മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ലയണ്‍സ് ക്ലബ് കൊച്ചിന്‍ ക്രൗണ്‍ സിറ്റി വൈറ്റില സംഘടിപ്പിക്കുന്ന തീരദേശോത്സവം
കൊച്ചി- ലയണ്‍സ് ക്ലബ് കൊച്ചിന്‍ ക്രൗണ്‍ സിറ്റി വൈറ്റില അടുത്ത വര്‍ഷം വിപുലമായ ‘തീരദേശോത്സവം’ സംഘടിപ്പിക്കുന്നു. ഫോര്‍ട്ട് കൊച്ചി, കണ്ണമാലി, ചെല്ലാനം തീരപ്രദേശങ്ങളിലെ കലാകാരന്മാരെ അണിനിരത്തി സംഘടിപ്പിക്കുന്ന ഉത്സവത്തിന്റെ മുന്നോടിയായി ഏപ്രില്‍ 14-ന് ലോകമലയാളികളുടെ ഹൃദയങ്ങളില്‍ ഇടം നേടിയ, ചവിട്ടുനാടക കലാരംഗത്തിലൂടെ ചലച്ചിത്രലോകത്ത് കടന്ന് വന്ന തീരദേശത്തിന്റെ അഭിമാനമായ മോളി കണ്ണമാലിയെ ചലച്ചിത്ര കലാരംഗത്തെ സമഗ്ര സംഭാവനകള്‍ക്ക് ‘ലയണ്‍സ് കലാമിത്ര’ പുരസ്‌കാരം നല്‍കി ആദരിക്കും.
വൈകിട്ട് 3 മണിക്ക് മുണ്ടംവേലി സെ. ലൂയിസ് പാരിഷ് ഹാളിൽ നടക്കുന്ന പുരസ്‌കാര വിതരണ ചടങ്ങില്‍ തീരദേശത്തെ ചവിട്ടുനാടക കലാകാരന്മാരെയും പുരസ്‌കാരം നല്‍കി ആദരിക്കും.
നടനും എഴുത്തുകാരനും ലോക റെക്കോര്‍ഡ് ജേതാവുമായ സംവിധായകന്‍ ജോയ് കെ. മാത്യുവിന്റെ സഹകരണത്തോടെയാണ് ഫോര്‍ട്ട് കൊച്ചി, കണ്ണമാലി, ചെല്ലാനം തീരപ്രദേശങ്ങളിൽ ആദ്യമായി തീരദേശോത്സവം സംഘടിപ്പിക്കുന്നത്.
ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ കെ. ബി. ഷൈന്‍കുമാര്‍ അധ്യക്ഷനായിരിക്കുന്ന പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ ജോയ് കെ. മാത്യുവിനൊപ്പം, ലയൺസ് ഡിസ്ട്രിക്റ്റ് ക്യാബിനറ്റ് സെക്രട്ടറി ലയൺ സജി ചാമേലി, ഡിസ്ട്രിക്റ്റ് ക്യാബിനറ്റ് ട്രെഷർ ലയൺ വർഗീസ് ജോസഫ് തീരദേശോത്സവ കമ്മിറ്റി ചെയര്‍മാനും നടനും സംവിധായകനും ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ് കേരള സംസ്ഥാന ജനറൽ സെക്രട്ടറിയും ലയൺസ് ക്ലബ് എക്സിക്യൂട്ടീവ് മെമ്പറുമായ ലയൺ പോളി വടക്കന്‍, ലയണ്‍സ് ക്ലബ് കൊച്ചിന്‍ ക്രൗണ്‍ സിറ്റി വൈറ്റില സെക്രട്ടറി ലയണ്‍ വിനീഷ്‌കുമാര്‍, ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ് കേരള സംസ്ഥാന പ്രസിഡന്റുമായ എ.പി. ജിനനും ടെലിവിഷന്‍, ചലച്ചിത്ര, നാടക, സംഗീത,നൃത്ത മേഖലകളിലെ പ്രമുഖരും പങ്കെടുക്കും.
അന്യം നിന്നുപോകുന്ന കലകളുടെ സംരക്ഷണ ദൗത്യം:
അടുത്ത വര്‍ഷം നടക്കുന്ന തീരദേശോത്സവത്തില്‍, അന്യം നിന്നുപോകുന്ന ചവിട്ടുനാടകം കൂടാതെ തീരദേശത്തിന്റെ മറ്റു തനത് കലകളുടെ കലാകാരന്മാരെ ആദരിക്കുന്ന പ്രത്യേക പരിപാടിയും സംഘടിപ്പിക്കും. തീരദേശത്തിന്റെ സമ്പന്നമായ കലാപാരമ്പര്യങ്ങള്‍ പുതുതലമുറയിലേക്ക് പകര്‍ന്നു നല്‍കുന്ന സംരക്ഷണ ദൗത്യം ഉത്സവത്തിന്റെ പ്രധാന ഭാഗമാകും.
തീരജനങ്ങളുടെ ഐക്യത്തിന്റെ മഹോത്സവം
സമുദ്രജീവിതത്തിന്റെ വൈവിധ്യം, തീരദേശവാസികളുടെ സംസ്‌കാരവും കലാപാരമ്പര്യങ്ങളും, മത്സ്യതൊഴിലാളികളുടെ സ്ഥിരതയും സേവനങ്ങളും ആഘോഷിക്കുകയാണ് ഉത്സവത്തിന്റെ പ്രധാന ലക്ഷ്യം.
ചെല്ലാനം മുതല്‍ ഫോര്‍ട്ട് കൊച്ചി വരെയുള്ള മത്സ്യതൊഴിലാളി കുടുംബങ്ങള്‍ ഒരേയൊരു വലിയ കുടുംബമായി ഒന്നിച്ചുകൂടുന്ന ഈ മഹോത്സവം തീരദേശവാസികളുടെ ഐക്യത്തിന്റെയും സമുദ്രസ്‌നേഹത്തിന്റെയും പ്രതീകമായി മാറുമെന്ന് ലയൺസ് ക്ലബ് പ്രസിഡന്റ് ലയണ്‍ നൗഷാദ് എസ്. എ. യും
ട്രഷറര്‍ ലയണ്‍ വിഷ്ണു ടി.വി.യും അറിയിച്ചു.
ചടങ്ങിൽ തീരദേശോത്സവത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്യും.തുടർന്ന് വനപാലകൻ ചവിട്ട് നാടകം അരങ്ങേറും.

