിവെള്ളം, വൈദ്യുതി നിലച്ചിരിക്കുകയാണ്‌.
അതിനിടെ, യുക്രെയ്‌നു യുദ്ധവിമാനങ്ങള്‍ നല്‍കാനുളള പോളണ്ടിന്റെ നീക്കം എതിര്‍ത്ത്‌ യു.എസ്‌. രംഗത്തെത്തി. പോളണ്ടിന്റെ തീരുമാനം ആശങ്കാജനകമാണെന്നും തീരുമാനം നാറ്റോ നയത്തിന്‌ ചേര്‍ന്നതല്ലെന്നും പെന്റഗണ്‍ ചൂണ്ടിക്കാട്ടി. റഷ്യന്‍ നിര്‍മിത മിഗ്‌29 വിമാനങ്ങള്‍ യുക്രെയ്‌ന്‌ നല്‍കുമെന്നായിരുന്നു പോളണ്ടിന്റെ പ്രഖ്യാപനം.

LEAVE A REPLY

Please enter your comment!
Please enter your name here