ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടാന്‍ അനുവദിക്കണമെന്ന അപേക്ഷയുമായി പോര്‍ചുഗലിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.
കരിയറിന്റെ അവസാന ഘട്ടത്തില്‍ നില്ക്കുന്ന 37 വയസുകാരനായ ക്രിസ്റ്റ്യാനോ ചാമ്പ്യന്‍സ് ലീഗില്‍ തുടര്‍ന്നും കളിക്കണമെന്ന മോഹത്തിലാണ്. യുണൈറ്റഡിന് വരും സീസണിലെ ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടാനായില്ല. 2003 മുതല്‍ തുടര്‍ച്ചയായി 19 സീസണുകളില്‍ ചാമ്പ്യന്‍സ് ലീഗില്‍ കളിച്ച താരമാണു ക്രിസ്റ്റ്യാനോ. പോര്‍ചുഗലിലെ സ്പോര്‍ടിങ് ലിസ്ബണില്‍നിന്നു കൂടുമാറിയതോടെയാണ് അദ്ദേഹം അപൂര്‍വ നേട്ടം കുറിച്ചത്. 183 കളികളില്‍ നിന്നായി 140 ഗോളുകളും 42 അസിസ്റ്റുകളും കുറിക്കാന്‍ അദ്ദേഹത്തിനായി. താരം കരിയറില്‍ ഒരിക്കല്‍പ്പോലും യൂറോപ്പ ലീഗില്‍ കളിച്ചിട്ടില്ല. പ്രീമിയര്‍ ലീഗില്‍ ആറാം സ്ഥാനത്തു ഫിനിഷ് ചെയ്ത യുണൈറ്റഡ് യൂറോപ്പ ലീഗിനു യോഗ്യത നേടിയിരുന്നു. കുറഞ്ഞതു മൂന്ന് വര്‍ഷമെങ്കിലും കളിക്കളത്തില്‍ തുടരാമെന്നാണു താരത്തിന്റെ പ്രതീക്ഷ.
ക്രിസ്റ്റ്യാനോയ്ക്കായി മുടക്കിയ 12.9 ദശലക്ഷം യൂറോ തിരിച്ചു കിട്ടിയാല്‍ താരത്തെ വിടാന്‍ അനുവദിക്കാമെന്ന നിലപാടിലാണു മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. പ്രീമിയര്‍ ലീഗിലെ തന്നെ ചെല്‍സിയും ജര്‍മനിയിലെ ബയേണ്‍ മ്യൂണിക്കും ക്രിസ്റ്റ്യാനോയ്ക്കായുള്ള ചരടുവലി തുടങ്ങി.
ഇറ്റാലിയന്‍ ക്ലബ് യുവന്റസില്‍നിന്നു കഴിഞ്ഞ ഓഗസ്റ്റിലാണു യുണൈറ്റഡ് സൂപ്പര്‍ താരത്തെ തിരിച്ചെത്തിച്ചത്. സീസണില്‍ ആകെ 24 ഗോളുകളടിക്കാന്‍ അദ്ദേഹത്തിനായി. എ.എസ്. റോമ, ചെല്‍സി, ബയേണ്‍ തുടങ്ങിയ ക്ലബുകള്‍ സമീപിച്ചതായി ക്രിസ്റ്റ്യാനോയുടെ ഏജന്റ് മെന്‍ഡസ് പറഞ്ഞു.