ഇസ്ലാമാബാദ്: സൈബർ ലോകത്ത് തരംഗമായി ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ സന്ദേശം. പാകിസ്ഥാനിൽ നിന്ന് ബലൂചിസ്ഥാൻ സ്വാതന്ത്ര്യം നേടിയതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ വൈറലാകുന്നത്. ആക്ടിവിസ്റ്റ് മിർ യാർ ബലൂച് ഉൾപ്പെടെയുള്ള ബലൂച് നേതാക്കൾ ബലൂചിസ്ഥാൻ സ്വതന്ത്രമായെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ, ബലൂചിസ്ഥാനിലെ പല സ്ഥലങ്ങളിലും പാക് പതാക നീക്കം ചെയ്ത് ബലൂചിസ്ഥാൻ വിമോചന പോരാളികൾ തങ്ങളുടെ പതാക സ്ഥാപിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇപ്പോഴിതാ, ബലൂച് രാഷ്ട്രത്തെ അംഗീകരിക്കണമെന്ന് ഇന്ത്യയോടും ഐക്യരാഷ്ട്രസഭയോടും ബലൂച് നേതാക്കൾ അഭ്യർത്ഥിച്ചിരിക്കുകയാണ്.
ഡൽഹിയിൽ ബലൂച് എംബസി അനുവദിക്കണമെന്നാണ് ആക്ടിവിസ്റ്റ് മിർ യാർ ഇന്ത്യൻ സർക്കാരിനോട് അഭ്യർത്ഥിച്ചത്. പാകിസ്ഥാൻ സൈന്യത്തോട് മേഖലയിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടു. ബലൂചിസ്ഥാനിലേക്ക് സമാധാന സേനയെ അയയ്ക്കാൻ ഐക്യരാഷ്ട്രസഭയോടും അദ്ദേഹം അഭ്യർത്ഥിച്ചു.
ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ പാകിസ്ഥാന് ഇരട്ട പ്രഹരമായി മാറുകയായിരുന്നു ബലൂച് പ്രക്ഷോഭം. പ്രശസ്ത എഴുത്തുകാരനും ബലൂച് അവകാശങ്ങൾക്കായി വാദിക്കുന്നയാളുമായ മിർ യാർ ബലൂച് എക്‌സിലാണ് ബലൂചിസ്ഥാൻ സ്വാതന്ത്ര്യം നേടിയതായി പ്രഖ്യാപിച്ചത്.
“നമ്മൾ നമ്മുടെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു. ബലൂചിസ്ഥാന്റെ ഔദ്യോഗിക ഓഫീസും ഡൽഹിയിൽ എംബസിയും അനുവദിക്കണമെന്ന് ഞങ്ങൾ ഇന്ത്യയോട് അഭ്യർത്ഥിക്കുന്നു”- എന്നാണ് മിർ യാർ ഒരു പോസ്റ്റിൽ കുറിച്ചത്.
അന്താരാഷ്ട്ര സമൂഹത്തോടും മിർ യാർ അഭ്യർത്ഥന നടത്തി- “ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യം അംഗീകരിക്കാനും അതിനായി എല്ലാ യുഎൻ അംഗങ്ങളുടെയും ഒരു യോഗം വിളിക്കാനും ഞങ്ങൾ ഐക്യരാഷ്ട്രസഭയോട് അഭ്യർത്ഥിക്കുന്നു. കറൻസിക്കും പാസ്‌പോർട്ട് അച്ചടിക്കും വേണ്ടി ഫണ്ട് അനുവദിക്കണം”.

