നെഹ്റു യുവ കേന്ദ്രയുടെ പേര് മാറ്റി കേന്ദ്രസർക്കാർ; പ്രതിഷേധം ശക്തമാകുന്നു

0

ന്യൂഡൽഹി: കേന്ദ്ര കായിക മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നെഹ്റു യുവ കേന്ദ്രയുടെ പേര് മാറ്റി കേന്ദ്രസർക്കാർ. ഇതിനെതിരെ രാജ്യ വ്യാപകമായി പ്രതിഷേധവും ഉയരുകയാണ്. മേരാ യുവഭാരത് എന്നാകും നെഹ്റു യുവ കേന്ദ്ര ഇനി അറിയപ്പെടുക. എൻവൈകെയുടെ വെബ്സൈറ്റിലും മേരാ യുവഭാരത് എന്ന് പേര് മാറ്റിയിട്ടുണ്ട്. 1972ൽ പ്രവർത്തനം ആരംഭിച്ച നെഹ്റു യുവ കേന്ദ്ര താഴേത്തട്ടിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ യുവജന സംഘടനയാണ്.

ഇന്നലെയാണ് പേരുമാറ്റം സംബന്ധിച്ച് നെഹ്റു യുവകേന്ദ്ര കോർഡിനേറ്റർമാർക്കും നോഡൽ ഓഫീസർമാർക്കും അറിയിപ്പ് ലഭിക്കുന്നത്. 2023 ഡിസംബറിൽ തന്നെ കേന്ദ്രം പേര് മാറ്റം പ്രഖ്യാപിച്ചിരുന്നതാണ്. ലോഗോ ഉൾപ്പെടെ മാറ്റാൻ കേന്ദ്ര സർക്കാർ ഉത്തരവിട്ടിരുന്നു. എന്നാൽ പേരുമാറ്റത്തിന് പിന്നിലെ കാരണം വ്യക്തമാക്കാൻ കേന്ദ്രം തയാറായിട്ടില്ല. പേരുമാറ്റം സംബന്ധിച്ച് രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നുണ്ട്.

ഗ്രാമീണ യുവാക്കൾക്ക് രാഷ്ട്രനിർമ്മാണ പ്രക്രിയയിൽ പങ്കാളികളാകാൻ അവസരമൊരുക്കുക, അതോടൊപ്പം അവരുടെ വ്യക്തിത്വ വികാസത്തിനും വികസനപ്രവർത്തനങ്ങളിൽ ഭാഗമാക്കുന്നതിനും വേണ്ടിയാണ് നെഹ്റു യുവ കേന്ദ്രങ്ങൾ സ്ഥാപിതമായത്.

നടി കാവ്യ സുരേഷ് വിവാഹിതയായി; ചടങ്ങിൽ പങ്കെടുത്തത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും

0

നടി കാവ്യ സുരേഷ് വിവാഹിതയായി. കെപി അദീപാണ് വരൻ. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. വിവാഹത്തിന്റെ ദൃശ്യങ്ങൾ ഇരുവരും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

2013ലാണ് കാവ്യ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. ‘ലസാഗു ഉസാഘ’ എന്ന സിനിമയാണ് താരത്തിന്റെ അരങ്ങേറ്റ ചിത്രം. ഒരേ മുഖം, കാമുകി എന്നിവയുൾപ്പെടെ അഞ്ചിലധികം മലയാള സിനിമകളിലും ‘തിരുമണം’ എന്ന തമിഴ് ചിത്രത്തിലും ‘സൂര്യ അസ്തമയം’ എന്ന തെലുങ്ക് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമെ മോഡലിങ് രംഗത്തും നൃത്തത്തിലും കാവ്യ സജീവമാണ്.

ആലപ്പുഴ സ്വദേശിയായ കാവ്യ വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദം നേടിയിരുന്നു. ശേഷമാണ് സിനിമയിലേക്ക് പ്രവേശിക്കുന്നത്. അഭിനയത്തിന് പുറമെ മോഡലിംഗ് രംഗത്തും സജീവമാണ് കാവ്യ സുരേഷ്. ക്ലാസിക്കൽ ഡാൻസ് പഠിച്ചിട്ടുള്ള കാവ്യ നൃത്തപരിപാടികളും അവതരിപ്പിക്കാറുണ്ട്.

ഇനി തിരഞ്ഞെടുപ്പ് കമ്മിഷൻ കേസെടുത്താലും കുഴപ്പമില്ല; പോസ്റ്റൽ വോട്ടുകൾ പൊട്ടിച്ചു തിരുത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്തി മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ

0

ആലപ്പുഴ: പോസ്റ്റൽ വോട്ടുകൾ പൊട്ടിച്ചു തിരുത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്തി മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. 1989 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിൽവെച്ച് പോസ്റ്റൽ വോട്ടുകൾ പൊട്ടിച്ച് തിരുത്തിയെന്നാണ് മുൻ മന്ത്രികൂടിയായ ജി സുധാകരന്റെ വെളിപ്പെടുത്തൽ. എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളന ഭാഗമായുള്ള പൊതുചടങ്ങിൽ പ്രസം​ഗിക്കവെയാണ് താൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ 26 വർഷം മുൻപ് നടത്തിയ തിരഞ്ഞെടുപ്പ് കൃത്രിമത്തെപ്പറ്റി സുധാകരൻ തുറന്നു പറഞ്ഞത്. ഈ സംഭവത്തിൽ ഇനി തിരഞ്ഞെടുപ്പ് കമ്മിഷൻ തനിക്കെതിരെ കേസെടുത്താലും കുഴപ്പമില്ലെന്നും ജി സുധാകരൻ കൂട്ടിച്ചേർത്തു.

സുധാകരന്റെ വാക്കുകൾ ഇങ്ങനെ:

‘‘സിപിഎമ്മിന്റെ സർവീസ് സംഘടനയായ കെഎസ്ടിഎയുടെ നേതാവായിരുന്ന കെ.വി.ദേവദാസ് ആലപ്പുഴയിൽ മത്സരിച്ചപ്പോൾ ഇലക്‌ഷൻ കമ്മിറ്റി സെക്രട്ടറിയായിരുന്നു ഞാൻ. ജില്ലാ കമ്മിറ്റി ഓഫിസിൽ വച്ച് ഞാൻ ഉൾപ്പെടെയുള്ളവർ ചേർന്നു പോസ്റ്റൽ വോട്ടുകൾ പൊട്ടിച്ചു തിരുത്തിയിട്ടുണ്ട്. അന്നു സിപിഎം സർവീസ് സംഘടനകളിലെ അംഗങ്ങളുടെ വോട്ടിൽ 15ശതമാനം ദേവദാസിന് എതിരായിരുന്നു’’.

1989 ലെ പാർലമെന്റ് തിരഞ്ഞെടുപ്പ് സംബന്ധിച്ചാണു സുധാകരന്റെ പരാമർശം. വക്കം പുരുഷോത്തമനെതിരെയാണ് അന്നു ദേവദാസ് മത്സരിച്ചത്. കാൽലക്ഷത്തിൽപരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണു വക്കം അന്നു വിജയിച്ചത്.

സൈബർ ലോകത്ത് തരംഗമായി ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’; ഇന്ത്യയിൽ എംബസി തുറക്കാനും നീക്കം; കറൻസിസും പാസ്പോർട്ടും അച്ചടിക്കാൻ പണം വേണം

ഇസ്ലാമാബാദ്: സൈബർ ലോകത്ത് തരം​ഗമായി ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ സന്ദേശം. പാകിസ്ഥാനിൽ നിന്ന് ബലൂചിസ്ഥാൻ സ്വാതന്ത്ര്യം നേടിയതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ വൈറലാകുന്നത്. ആക്ടിവിസ്റ്റ് മിർ യാർ ബലൂച് ഉൾപ്പെടെയുള്ള ബലൂച് നേതാക്കൾ ബലൂചിസ്ഥാൻ സ്വതന്ത്രമായെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ, ബലൂചിസ്ഥാനിലെ പല സ്ഥലങ്ങളിലും പാക് പതാക നീക്കം ചെയ്ത് ബലൂചിസ്ഥാൻ വിമോചന പോരാളികൾ തങ്ങളുടെ പതാക സ്ഥാപിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇപ്പോഴിതാ, ബലൂച് രാഷ്ട്രത്തെ അം​ഗീകരിക്കണമെന്ന് ഇന്ത്യയോടും ഐക്യരാഷ്ട്രസഭയോടും ബലൂച് നേതാക്കൾ അഭ്യർത്ഥിച്ചിരിക്കുകയാണ്.

ഡൽഹിയിൽ ബലൂച് എംബസി അനുവദിക്കണമെന്നാണ് ആക്ടിവിസ്റ്റ് മിർ യാർ ഇന്ത്യൻ സർക്കാരിനോട് അഭ്യർത്ഥിച്ചത്. പാകിസ്ഥാൻ സൈന്യത്തോട് മേഖലയിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടു. ബലൂചിസ്ഥാനിലേക്ക് സമാധാന സേനയെ അയയ്ക്കാൻ ഐക്യരാഷ്ട്രസഭയോടും അദ്ദേഹം അഭ്യർത്ഥിച്ചു.

ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ പാകിസ്ഥാന് ഇരട്ട പ്രഹരമായി മാറുകയായിരുന്നു ബലൂച് പ്രക്ഷോഭം. പ്രശസ്ത എഴുത്തുകാരനും ബലൂച് അവകാശങ്ങൾക്കായി വാദിക്കുന്നയാളുമായ മിർ യാർ ബലൂച് എക്‌സിലാണ് ബലൂചിസ്ഥാൻ സ്വാതന്ത്ര്യം നേടിയതായി പ്രഖ്യാപിച്ചത്.

“നമ്മൾ നമ്മുടെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു. ബലൂചിസ്ഥാന്റെ ഔദ്യോഗിക ഓഫീസും ഡൽഹിയിൽ എംബസിയും അനുവദിക്കണമെന്ന് ഞങ്ങൾ ഇന്ത്യയോട് അഭ്യർത്ഥിക്കുന്നു”- എന്നാണ് മിർ യാർ ഒരു പോസ്റ്റിൽ കുറിച്ചത്.

അന്താരാഷ്ട്ര സമൂഹത്തോടും മിർ യാർ അഭ്യർത്ഥന നടത്തി- “ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യം അംഗീകരിക്കാനും അതിനായി എല്ലാ യുഎൻ അംഗങ്ങളുടെയും ഒരു യോഗം വിളിക്കാനും ഞങ്ങൾ ഐക്യരാഷ്ട്രസഭയോട് അഭ്യർത്ഥിക്കുന്നു. കറൻസിക്കും പാസ്‌പോർട്ട് അച്ചടിക്കും വേണ്ടി ഫണ്ട് അനുവദിക്കണം”.

“പല്ലില്ലെങ്കിലും ഉള്ള പല്ല് കൊണ്ട് കടിക്കും, നഖമില്ലെങ്കിലും വിരൽ കൊണ്ട് തിന്നും”; കോൺഗ്രസ് അവസാനത്തെ ആയുധം എടുക്കാൻ പോലും മടിക്കില്ലെന്ന് കെ സുധാകരൻ

0

യുദ്ധം ചെയ്യാൻ വന്നാൽ കോൺഗ്രസ് അവസാനത്തെ ആയുധം എടുക്കാൻ പോലും മടിക്കില്ലെന്ന് മുൻ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പല്ലില്ലെങ്കിലും ഉള്ള പല്ല് കൊണ്ട് കടിക്കുമെന്നും കെ സുധാകരൻ പറഞ്ഞു. പല്ലുകൊഴിഞ്ഞ സിംഹമാണെന്ന സിപിഎമ്മിന്റെ പരിഹാസത്തിന് മറുപടി പറയുകയായിരുന്നു കെ സുധാകരൻ. “പല്ലില്ലെങ്കിലും ഉള്ള പല്ല് കൊണ്ട് കടിക്കും, നഖമില്ലെങ്കിലും വിരൽ കൊണ്ട് തിന്നും” – കെ സുധാകരൻ പറഞ്ഞു.

തന്നെ കൊല്ലാൻ സിപിഎം പല തവണ ബോംബ് എറിഞ്ഞിട്ടുണ്ടണെന്ന് കെ സുധാകരൻ ചൂണ്ടിക്കാട്ടി. പക്ഷെ താൻ ഇപ്പോഴും ജീവനോടെ ഇരിക്കുകയാണെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.

“ഞങ്ങളോട് കളിച്ചാൽ തിരിച്ചടിക്കും. നിങ്ങളെ കളിപ്പിക്കാനും ഞങ്ങൾക്കാകും. പൊലീസുകാർ അവരുടെ ജോലി ചെയ്യാതിരിക്കുകയാണെങ്കിൽ, അവരെയും കൈകാര്യം ചെയ്യേണ്ടിവരും. യുദ്ധം ചെയ്യാൻ വന്നാൽ കോൺഗ്രസ് അവസാനത്തെ ആയുധം എടുക്കാൻ പോലും മടിക്കില്ല”- കെ സുധാകരൻ വെല്ലുവിളിച്ചു.

കെ.പി.സി.സി പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് സിപിഎമ്മിന്റെ പരിഹാസപരമായ “പല്ലുകൊഴിഞ്ഞ സിംഹം” എന്ന പരിഹാസം ഉയർന്നത്. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു സുധാകരന്റെ കനത്ത പ്രതികരണം.

ബെവ്കോയ്ക്ക് മുന്നിൽ ക്യൂ നിൽക്കുന്നതിനെ ചൊല്ലി തർക്കം; യുവാവിനെ ബിയർ കുപ്പി കൊണ്ട് കുത്തിക്കൊന്നു

പാലക്കാട്: മണ്ണാർക്കാട് ബിവറേജസിന് മുന്നിൽ ക്യൂ നിൽക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ ഒരാൾ കുത്തേറ്റ് മരിച്ചു. കുന്തിപ്പുഴ സ്വദേശി ഇർഷാദാണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകുന്നേരത്തോടെയായിരുന്നു സംഭവം. ഇർഷാദ് ക്യൂവിൽ നിൽക്കവേ രണ്ട് പേർ ചേർന്ന് ബിയർ കുപ്പി കൊണ്ട് കുത്തുകയായിരുന്നു.

ക്യൂ നിൽക്കുന്നതിനിടെ തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് ആക്രമണത്തിൽ കലാശിക്കുകയുമായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. സ്ഥലത്ത് പൊലീസെത്തി തുടര്‍ നടപടികൾ സ്വീകരിച്ചു. പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു.

കുത്തിയ ശേഷം പ്രതികൾ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. വ്യക്തി വൈരാഗ്യമാകാം ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കേണൽ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപം: ബിജെപി മന്ത്രിക്കെതിരെ കേസെടുക്കാൻ ഉത്തരവ്

ഭോപാല്‍: കേണല്‍ സോഫിയ ഖുറേഷിക്കെതിരേ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ ബിജെപി മന്ത്രി വിജയ് ഷാക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട് മധ്യപ്രദേശ് ഹൈക്കോടതി. സ്വമേധയാ ആണ് കോടതി കേസ് പരിഗണിച്ചത്.

പ്രഥമദൃഷ്ട്യാ കുറ്റം തെളിഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കിയ കോടതി വൈകുന്നേരത്തിനുള്ളിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

മന്ത്രി വിജയ് ഷാക്കെതിരേ കേസെടുക്കാന്‍ സംസ്ഥാന പൊലീസ് മേധാവിയോടാണ് ഹൈക്കോടതി നിര്‍ദേശിച്ചത്.

ഭീകരവാദികളുടെ സഹോദരി എന്നാണ് സംസ്ഥാന ആദിവാസി ക്ഷേമ മന്ത്രികൂടിയായ കുൻവർ വിജയ് ഷാ, സോഫിയ ഖുറേഷിയയെ പരോക്ഷമായി വിശേഷിപ്പിച്ചത്. ഇൻഡോർ ജില്ലയിലെ മഹുവിൽ നടന്ന ഒരു സര്‍ക്കാര്‍ പരിപാടിയിലാണ് മന്ത്രിയുടെ വിവാദ പരാമർശം.

പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇന്ത്യയുടെ തിരിച്ചടിയേയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടലിനെയും അഭിനന്ദിക്കുന്നതിനിടെയാണ് വിവാദ പരാമര്‍ശങ്ങള്‍ കടന്നുവന്നത്.

ഡ്രോണുകളെ പ്രതിരോധിക്കാൻ പുതിയ സംവിധാനം; ‘ഭാർഗവാസ്ത്ര’ വിജയകരമായി വികസിപ്പിച്ച് ഇന്ത്യ

ഡ്രോണുകളെ പ്രതിരോധിക്കാൻ പുതിയ സംവിധാനം വിജയകരമായി വികസിപ്പിച്ച് ഇന്ത്യ. ‘ഭാർഗവാസ്ത്ര’ എന്നതാണ് ഡ്രോൺ പ്രതിരോധ സംവിധാനത്തിന്റെ പേര്. ഗോപാൽപൂരിൽ നടന്ന പരീക്ഷണം വിജയകരം. ഈ കൗണ്ടർ-ഡ്രോൺ സിസ്റ്റത്തിൽ ഉപയോഗിച്ചിരിക്കുന്ന മൈക്രോ റോക്കറ്റുകൾ ഗോപാൽപൂരിലെ സീവാർഡ് ഫയറിംഗ് റേഞ്ചിൽ പരീക്ഷണത്തിന് വിധേയമാക്കി. എല്ലാ നിയുക്ത ലക്ഷ്യങ്ങളും നേടിയെടുത്തു. ഗോപാൽപൂരിൽ സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ റോക്കറ്റിൽ മൂന്ന് പരീക്ഷണങ്ങൾ നടത്തി.

ഓരോ റോക്കറ്റ് വീതം വിക്ഷേപിച്ചുകൊണ്ട് രണ്ട് പരീക്ഷണങ്ങൾ നടത്തി. രണ്ട് സെക്കൻഡിനുള്ളിൽ സാൽവോ മോഡിൽ രണ്ട് റോക്കറ്റുകൾ വിക്ഷേപിച്ചുകൊണ്ട് ഒരു പരീക്ഷണം നടത്തി. നാല് റോക്കറ്റുകളും പ്രതീക്ഷിച്ചതുപോലെ പ്രകടനം കാഴ്ചവയ്ക്കുകയും ആവശ്യമായ വിക്ഷേപണ പാരാമീറ്ററുകൾ കൈവരിക്കുകയും ചെയ്തുവെന്ന് സോളാർ ഡിഫൻസ് ആൻഡ് എയ്‌റോസ്‌പേസ് ലിമിറ്റഡ് പ്രസ്താവനയിൽ പറഞ്ഞു.

2.5 കിലോമീറ്റർ വരെ ദൂരത്തിൽ വരുന്ന ചെറുതും വരുന്നതുമായ ഡ്രോണുകൾ കണ്ടെത്തുന്നതിനും ഇല്ലാതാക്കുന്നതിനുമുള്ള നൂതന കഴിവുകൾ ‘ഭാർഗവസ്ത്ര’ത്തിനുണ്ട്. സമുദ്രനിരപ്പിൽ നിന്ന് 5000 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഉയർന്ന പ്രദേശങ്ങൾ ഉൾപ്പെടെ വൈവിധ്യമാർന്ന ഭൂപ്രദേശങ്ങളിൽ തടസ്സമില്ലാതെ വിന്യാസം നടത്താൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ സംവിധാനം, ഇന്ത്യയുടെ സായുധ സേനയുടെ അതുല്യമായ പ്രവർത്തന ആവശ്യങ്ങൾ നിറവേറ്റുന്നു.

വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന്റെ സുരക്ഷ വർധിപ്പിച്ചു

ഡൽഹി: അതിർത്തിയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന്റെ  സുരക്ഷ വർധിപ്പിച്ചു.

ഒരു ബുള്ളറ്റ് പ്രൂഫ് വാഹനം കൂടി അദ്ദേഹത്തിന്റെ വാഹന വ്യൂഹത്തിൽ ഉൾപ്പെടുത്തിയതായി എഎൻഐ റിപ്പോർട്ട് ചെയ്തു.

സെഡ് കാറ്റഗറി സുരക്ഷയാണ് നിലവിൽ ജയശങ്കറിനുള്ളത്. സിആർപിഎഫാണ് സുരക്ഷ ഒരുക്കുന്നത്. 2024 ഒക്ടോബറിലാണ് ജയശങ്കറിന്റെ സുരക്ഷ വൈ വിഭാഗത്തിൽനിന്ന് സെഡിലേക്ക് ഉയർത്തിയത്. 

ഒരു ബുള്ളറ്റ് പ്രൂഫ് വാഹനം കൂടി; വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്‍റെ സുരക്ഷ വർധിപ്പിച്ച് കേന്ദ്ര സർക്കാർ

0

ദില്ലി: പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ പാകിസ്ഥാനിൽ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ സുരക്ഷ വർധിപ്പിച്ച് കേന്ദ്ര സർക്കാർ. അതിർത്തിയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് വിദേശകാര്യ മന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചത്. മന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക്  ഒരു ബുള്ളറ്റ് പ്രൂഫ് വാഹനം കൂടി ഉൾപ്പെടുത്തിയതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

സെഡ് കാറ്റഗറി സുരക്ഷയാണ് നിലവിൽ ജയശങ്കറിനുള്ളത്. സിആർപിഎഫാണ് സെഡ് കാറ്റഗറി വിഭാഗത്തിലുള്ള വിഐപികൾക്ക് സുരക്ഷ ഒരുക്കുന്നത്. 2024 ഒക്ടോബറിലാണ് ജയശങ്കറിന്റെ സുരക്ഷ വൈ വിഭാഗത്തിൽനിന്ന് സെഡിലേക്ക് ഉയർത്തിയത്. രാജ്യ‌ത്തെവിടെ പോകുമ്പോഴും സായുധരായ സിആർപിഎഫ് സേനാംഗങ്ങൾ അദ്ദേഹത്തിന് ശക്തമായ സുരക്ഷ ഒരുക്കും. നിലവിൽ ആഭ്യന്തരമന്ത്രി അമിത്ഷാ, ഗതാഗത മന്ത്രി നിതിൻ ഗഡ്കരി, ദലൈലാമ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി അടക്കമുള്ളവർക്ക് സിആർപിഎഫാണ് സുരക്ഷ നൽകുന്നത്. ഏപ്രിൽ 22ന് പഹൽഗാമിലുണ്ടായ തീവ്രവാദി ആക്രമണത്തെ തുടർന്ന് വിഐപികളുടെ സുരക്ഷ ശക്തമാക്കിയിരുന്നു.

പഹൽഗാം ആക്രമണത്തിന് ശക്തമായ ഭാഷയിൽ ഇന്ത്യ തിരിച്ചടിച്ചു. പാക് ഭീകരകേന്ദ്രങ്ങളും, വ്യോമത്താവളങ്ങളും തകർത്ത് ഇന്ത്യ തിരിച്ചടിച്ചതോടെ പാകിസ്ഥാൻ അതിർത്തിയിൽ ആക്രമണം അഴിച്ച് വിട്ടിരുന്നു. അതിർത്തിയിൽ നില നിൽക്കുന്ന സംഘർഷ സാധ്യതകൾ കണക്കിലെടുത്താണ് എസ്. ജയശങ്കറിന്റെ സുരക്ഷ വർധിപ്പിച്ചത്.

യുഎസിലെ ഏറ്റവും ജനസംഖ്യയുള്ള 28 നഗരങ്ങൾ കടലിൽ മുങ്ങുമെന്ന് പുതിയ പഠനം; മുങ്ങുന്നവയിൽ ന്യൂയോര്‍ക്കും ചിക്കാഗോയും ഡെൻവറും

0

ഭൂമി കടലില്‍ താഴുന്നത് അസാധാരണമായ ഒരു പ്രതിഭാസമല്ല. പ്രകൃതിദത്തവും ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കാരണമാണ് പല പ്രദേശങ്ങളും കടലിനടയിലാകുന്നത്. യുഎസിലെ സമുദ്രതീരത്തുള്ള ന്യൂയോര്‍ക്കും ചിക്കാഗോയും ഡള്ളസും ഡെന്‍വറുമടക്കം ഏറ്റവും ജനസംഖ്യയുള്ള 28 നഗരങ്ങൾ മുങ്ങുമെന്ന് പുതിയ പഠനം. വെര്‍ജീനിയ പോളിടെക്നിക്ക് ഇന്‍സ്റ്റിറ്റ്യൂട്ടും സ്റ്റേറ്റ് സർവകലാശാലയും സംയുക്തമായി സാറ്റലൈറ്റ് അടിസ്ഥാനമാക്കിയ റഡാല്‍ കണക്കുകൾ വച്ചാണ് മുങ്ങുന്ന നഗരങ്ങളുടെ ഹൈ റെസല്യൂഷൻ മാപ്പ് നിര്‍മ്മിച്ചിരിക്കുന്നത്. വ‍ർഷത്തില്‍ രണ്ട് മുതല്‍ 10 മില്ലീമീറ്റര്‍ വരെയാണ് (0.08 മുതല്‍ 0.4 ഇഞ്ച്) നഗരങ്ങൾ മുങ്ങുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പഠനത്തിനായി തെരഞ്ഞെടുത്ത 28 നഗരങ്ങളിൽ ഓരോന്നിലും, ഏറ്റവും കുറഞ്ഞത് 20% എങ്കിലും മുങ്ങുകയാണ്. 25 നഗരങ്ങളിൽ, കുറഞ്ഞത് 65% ഭൂമിയും മുങ്ങുകയാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. ടെക്സസ് സംസ്ഥാനത്തിന്‍റെ തീരത്തുള്ള നഗരങ്ങളിലാണ് ഏറ്റവും കൂടുതല്‍ മുങ്ങല്‍ നിരക്ക് രേഖപ്പെടുത്തിയത്. അതില്‍ തന്നെ ഹ്യൂസ്റ്റണ്‍ നഗരമാണ് മുന്നില്‍. ഹ്യൂസ്റ്റണിന്‍റെ ഏകദേശം 40 % , പ്രതിവർഷം 5 മില്ലിമീറ്ററിൽ (0.2 ഇഞ്ച്) കൂടുതൽ കടലെടുക്കുകയാണ്. അതുപോലെ നഗരത്തിന്‍റെ 12% ഭാഗം പ്രതിവര്‍ഷം 10 മില്ലിമീറ്ററില്‍ (0.4 ഇഞ്ച്) കൂടുതല്‍ താഴുകയാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.

എന്നാല്‍ യുഎസ് നഗരങ്ങളുടെ 80 ശതമാനം ഭൂമിയും താഴ്ന്ന് പോകുന്നതിന് കാരണം മനുഷ്യന്‍റെ അമിതമായ ഭൂഗ‍ഭജല ഉപയോഗമാണെന്ന് വിർജീനിയ ടെക് സംഘം പറയുന്നു. മനുഷ്യരുടെ ഇടപെടലിന്‍റെ ഫലമായി സമുദ്രനിരപ്പ് ഉയരുന്നത് തീരദേശത്തെ നഗരങ്ങളിലെ മണ്ണിടിച്ചിലിന് കാരണമാകുന്നു. ഇത് സമുദ്രതീരത്ത് മാത്രമല്ല. ഉൾനാടന്‍ നഗരങ്ങളെയും അപകടത്തിലാക്കുന്നു. വെള്ളപ്പൊക്കത്തിന് കാരണമാകുന്നു. മാതമല്ല. ജലവിതാനം ഉയരുന്നത് കെട്ടിടങ്ങളുടെ നിലനില്‍പ്പിനെയും മനുഷ്യനി‍മ്മിതമായ അടിസ്ഥാന സൗകര്യങ്ങളെയും തകിടം മറിക്കുമെന്നും പഠന സംഘം മുന്നറിയിപ്പ് നല്‍കുന്നു.

ഭൂമിയുടെ ചെറിയ മുങ്ങല്‍ പോലും കാലക്രമേണ കെട്ടിടങ്ങളെയും റോഡുകളെയും പാലങ്ങളെയും റെയിൽവേ സംവിധാനങ്ങളെയും ദോഷകരമായി ബാധിക്കുമെന്ന് ഇത് സംബന്ധിച്ച് പഠനം നടത്തിയ ലിയോനാർഡ് ഒഹെൻഹെൻ ചൂണ്ടിക്കാണിക്കുന്നെന്നും സ്പെയിസ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു. അതേസമയം അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാൾട് ട്രംപ്, കാലാവസ്ഥാ വ്യതിയാനം മൂലം സമുദ്രനിരപ്പ് ഉയരുന്നുവെന്ന വാദത്തെ അംഗീകരിക്കുന്നില്ല.

തുർക്കിയുടെ ആപ്പിളിന് നിരോധനം ഏർപ്പെടുത്തി പുണെയിലെ കച്ചവടക്കാർ; പാകിസ്ഥാന് പിന്തുണ നൽകിയതിൽ പ്രതിഷേധം

0

പുണെ (മഹാരാഷ്ട്ര): തുര്‍ക്കി ആപ്പിളിന് അനൗദ്യോഗിക നിരോധനം ഏര്‍പ്പെടുത്തി പുണെയിലെ പഴക്കച്ചവടക്കാര്‍. ഇന്ത്യ-പാക് വിഷയത്തിൽ തുർക്കി പാകിസ്താന് നൽകിയ പിന്തുണയിൽ പ്രതിഷേധിച്ചാണ് നിലപാട്. തുര്‍ക്കിയില്‍നിന്നും ഇറക്കുമതി ചെയ്യുന്ന ആപ്പിളുകള്‍ ഇനി വില്‍ക്കില്ല എന്നാണ് കച്ചവടക്കാരുടെ തീരുമാനം. ഇതിനു പകരമായി ഇന്ത്യയിലെ വിവിധയിടങ്ങളില്‍നിന്നുമുള്ള ആപ്പിളുകളാണ് വില്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. ഇതോടെ പുണെയിലെ പഴക്കടകളിലൊന്നുംതന്നെ തുര്‍ക്കി ആപ്പിള്‍ കിട്ടാനില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്രബന്ധത്തില്‍ വിള്ളല്‍വീഴുകയും ഇരുരാജ്യങ്ങളും യുദ്ധസമാനമായ അന്തരീക്ഷത്തിലേക്ക് എത്തുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ ഇന്ത്യയേയും പാകിസ്താനേയും പിന്തുണച്ചുകൊണ്ട് വിവിധ രാജ്യങ്ങളും മുന്നോട്ടുവന്നിരുന്നു. ഈ സമയത്താണ് പാകിസ്താന് പരസ്യ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് തുര്‍ക്കി മുന്നോട്ടുവന്നത്. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്താനെ പിന്താങ്ങുന്നതിലൂടെ തുര്‍ക്കിയും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന തരത്തില്‍ വാദങ്ങളും ഉയര്‍ന്നിരുന്നു.

എന്തായാലും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യത്തിന്റെ സമ്പത്തിലേക്ക് തങ്ങളുടെ ഭാഗത്തുനിന്നും ചെറിയതോതിലുള്ള സഹായം പോലുംവേണ്ട എന്ന ദൃഢനിശ്ചയത്തിലാണ് പുണെയിലെ പഴക്കച്ചവടക്കാര്‍. പൊതുവില്‍ ഈ സീസണില്‍ 1000 മുതല്‍ 1,200 കോടിവരെ വിറ്റുവരവ് ലഭിക്കാറുണ്ട്. ഈ ലാഭം വേണ്ട എന്നുവയ്ക്കുന്നതിലൂടെ രാജ്യത്തിനോടും സര്‍ക്കാരിനോടും പട്ടാളക്കാരോടുമുള്ള തങ്ങളുടെ പിന്തുണകൂടിയാണ് അറിയിക്കുന്നതെന്ന് കച്ചവടക്കാര്‍ പറയുന്നു.

തുര്‍ക്കിയില്‍ നിന്നും ഇനി ആപ്പിള്‍ വാങ്ങേണ്ടെന്നാണ് ഞങ്ങുടെ തീരുമാനം. പകരം ഹിമാചല്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നും ഇറാനില്‍ നിന്നുമെല്ലാം ആപ്പിള്‍ കൂടുതലായി വാങ്ങാനാണ് തീരുമാനം. കച്ചവടക്കാര്‍ മാത്രമല്ല, പഴങ്ങള്‍ വാങ്ങാന്‍ എത്തുന്നവരും ഈ തീരുമാനത്തോട് പൂര്‍ണമായും സഹകരിക്കുന്നുണ്ട്. ഇന്ത്യ ഇന്ന് കടന്നുപോകുന്ന സാഹചര്യത്തില്‍ രാജ്യത്തോടുള്ള ഞങ്ങളുടെ സ്‌നേഹവും പിന്തുണയും ഇങ്ങനെയും കാണിക്കണമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു,’ – അഗ്രികള്‍ച്ചര്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റി (എപിഎംസി) ചന്തയിലെ ആപ്പിള്‍ കച്ചവടക്കാരനായ സുയോഗ് സിന്ദെ പറയുന്നു. ചന്തകളില്‍ തുര്‍ക്കി ആപ്പിളിന്റെ ആവശ്യക്കാരില്‍ 50 ശതമാനത്തോളം കുത്തനെ ഇടിവുണ്ടായതായി മറ്റ് കച്ചവടക്കാര്‍ പറയുന്നു. മൊത്തവ്യാപാരത്തില്‍ മാത്രമല്ല, ചില്ലറ വ്യാപാരത്തിലും നിരോധനം വലിയതോതില്‍ ചലനം സൃഷ്ടിച്ചിട്ടുണ്ട്.

അരുണാല്‍ പ്രദേശിലെ സ്ഥലങ്ങളുടെ പേരുമാറ്റം; ചൈനയുടെ ശ്രമത്തെ ശക്തമായി എതിര്‍ത്ത് ഇന്ത്യ; ചൈനീസ് പത്രങ്ങള്‍ക്കും വാര്‍ത്ത ഏജന്‍സിക്കും ഇന്ത്യയില്‍ വിലക്ക്

ഇന്ത്യൻ സംസ്ഥാനമായ അരുണാചല്‍ പ്രദേശിലെ നിരവധി സ്ഥലങ്ങളുടെ പേര് മാറ്റാനുള്ള ചൈനയുടെ ശ്രമത്തെ ശക്തമായി എതിര്‍ത്ത് ഇന്ത്യ. പേരുമാറ്റം യാഥാര്‍ത്ഥ്യങ്ങളെ ഇല്ലാതാക്കുന്നില്ലെന്നും അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവിച്ചു. അരുണാചല്‍ പ്രദേശിന്റെ പേര് മാറ്റാനുള്ള നീക്കത്തിന് പിന്നാലെ ചൈനീസ് പത്രങ്ങള്‍ക്കും വാര്‍ത്ത ഏജന്‍സിക്കും ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തി. ചൈനീസ് പത്രം ഗ്ലോബല്‍ ടൈംസിന്റെ ഇന്ത്യയിലെ എക്‌സ് അക്കൗണ്ടന് വിലക്ക് ഏര്‍പ്പെടുത്തി. ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ ന്യൂസിനെയും രാജ്യത്ത് നിരോധിച്ചു. ഇന്ത്യ പാക് സംഘര്‍ഷ സമയത്ത് ഈ വാര്‍ത്ത ഏജന്‍സി പാകിസ്ഥാന്‍ സ്‌പോണ്‍സര്‍ പ്രചാരണങ്ങള്‍ നടത്തി എന്നാണ് ഇന്ത്യയുടെ കണ്ടെത്തല്‍.

വടക്കുകിഴക്കൻ സംസ്ഥാനം എല്ലായ്പ്പോഴും ഇന്ത്യയുടെ അവിഭാജ്യ ഘടകമായി തുടരുമെന്ന യാഥാർഥ്യത്തെ ചൈനയുടെ ഇത്തരം ബുദ്ധിശൂന്യമായ നീക്കങ്ങളാൽ തടയാനാകില്ലെന്ന് ഇന്ത്യ പറഞ്ഞു. ഇന്ത്യൻ സംസ്ഥാനമായ അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് പേരിടാനുള്ള വ്യർത്ഥവും അസംബന്ധമായതുമായ ശ്രമങ്ങൾ ചൈന തുടരുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടുവെന്ന് ചോദ്യത്തിന് മറുപടിയായി വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യമായ ഭാഗമാണെന്നും എല്ലായ്പ്പോഴും അങ്ങനെയായിരിക്കുമെന്നും നിഷേധിക്കാനാവാത്ത യാഥാർത്ഥ്യത്തെ നാമകരണം കൊണ്ട് മാറ്റാനാകില്ലെന്നും ജയ്‌സ്വാൾ കൂട്ടിച്ചേർത്തു.

അരുണാചൽ പ്രദേശിലെ സ്ഥലങ്ങളുടെ പേര് ചൈന മാറ്റുന്നത് ഇതാദ്യമല്ല. 2024 ൽ, 30 പുതിയ സ്ഥലങ്ങളുടെ പേരുകൾ ഉൾപ്പെടുത്തി പട്ടിക പുറത്തിറക്കിയിരുന്നു. ആ സമയത്തും ഇന്ത്യ ശക്തമായി എതിർത്തു. ‘സാങ്‌നാൻ’ എന്ന് അവർ പരാമർശിക്കുന്ന അരുണാചൽ പ്രദേശിനുമേലുള്ള തങ്ങളുടെ പ്രദേശിക അവകാശവാദങ്ങൾ സ്ഥാപിക്കാൻ ചൈന പലപ്പോഴും ശ്രമിച്ചിട്ടുണ്ട്.

പതിമൂന്ന്കാരനിൽ നിന്ന് അദ്ധ്യാപിക ഗർഭിണിയായ സംഭവം; അധ്യാപികയ്ക്ക് ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി കോടതി

0

സൂറത്ത്: പഠിപ്പിച്ചുകൊണ്ടിരുന്ന 13കാരനിൽ നിന്ന് ഗർഭിണിയായ അധ്യാപികയ്ക്ക് ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി സൂറത്തിലെ പ്രത്യേക പോക്സോ കോടതി. 13കാരനായ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ പോക്സോ വകുപ്പുകൾ പ്രകാരം അറസ്റ്റിലായ 23കാരിക്കാണ് ഗർഭം അലസിപ്പിക്കാൻ അനുമതി നൽകിയത്. നിലവിൽ സൂറത്തിലെ ജയിലിലാണ് അധ്യാപികയുള്ളത്. തട്ടിക്കൊണ്ട് പോകൽ, തടഞ്ഞുവയ്ക്കൽ, പോക്സോ വകുപ്പുകൾ ചുമത്തിയാണ് അദ്ധ്യാപികയെ അറസ്റ്റ് ചെയ്തത്.

ഭ്രൂണം ഡിഎൻഎ പരിശോധനയ്ക്കായി സൂക്ഷിക്കണമെന്ന് വ്യക്തമാക്കിയാണ് 22 ആഴ്ച വളർച്ചയുള്ള ഗർഭം അലസിപ്പിക്കാൻ കോടതി അനുമതി നൽകിയത്. ഗർഭം തുടരുന്നത് യുവതിയുടെ മാനസിക സാമൂഹിക പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി തീരുമാനം. ഗർഭഛിദ്രം സംബന്ധിച്ച റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ കോടതിയിൽ സമർപ്പിക്കണമെന്നും കോടതി വ്യക്തമാക്കി.

വർഷങ്ങളായി ട്യൂഷൻ ക്ലാസിലെ വിദ്യാർത്ഥിയായിരുന്ന പതിമൂന്നുകാരനെ തട്ടിക്കൊണ്ട് പോയതിന് പിന്നാലെ ആറ് ദിവസത്തെ തെരച്ചിലിനൊടുവിലാണ് പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തത്. 13കാരന്റെ പിതാവിന്റെ പരാതിയിലായിരുന്നു അറസ്റ്റ്. ഗർഭത്തിന് ഉത്തരവാദി 13കാരനാണെന്ന് അധ്യാപിക മൊഴി നൽകിയതോടെ ഡിഎൻഎ പരിശോധന നടത്താനുള്ള നീക്കത്തിലായിരുന്നു പൊലീസുണ്ടായിരുന്നത്. ഏപ്രിൽ 29നാണ് അധ്യാപിക അറസ്റ്റിലായത്. നിലവിൽ സൂറത്തിലെ ജയിലിൽ കഴിയുന്ന അധ്യാപിക ഗർഭസ്ഥ ശിശുവിനും തനിക്കും ജീവന് ആപത്തുണ്ടെന്നും പ്രസവ സമയത്ത് അടക്കം അപായപ്പെടുത്തിയേക്കുമെന്നുമാണ് കോടതിയിൽ നൽകിയ ഹർജിയിൽ വിശദമാക്കിയിരുന്നത്.

ഏപ്രിൽ 25നാണ് 13കാരന്റെ മാതൃകാ അധ്യാപികയായിരുന്ന 23കാരി വിദ്യാർത്ഥിയുമായി പട്ടാപ്പകൽ കടന്നു കളഞ്ഞത്. സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്ന് നടത്തിയ പരിശോധനയിൽ ആറ് ദിവസത്തിന് ശേഷമാണ് ഇവരെ കണ്ടെത്താനായത്. ഏതാനും വർഷങ്ങളായി 13കാരന്റെ സ്വകാര്യ ടീച്ചറായിരുന്നു അധ്യാപിക. കഴിഞ്ഞ വർഷത്തോടെയാണ് 13കാരൻ അധ്യാപികയുടെ ഒരേയൊരു സ്വകാര്യ വിദ്യാർത്ഥിയായത്. അഞ്ച് വർഷത്തോളമായി 13കാരന് ട്യൂഷൻ നൽകി വരുകയായിരുന്നു അദ്ധ്യാപിക.

അധ്യാപികയുടെ വീട്ടിൽ വട്ടപം വഡോദരയിലെ ഒരു ഹോട്ടലിൽ വച്ചും 13കാരനുമായി അധ്യാപിക ശാരീരിക ബന്ധം പുലർത്തിയെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഗുജറാത്ത്- രാജസ്ഥാൻ അതിർത്തിയിൽ വച്ചാണ് ഇവർ അറസ്റ്റിലായത്. ചോദ്യം ചെയ്യലിൽ ഇവർ രണ്ട് പേരും മാസങ്ങളായി ശാരീരിക ബന്ധം പുലർത്തിയതായി അധ്യാപികയും വിദ്യാർത്ഥിയും മൊഴി നൽകിയിട്ടുണ്ട്.

രണ്ടാം ക്ലാസുകാരനെ തെരുവുനായകൾ കൂട്ടം ചേർന്ന് ആക്രമിച്ചു, സംഭവം വീട്ട് മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ

പാലക്കാട്: പാലക്കാട് കൽമണ്ഡപത്ത് എട്ടുവയസ്സുകാരന് നേരെ തെരുവുനായ ആക്രമണം. പ്രതിഭാ നഗർ സ്വദേശി മുഹമ്മദ് ഷിയാസിനാണ് തെരുവുനായയുടെ കടിയേറ്റത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ തെരുവ് നായകൾ ആക്രമിക്കുകയായിരുന്നു. നാല് നായകൾ ഒരുമിച്ചാണ് കുട്ടിയെ ആക്രമിച്ചത്. സെൻ സെബാസ്റ്റ്യൻ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ആക്രമണത്തിനിരയായ മുഹമ്മദ് ഷിയാസ്.

അതേസമയം, റാബീസ് കേസുകള്‍(പേവിഷബാധ) ക്രമാതീതമായി ഉയരുമെന്ന മുന്നറിയിപ്പുമായി ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു. തെരുവ് നായ്ക്കളുടെ എണ്ണം കുറക്കണമെന്നും കേരളത്തിലെ ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഡോ. വികെപി മോഹന്‍കുമാര്‍ പറഞ്ഞു.
സമീപനങ്ങളിലും നിയമങ്ങളിലും മാറ്റം അനിവാര്യമാണന്ന് വെറ്ററിനറി ഡോക്ടര്‍മാരുടെ സംഘടന പറഞ്ഞു.

പക്ഷിപ്പനിയും പന്നിപ്പനിയും പ്രതിരോധിക്കുന്നതിനായി സ്വീകരിക്കുന്ന നിയന്ത്രണ നടപടികള്‍ തെരുവുനായ വിഷയത്തിലും കൈകൊള്ളണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടിരുന്നു. പേവിഷബാധയേറ്റുള്ള മരണങ്ങള്‍ ഇല്ലാതാക്കാന്‍ ജനകീയ പ്രതിരോധ കുത്തിവെപ്പ് നടത്തണമെന്ന് കേരള സര്‍ക്കാര്‍ മെഡിക്കല്‍ ഓഫീസര്‍മാരുടെ സംഘടന(KGMOA)യും ആവശ്യപ്പെട്ടു