LATEST ARTICLES

തായ്ലൻഡിൽ നിന്നും ഹൈബ്രിഡ് കഞ്ചാവ് കേരളത്തിലെത്തിക്കുന്ന സംഘം പിടിയിൽ ; പിടിയിലായ കൊടുവള്ളി ഫായിസും അബു താഹിറും അന്താരാഷ്ട്ര മയക്ക് മരുന്ന് ശൃംഖലയിലെ ഉന്നതർ

0

ആലുവ : പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൻ അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ രണ്ടു പേർ കൂടി പിടിയിൽ. കോഴിക്കോട് കൊടുവള്ളി കിഴക്കേ തൊടുകയിൽ വീട്ടിൽ ഫായിസ് (38), കോഴിക്കോട് എരഞ്ഞിപ്പാലം വേങ്ങേരി നാഗത്താൻ പറമ്പിൽ ജഗത്ത് (29) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.

തായ്ലൻഡിൽ നിന്നും നെടുമ്പാശ്ശേരി എയർ പോർട്ട് വഴി കേരളത്തിലെത്തിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് വിതരണക്കാരിലേക്കെത്തിക്കുന്ന സംഘത്തിലെ മുഖ്യ കണ്ണികളായ ഫായിസും ജഗതും ആണ്. കോഴിക്കോട് വയനാട് എന്നിവിടങ്ങളിലെ ഒളിത്താവളങ്ങളിൽ നിന്ന് ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പിടിയിലായത്. പാലക്കാട് മുണ്ടൂർ പുതനൂർ പള്ളിപ്പറമ്പിൽ അബു താഹിർ (39)ഒറ്റപ്പാലം തൃക്കടീരി വലിയപറമ്പിൽ ഹരികൃഷ്ണൻ (25), പാലക്കാട് കടമ്പഴിപ്പുറം അത്താണിപ്പറമ്പിൽ പ്രെസ്ജിത്ത്(40),ഒറ്റപ്പാലം പനമണ്ണ തെക്കേതിൽ ശ്രീജേഷ്(41) ഒറ്റപ്പാലം ചളവറ പരിയാം തൊടി സഞ്ജയ് പി (22) എന്നിവരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.

പ്രധാന പ്രതിയായ അബു താഹിറിനെ ബംഗളൂരിൽ നിന്നാണ് പോലീസ് പിടികൂടിയത്ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികളാണിവർ. ഇന്ത്യക്കകത്തും പുറത്തുമുള്ള ലഹരിമരുന്ന് വിതരണ ‘ശൃംഖലയെ കേന്ദ്രീകരിച്ച് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്. തായ്ലൻഡിലെ വിവിധ എയർപോർട്ടുകൾ വഴി കേരളത്തിലേക്ക് ഹൈബ്രിഡ് ഗഞ്ചാവ് എത്തിക്കുന്ന അന്താരാഷ്ട്ര മയക്ക് മരുന്ന് ശ്ര്യംഖലയിലെ ഉന്നതരാണിവർ.

പ്രതികളിൽ നിന്ന് മൊബൈൽ ഫോണുകൾ, ബാങ്ക് ഇടപാടുകളുടെ ‘രേഖകൾ, വിദേശ യാത്രാ രേഖകൾ ,ഡിജിറ്റൽ തെളിവുകൾ മയക്കുമരുന്ന് കടത്താൻ ഉപയോഗിക്കുന്ന ആഡംബര വാഹനങ്ങൾ എന്നിവ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. അബു താഹിറും ഹരികൃഷ്ണനും തായ്ലൻഡിലേക്ക് വിസയും ടിക്കറ്റും ‘പ്രതിഫലവും നൽകി ഏജന്റുകളെ അയക്കും. അവർതിരികെ എത്തുമ്പോൾ ഹൈബ്രിഡ് കഞ്ചാവുമായി വരും. ഇത് എയർപോർട്ടിന് പുറത്ത് വച്ച് സംഘം വാങ്ങും. തുടർന്ന് വിൽപ്പന നടത്തും.

ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി 18 കോടിയോളം രൂപ വിലവരുന്ന 17 കിലോ ഹൈബ്രീഡ് കഞ്ചാവുമായി ഞാറക്കൽ അഴീക്കൽ മാനാട്ടുപറമ്പ് അരൂക്കാട് വീട്ടിൽ ആയുഷ് (39), ഭാര്യ അനിക (30) എന്നിവരെ നേരത്തെ പിടികൂടിയിരുന്നു. മാറമ്പിള്ളി കുന്നുവഴി ഭാഗത്ത് ബുധനാഴ്ച വൈകീട്ട് നടത്തിയ പരിശോധനയിൽ ബൈക്കിൽ കടത്തുകയായിരുന്ന 1.166 കിലോഗ്രാം ഹൈബ്രീഡ് കഞ്ചാവുമായി ആയുഷിനെ ആദ്യം പിടികൂടുകയായിരുന്നു. തുടർന്ന് കുന്നു വഴിയിലെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ 16 കിലോ ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തി. ഇവിടെ വച്ചാണ് ഭാര്യയെ അറസ്റ്റ് ചെയ്തത്.

എ.എസ്.പി ഹർദ്ദിക് മീണ, ഇൻസ്പെക്ടർ എൽ .അനിൽകുമാർ, എസ്.ഐമാരായ അസരിഫ്‌ ഷഫീഖ് , ജോജോ ജോർജ്ജ്, ടി.പി അബ്ദുൾ ജലീൽ എ.എസ്.ഐസുബൈർ എം ബി , സീനിയർ സി പി ഒ ഷിജോ പോൾ , സി.പി.ഒ നജ്മി എ.കെ എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

പിഎം ശ്രീയിൽ സിപിഎമ്മിനെ വെട്ടിലാക്കി രതീഷ് കാളിയാടന്റെ ലേഖനം

തിരുവനന്തപുരം:  സിപിഎമ്മിനെ വെട്ടിലാക്കി പിണറായി വിജയൻറെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ ലേഖനം. പിഎം ശ്രീ വിവാദത്തിലൂന്നിയാണ് ലേഖനം. മന്ത്രിസഭയിൽ ചർച്ച ചെയ്യാതെ കരാർ ഒപ്പിട്ടത് അപാകതയാണെന്നാണ് ലേഖനത്തിൽ പറയുന്നത്.

കരാറിൽ നിന്ന് ഏകപക്ഷീയമായി പിന്മാറാൻ ആകില്ലെന്നും സംസ്ഥാനങ്ങൾക്ക് പിന്മാറാൻ അവസരമില്ലെന്നും രതീഷ് കാളിയാടൻറെ ലേഖനത്തിൽ പറയുന്നു.

പിണറായി വിജയന്റെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന രതീഷ് കാളിയാടൻ, ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ ‘പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം’ പദ്ധതിയുടെ പ്രധാന ചുമതലക്കാരനായിരുന്നു. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മുഖ്യമന്ത്രിയുടെ നിർണ്ണായക ഉപദേശകനായിരുന്നു അദ്ദേഹം.

പദ്ധതിയിൽ നിന്ന് സംസ്ഥാന സർക്കാരിന് ഏകപക്ഷീയമായി പിന്മാറാൻ കഴിയില്ലെന്നും കരാറിൽ മാറ്റം വരുത്തണമെങ്കിൽ ഇരുകക്ഷികളുടെയും സമ്മതം ആവശ്യമാണെന്നും രതീഷിൻറെ കുറിപ്പിലുണ്ട്.

പി.എം ശ്രീ പദ്ധതിയുമായി സഹകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന് നിരവധിതവണ കത്തുകൾ അയച്ചിരുന്നെന്നും ലേഖനത്തിൽ കാണാം.

മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് പാരസെറ്റമോൾ ഓവർഡോസ് നൽകി; ആലുവ ജില്ലാ ആശുപത്രി ഡോക്ടർക്കെതിരെ കേസ്

ആലുവയിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് പാരസെറ്റമോൾ ഓവർഡോസ് നൽകിയതിന് ജില്ലാ ആശുപത്രി ഡോക്ടർക്കെതിരെ കേസ്. ഡോ. ഹബ്നക്കെതിരെ ആണ് കേസെടുത്തിരിക്കുന്നത്. ആലുവ തൊട്ടുമുഖം സ്വദേശികളുടെ പരാതിയിൽ പോലീസ് കേസെടുത്തത് അഞ്ച് കിലോ തൂക്കമുള്ള കുഞ്ഞിന് 10 കിലോ തൂക്കത്തിന്റെ മരുന്നാണ് കുറിച്ചത്. മരുന്നു കഴിച്ച കുഞ്ഞിനെ ആലുവ രാജഗിരി ആശുപത്രിയിൽ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു.

കഴിഞ്ഞ ഏപ്രിലിൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. മൂന്നാം മാസത്തെ വാക്സിനു ശേഷമുള്ള പനി നിയന്ത്രിക്കാനാണ് പാരസെറ്റമോൾ നൽകിയത്. പിന്നീട് ജില്ലാ ആശുപത്രി അധികൃതരുമായി ചർച്ചയ്ക്ക് ശ്രമിച്ചങ്കിലും നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് മാതാപിതാക്കൾ പറയുന്നു. സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഡോക്ടർ തെറ്റായി രേഖപ്പെടുത്തിയതിനെ തുടർന്നാണ് പാരസെറ്റമോൾ കൂടുതൽ അളവിൽ നൽകിയത്. ഡോക്ടറോട് സംസാരിക്കാൻ കുടുംബം ശ്രമിച്ചെങ്കിലും ഡോക്ടർ അതിന് തയാറായില്ല.

പോർച്ചുഗൽ പുതിയ പരിശീലകനായി ജോർജ് ജെസ്യൂസ് എത്തിയേക്കും

ലോകകപ്പിലെ പ്രീ ക്വാർട്ടർ തോൽവിക്ക് പിന്നാലെ റോബർട്ടോ മാർട്ടീനസ് സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്ക് പോർച്ചുഗൽ ഫുട്‌ബോൾ ടീമിന് പുതിയ പരിശീലകനെത്തുന്നു.

പോർച്ചുഗലുകാരൻ തന്നെയായ ജോർജ് ജെസ്യൂസ് ടീമിന്റെ മുഖ്യ പരിശീലകനായേക്കും. പോർച്ചുഗീസ് ഫുട്‌ബോൾ ഫെഡറേഷൻ പ്രസിഡന്റ് പെഡ്രോ പ്രോൻസയുമായി 71കാരനായ ജോർജ് ജെസ്യൂസ് കൂടിക്കാഴ്ച നടത്തിയതായും കരാർ വ്യവസ്ഥകൾ ജെസ്യൂസ് അംഗീകരിച്ചതായും പ്രമുഖ സ്‌പോർട്‌സ് ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോയും സ്ഥിരീകരിച്ചു. സൗദി പ്രോ ലീഗിലെ റൊണാൾഡോയുടെ ടീമായ അൽ നസ്‌റിന്റെ പരിശീലകനായിരുന്നു ജെസ്യൂസ്. ബെൻഫിക്ക, സ്‌പോർട്ടിങ് ലിസ്ബൺ, ഫെനർബാഷെ, ഫ്‌ലെമെംഗോ തുടങ്ങിയ വമ്പൻ ക്ലബുകളെ പരിശീലിപ്പിച്ച് വലിയ പരിചയസമ്പത്തുള്ള തന്ത്രജ്ഞനാണ് ജോർജ് ജെസ്യൂസ്.
റൊണാൾഡോയുമായി ഏറെ അടുത്ത ബന്ധം സൂക്ഷിക്കുന്നയാളാണ് ജെസ്യൂസ്.

അൽ നസ്‌റിൽ റൊണാൾഡോയ്‌ക്കൊപ്പം ഈ സീസണിലെ സൗദി പ്രോ ലീഗ് കിരീടം നേടാൻ ജെസ്യൂസിന് സാധിച്ചിരുന്നു. സൂപ്പർതാരവുമായുള്ള ഈ കെമിസ്ട്രി ദേശീയ ടീമിലും വലിയ ചലനങ്ങൾ ഉണ്ടാക്കുമെന്നാണ് പോർച്ചുഗൽ ഫുട്‌ബോൾ ഫെഡറേഷന്റെ പ്രതീക്ഷ. പോർച്ചുഗൽ ഫുട്‌ബോളിന്റെ സുവർണ്ണ തലമുറയെ വരാനിരിക്കുന്ന വലിയ ടൂർണമെന്റുകൾക്കായി സജ്ജമാക്കുക എന്ന വലിയ ഉത്തരവാദിത്തമാണ് പുതിയ പരിശീലകനെ കാത്തിരിക്കുന്നത്.

2028ലെ യൂറോ കപ്പിന് പുറമെ യുവേഫ നേഷൻസ് ലീഗ് പോരാട്ടങ്ങൾ, 2030ൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് എന്നിവയാണ് ജോർജ് ജെസ്യൂസിന്റെ മുന്നിലെ പ്രധാന ദൗത്യങ്ങൾ. നേരത്തെ കാർലോ ആഞ്ചലോട്ടി ബ്രസീൽ ദേശീയ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നതിന് മുൻപ്, കാനറികളുടെ പരിശീലക സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ പരിഗണിക്കപ്പെട്ടിരുന്ന പേരുകളിൽ ഒന്നായിരുന്നു ജോർജ് ജെസ്യൂസിന്റേത്.

സൗദിയിൽ പ്രതിവർഷം ലഭിച്ചിരുന്ന വലിയ തുകയുടെ (12 മില്യൺ യൂറോ) കരാർ വേണ്ടെന്നുവെച്ച്, പകുതിയിലധികം ശമ്പളക്കുറവിലാണ് (പ്രതിവർഷം 4 മില്യൺ യൂറോയിൽ താഴെ) ജെസ്യൂസ് സ്വന്തം രാജ്യത്തിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാൻ തയ്യാറായിരിക്കുന്നത്.

സുകുമാരൻ നായർക്കെതിരെ വിമർശനവുമായി ഉപരാഷ്ട്രപതിയും രംഗത്ത്

ദില്ലി: എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ പരോക്ഷ വിമർശനവുമായി ഉപരാഷ്ട്രപതിയും രംഗത്ത്.

കഴിഞ്ഞ ഫെബ്രുവരിയിൽ ചങ്ങനാശേരിയിൽ എത്തിയ ഉപരാഷ്ട്രപതിക്ക് മന്നം സമാധിയിൽ പുഷ്പാ‍ർച്ചന നടത്താൻ അനുമതി നൽകിയിരുന്നില്ല.

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സന്ദർശനം ശരിയല്ലെന്നായിരുന്നു എൻഎസ്എസ് നിലപാട്.സുരക്ഷക്രമീകരണങ്ങളും ബുദ്ധിമുട്ടുണ്ടാക്കുമെന്ന് വിശദീകരിച്ചായിരുന്നു സന്ദർശനത്തിന് അനുമതി നിഷേധിച്ചത്. എൻഎസ്എസ് കോളേജിൽ ഹെലികോപ്റ്ററിലിറങ്ങിയ ഉപരാഷ്ട്രപതി പുഷ്പാർച്ചന നടത്തിയ ശേഷം കോളേജിലെ പരിപാടിക്ക് പോകുമെന്ന ആദ്യ അറിയിപ്പ് അനുമതി നിഷേധിച്ചതോടെ ഒഴിവാക്കി. ബിജെപി സംസ്ഥാന നേതൃത്വത്തിന് ഉൾപ്പടെ വലിയ നാണക്കേടായ ഈ വിവാദങ്ങൾക്കാണ് ഉപരാഷ്ട്രപതി ഇപ്പോൾ മറുപടി പറയുന്നത്.

താനാണ് ജനറൽ സെക്രട്ടറി ഇന്നയാൾ വരണ്ട ഇന്നയാൾ വരണം എന്ന് ‍ഞാൻ തീരുമാനിക്കും എന്ന ചിന്ത ഒരാൾക്കും പാടില്ലെന്ന് ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ പറ‍ഞ്ഞു. നിങ്ങൾ ആണ് എല്ലാമെന്ന് കരുതരുതെന്നും ആയിരുന്നു എൻഎസ്എസ് ജനറൽസെക്രട്ടറി സുകുമാരൻ നായരെ പേരെടുത്ത പറയാതെയുള്ള രാധാകൃഷ്ണൻ്റെ രൂക്ഷ വിമ‍‍ർശനം. ദില്ലിയിൽ മന്നം സ്മൃതിമണ്ഡപം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മന്നത്ത് പദ്മനാനെയും,ശ്രീനാരായണ ഗുരുവിനെയും ഒഴിച്ച് നിർത്തിയാൽ കേരളത്തിൽ സനാധന ധർമ്മമില്ലെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. ദില്ലിയിലെ സ്മൃതിമണ്ഡലത്തിൽ ജാതി മത ഭേദങ്ങളുണ്ടാകില്ല. മന്നം സ്മൃതി എല്ലാവർക്കും വരാനുള്ള ഇടമാണ് ഇത് ലോകത്ത് വിവിധ ഭാഗങ്ങളിലുള്ള എൻഎസ്എസ്കാരോടുള്ള അഭ്യർത്ഥനയാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു. എൻഎസ്എസിൻ്റെ ഔദ്യോഗികവിഭാഗവുമായി ബന്ധമില്ലാത്ത സംഘടനയാണ് ദില്ലി എൻഎസ്എസ് കൂട്ടായ്മ. ഇവരാണ് സ്മൃതിമണ്ഡപം സ്ഥാപിച്ചത്

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര

മൈസൂർ: എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് ഗായിക കെ.എസ്. ചിത്ര. പൊതുദർശനത്തിനിടെയാണ് ചിത്ര വിങ്ങിപ്പൊട്ടിയത്.

മൈസൂരുവിൽ പൊതുദർശനം തുടരുകയാണ്. ഇന്ന് മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും.

മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ശ്വസന സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ഉച്ചക്കാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ വൈകിട്ട് 7.30 ഓടെ മരിച്ചു.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി നാല്‍പ്പതിനായിരത്തിലേറെ പാ‌ട്ട് പാടിയ അപൂർവ ഗായികയാണ് ജാനകി. 17 ഭാഷകളിൽ ജാനകി പാടിയിട്ടുണ്ട്.

‘പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടും’: ജി സുകുമാരൻ നായർക്കെതിരെ സുരേഷ് ഗോപി

NSS ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെ വിമർശനവുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടും. ഒന്നുകിൽ അവിടെ ഇരിക്കുന്നവർ ശുദ്ധീകരിക്കും, അല്ലെങ്കിൽ സ്വയം ശുദ്ധീകരീക്കുമെന്നും സുരേഷ് ഗോപി. പെരുന്നയിലെ പ്രശ്നങ്ങൾക്ക് ബദൽ മാർഗം കണ്ടെത്തണമെന്നും സുരേഷ് ഗോപി പറഞ്ഞു. ഡൽഹിയിലെ മന്നം സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടനവും മന്നത്തിന്റെ പ്രതിമയുടെ അനാച്ഛാദനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം.

‘പെരുന്നയിൽ നടപടിക്രമങ്ങൾ ശക്തമായി മുന്നോട്ടുപോകും. നമ്മുക്കതിൽ ദുഃഖമുണ്ടോ? അതിന് ബദൽ മാർഗങ്ങൾ കണ്ടെത്തണം. പെരുന്നയിലേത് മന്നത്തിന്റെ പേരിൽ സ്ഥാപിക്കപ്പെട്ട മഹത്തായ സ്ഥാപനം. അത് നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ പ്രവർത്തിക്കാൻ കാലം പ്രവർത്തിക്കും. ശുദ്ധീകരണം നടക്കും. തിരഞ്ഞെടുപ്പിന് ശേഷം വലിയ ശുദ്ധി നടന്നില്ലേ. മാറ്റം വരട്ടെ. മറ്റ് ചില ഉദ്ദേശങ്ങളുമായി അത് തകർക്കാൻ ഇറങ്ങണ്ട’ സുരേഷ് ഗോപി പറഞ്ഞു.

പെരുന്നയിലെ മന്നം സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുന്നത് നിഷേധിക്കുന്ന സാഹചര്യത്തോടായിരുന്നു അദേഹത്തിന്റെ പ്രതികരണം. പെരുന്നയിലെ പ്രശ്‌നങ്ങൾക്കുള്ള ബദൽ മാർഗമാണ് ഡൽഹിയിൽ നിർമ്മിച്ചിരിക്കുന്ന മന്നം സ്മൃതി മണ്ഡപമെന്ന് സുരേഷ് ഗോപി പറഞ്ഞു.

സ്ത്രീകൾക്ക് വീണ്ടും സൗജന്യം; വൈപ്പിൻ ഫോർട്ട് കൊച്ചി മൂന്നാമത്തെ റോ റോ സർവ്വീസ് ഫ്ലാഗ് ഓഫ് ചെയ്ത് മുഖ്യമന്ത്രി

കൊച്ചി: വൈപ്പിൻ ഫോർട്ട് കൊച്ചി മൂന്നാമത്തെ റോ റോ സർവ്വീസ് ആരംഭിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശനാണ് റോ-റോ ഫ്ലാഗ് ഓഫ് ചെയ്തത്.

കൊച്ചിയിലേക്ക് കൂടുതൽ വികസന പ്രവർത്തനങ്ങൾ എത്തിക്കുകയാണ് ലക്ഷ്യം. അതിനായി ഫിലിംസിറ്റി, ഓഷ്യനേറിയം തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കും. ആദ്യ സമ്മാനമായി കുടിവെള്ള പദ്ധതി നടപ്പിലാക്കും. പശ്‌ചിമ കൊച്ചിയിലേക്ക് കൂടുതൽ ടൂറിസ്റ്റുകൾ എത്തും. റോ റോ പദ്ധതി തുടക്കം മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന സർക്കാർ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച പ്രിയദർശിനി പദ്ധതിക്ക് സമാനമായി റോ- റോ സർവീസിലും സ്ത്രീകൾക്ക് സൗജന്യ യാത്രയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.കെഎസ്ആർടിസിയിലും റോ-റോ യിലും സൗജന്യ യാത്രകളിലൂടെ ലഭിക്കുന്ന പണം സ്ത്രീകൾ മാറ്റിവെയ്ക്കണം. അത് സമ്പാദ്യമാക്കി മാറ്റണം. അത്തരത്തിൽ മാറ്റിവെയ്ക്കുന്ന തുക കെഎസ്എഫ്ഇയിൽ ഒരു ചിട്ടി ആരംഭിച്ച് നിക്ഷേപിക്കാമെന്നും മുഖ്യമന്ത്രി വ.ഡി. സതീശൻ കൂട്ടിച്ചേർത്തു.

അർജന്റീനയെ ട്രോളി കേരള പൊലീസ്:  പ്രതിഷേധം കനത്തതോടെ പോസ്റ്റ് പിൻവലിച്ചു

കൊച്ചി: അർജന്റീനയെ നൈസായി ട്രോളി കേരള പൊലീസ്. ആരാധകരുടെ  പ്രതിഷേധം ആർത്തിരമ്പിയതോടെ പോസ്റ്റ് പിൻവലിച്ചു.

കേരള ജനതയ്‌ക്കൊപ്പം തങ്ങളുണ്ടെന്ന കേരള പൊലീസിന്‍റെ സോഷ്യൽമീഡിയ പോസ്റ്റ് ചര്‍ച്ചയ്ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവെച്ചതോടെയാണ് പിന്‍വലിച്ചത്.

അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസ്സിയുടെ തോളില്‍ കൈവെച്ചുനില്‍ക്കുന്ന റഫറിയുടെ ചിത്രത്തിനൊപ്പം കേരളത്തെ ചേര്‍ത്തുപിടിച്ചുനില്‍ക്കുന്ന പൊലീസിന്റെ ചിത്രമാണ് ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്. ഒപ്പമുണ്ട് എന്നായിരുന്നു പോസ്റ്ററിലെ വാചകം.  അടിയന്തര സഹായങ്ങള്‍ക്ക് വിളിക്കാനുള്ള നമ്പര്‍ പങ്കുവെച്ചുകൊണ്ട് പൊലീസ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച പോസ്റ്റാണ് പ്രതിഷേധത്തെ തുടര്‍ന്ന് നീക്കിയത്.

ലോകകപ്പ് ഫുട്ബോളിൽ ഫിഫയും റഫറിയും മെസിക്ക് അനുകൂലമായി നിൽക്കുന്നുവെന്ന ആരോപണം നിലനില്‍ക്കെയാണ് കേരള പൊലീസിന്റേയും പോസ്റ്റ്. ഈജിപ്റ്റിനെതിരായ പ്രീക്വാട്ടര്‍ മത്സരത്തില്‍ റഫറി അര്‍ജന്റീനക്കായി കളിച്ചെന്നായിരുന്ന ആരോപണം ശക്തമായിരുന്നു. ഇതിനിടെയാണ് ഒപ്പമുണ്ടെന്ന തലക്കെട്ടോടെ അർജന്‍റീനയെ പരിഹസിക്കുന്ന നിലയിൽ പൊലീസ് പോസ്റ്റർ പങ്കുവെച്ചത്.

അര്‍ജന്റീന ആരാധകര്‍ ശക്തമായ പ്രതിഷേധമാണ് രേഖപ്പെടുത്തിയത്. പിന്നാലെ കേരള പൊലീസ് പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.

വയനാട് കള്ളാടി ദുരന്തം; കാണാതായ അവസാനത്തെ ആളുടേയും മൃതദേഹം കണ്ടെത്തി

കൽപ്പറ്റ: വയനാട് കള്ളാടിയിൽ തുരങ്കപാത നിർമ്മാണ മേഖലയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ അവസാനത്തെ ആളുടെ മൃതദേഹവും കണ്ടെത്തി.ഹിമാചൽ സ്വദേശി വിക്രം റാണയുടെ മൃതദേഹം ആണ് കിട്ടിയത്.

പാലത്തിൽ നിന്നും 150 മീറ്റർ താഴെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.പുഴയോട് ചേർന്ന് ഏല തോട്ടത്തിലെ കുളത്തിലായിരുന്നു മൃതദേഹം.

അതേസമയം, ദുരന്ത ബാധിത പ്രദേശത്തെ ക്യാമ്പ് പിരിച്ചുവിട്ടു. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമായി ഉയർന്നതിന് പിന്നാലെയാണ് ക്യാമ്പ് പിരിച്ചുവിട്ടതായി അറിയിപ്പ് വന്നത്.

സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതി; യൂട്യൂബർ രാജൻ ജോസഫ് അറസ്റ്റിൽ

പത്തനംതിട്ട: സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയില്‍ യൂട്യൂബർ രാജൻ ജോസഫ് അറസ്റ്റിൽ.

പത്തനംതിട്ടയിലെ കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം രാജൻ ജോസഫിനെതിരെ പൊലീസ് കേസെടുത്തിരുന്നു. തുടർന്ന് ഒളിവിൽ പോയ രാജൻ ജോസഫിനെ ഇന്നലെ രാത്രിയാണ് പിടികൂടിയത്.

അടൂർ പൊലീസ് എറണാകുളത്ത് നിന്നാണ് രാജൻ ജോസഫിനെ പിടികൂടിയത്.

എസ്. ജാനകി അന്തരിച്ചു; സംഗീതലോകത്തിന് തീരാനഷ്ടം

0

ചെന്നൈ: തലമുറകളെ തന്റെ അനശ്വര ഗാനങ്ങളിലൂടെ വിസ്മയിപ്പിച്ച വിഖ്യാത പിന്നണി ഗായിക എസ്. ജാനകി അന്തരിച്ചു. 88 വയസ്സായിരുന്നു. ശ്വസനസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന അവർ മൈസൂരുവിലെ ആശുപത്രിയിലായിരുന്നു അന്തരിച്ചത്.

ആറ് പതിറ്റാണ്ടിലേറെ നീണ്ട സംഗീതജീവിതത്തിൽ മലയാളം ഉൾപ്പെടെ 20-ലധികം ഭാഷകളിൽ ആയിരക്കണക്കിന് ഗാനങ്ങൾ ആലപിച്ച എസ്. ജാനകി ദക്ഷിണേന്ത്യൻ ചലച്ചിത്രസംഗീതത്തിന്റെ ചരിത്രത്തിൽ മായാത്ത അധ്യായമാണ്. 1957-ൽ തമിഴ് സിനിമയിലൂടെ പിന്നണിഗാനരംഗത്തേക്ക് എത്തിയ അവർ പിന്നീട് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി നിരവധി ഭാഷകളിൽ ശ്രദ്ധേയ സാന്നിധ്യമായി.

മലയാളത്തിൽ 1,200-ലധികം ഗാനങ്ങൾക്ക് ശബ്ദം നൽകിയ ജാനകിയെ സംഗീതസംവിധായകൻ എം.എസ്. ബാബുരാജാണ് മലയാള സിനിമയിലേക്ക് കൊണ്ടുവന്നത്. ‘തളിരിട്ട കിനാക്കൾ’, ‘അഞ്ജനക്കണ്ണെഴുതി’, ‘മഞ്ഞണിപ്പൂനിലാവിൽ’, ‘തേനും വയമ്പും’, ‘ഗോപികേ നിൻ വിരൽ’ തുടങ്ങി മലയാളികളുടെ മനസ്സിൽ ഇന്നും നിറഞ്ഞുനിൽക്കുന്ന ഒട്ടേറെ ഗാനങ്ങൾ അവരുടെ ശബ്ദത്തിൽ പിറന്നു.

മികച്ച പിന്നണിഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നാല് തവണ എസ്. ജാനകിയെ തേടിയെത്തി. കൂടാതെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം 14 തവണയും തമിഴ്നാട്, ആന്ധ്രാപ്രദേശ് സർക്കാരുകളുടെ നിരവധി പുരസ്കാരങ്ങളും അവർ നേടി.

1938 ഏപ്രിൽ 23-ന് ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിൽ ജനിച്ച എസ്. ജാനകി, ഇന്ത്യൻ ചലച്ചിത്രസംഗീതത്തിലെ ഏറ്റവും സ്വാധീനമുള്ള ഗായികമാരിൽ ഒരാളായാണ് വിലയിരുത്തപ്പെടുന്നത്. അവരുടെ വിയോഗം ഇന്ത്യൻ സംഗീതലോകത്തിനും മലയാള സിനിമയ്ക്കും വലിയ നഷ്ടമായാണ് വിലയിരുത്തപ്പെടുന്നത്.

English Summary

Legendary playback singer S. Janaki passed away at the age of 88 in Mysuru following respiratory complications. The iconic singer, who enjoyed a career spanning over six decades, recorded thousands of songs in more than 20 languages, including over 1,200 Malayalam songs. A four-time National Award winner, she remains one of India’s greatest playback singers.

പ്രതിപക്ഷ ഉപനേതൃത്വ സ്ഥാനം; സിപിഐയെ ചര്‍ച്ചക്ക് ക്ഷണിച്ച് സിപിഐഎം

പ്രതിപക്ഷ ഉപനേതൃത്വ സ്ഥാനത്തില്‍ വീണ്ടും സിപിഐഎം – സിപിഐ ചര്‍ച്ച. സിപിഐയെ സിപിഐഎം ചര്‍ച്ചക്ക് ക്ഷണിച്ചു. ഉഭയകക്ഷി ചര്‍ച്ച ഈ മാസം 14ന് നടക്കും. സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റിന് ഇടയിലാണ് ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്. സിപിഐ നേതൃയോഗവും അതേദിവസം ചേരുന്നുണ്ട്.

പ്രതിപക്ഷ ഉപനേതൃസ്ഥാനം കിട്ടിയേ തീരൂ എന്ന നിലപാടിലാണ് സിപിഐ. ഇന്നലെ സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. കേരളത്തില്‍ ഒരുവട്ടം ഈ വിഷയത്തില്‍ സിപിഐഎമ്മും – സിപിഐയും ഉഭയകക്ഷി ചര്‍ച്ച നടത്തിയതാണ്. എന്നാല്‍ പൂര്‍ണമായും പരാജയപ്പെട്ടിരുന്നു.

തിരഞ്ഞെടുപ്പ് തോല്‍വിട്ട് തൊട്ടുപിന്നാലെ തന്നെ പ്രതിപക്ഷ ഉപനേതൃസ്ഥാനമെന്ന ആവശ്യം സിപിഐ ഉന്നയിച്ചിരുന്നു. എന്നാല്‍ കീഴ്‌വഴക്കങ്ങള്‍ ചൂണ്ടിക്കാണിച്ച് സിപിഐഎം ഇത് നിരാകരിക്കുകയായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് വ്യക്തമാക്കിയ സിപിഐ നിയമസഭാകക്ഷി യോഗത്തിന് പോലും വരാന്‍ കൂട്ടാക്കാതെ മാറി നില്‍ക്കുകയാണ്. പ്രതിപക്ഷ ഉപനേതൃസ്ഥാനം സംബന്ധിച്ച തര്‍ക്കം എല്‍ഡിഎഫിന്റെ പ്രവര്‍ത്തനത്തെ വരിഞ്ഞുമുറുക്കിയെന്ന് ബോധ്യമായപ്പോഴാണ് സിപിഐഎം അനുനയത്തിന് മുന്‍കൈ എടുത്തിരിക്കുന്നത്.

പതിവിന് വിപരീതമായി സിപിഐ സംസ്ഥാന കൗണ്‍സില്‍ ഓഫീസായ എംഎന്‍ സ്മാരകത്തില്‍ വെച്ചായിരിക്കും ചര്‍ച്ച. പ്രതിപക്ഷ ഉപനേതൃസ്ഥാനത്തില്‍ വിട്ടുവീഴ്ചയില്ലെന്ന്പ്രഖ്യാപിച്ചിരിക്കുന്നസിപിഐയെഅവരുടെ ആസ്ഥാനത്തെത്തി സംസാരിച്ച്സമവായത്തിലെത്തിക്കാമെന്ന പ്രതീക്ഷയിലാണ് സിപിഐഎമ്മിന്റെ നീക്കം.

ഉഭയകക്ഷി ചര്‍ച്ച നിശ്ചയിച്ചിരിക്കുന്ന ദിവസം സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ചേരുന്നുണ്ട്. 13നും 14നും സിപിഐയുടെ നേതൃയോഗങ്ങളും
നടക്കുന്നുണ്ട്. ഈ യോഗങ്ങളില്‍ സമവായത്തിന്റെ വഴിതെളിയുമെന്നാണ് പ്രതീക്ഷ. എലപ്പുളളിബ്രൂവറി വിഷയത്തില്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ച്
നില്‍ക്കുമ്പോഴാണ്സിപിഐഎം നേതൃത്വം ഇതിന് മുന്‍പ് എംഎന്‍ സ്മാരകത്തില്‍ എത്തിചര്‍ച്ച നടത്തിയത്. അന്ന് എംഎന്‍ സ്മാരകത്തില്‍ നടന്ന മുന്നണി യോഗത്തില്‍ വെച്ച്സിപിഐ സമവായത്തിന് വഴങ്ങുകയായിരുന്നു. തങ്ങള്‍ ആതിഥേയത്വം വഹിക്കുന്ന ചര്‍ച്ചയില്‍ സിപിഐ കടുംപിടുത്തം പിടിക്കില്ലെന്നാണ് സിപിഐഎമ്മിന്റെ പ്രതീക്ഷ.

ചൈനയുടെ മൂക്കിന് താഴെ ഇന്ത്യയുടെ പത്മവ്യൂഹം; ദക്ഷിണേഷ്യയിൽ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാറൊപ്പിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആഗോള പ്രതിരോധ രംഗത്ത് ചൈനയുടെ ഏകപക്ഷീയമായ ആധിപത്യത്തിന് കടുത്ത തിരിച്ചടി നൽകിക്കൊണ്ട് ഇന്ത്യയും ഇന്തോനേഷ്യയും തമ്മിൽ ചരിത്രപരമായ പ്രതിരോധ കരാർ ഒപ്പുവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജക്കാർത്ത സന്ദർശനത്തിനിടയിലാണ് ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബൊവോ സുബിയാന്തോയുമായി ചേർന്ന് ആഗോള ഭൗമരാഷ്ട്രീയത്തെ മാറ്റിമറിക്കുന്ന ഈ പുതിയ കരാർ പ്രഖ്യാപിച്ചത്. ദക്ഷിണ ചൈനാ കടലിൽ ചൈന ഉയർത്തുന്ന കടുത്ത സൈനിക ഭീഷണികൾ നേരിടാൻ ഇന്തോനേഷ്യയെ പൂർണ്ണ സജ്ജമാക്കുന്നതാണ് 630 മില്യൺ ഡോളറിന്റെ ഈ വൻ ഇടപാട്.

ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പർസോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസ് ഇന്തോനേഷ്യയ്ക്ക് കൈമാറുന്നതാണ് ഈ പ്രതിരോധ കരാറിലെ പ്രധാന ആകർഷണം. കരയിൽ നിന്ന് കടലിലെ കപ്പലുകളെ തകർക്കാൻ ശേഷിയുള്ള അത്യാധുനിക ബ്രഹ്മോസ് മിസൈൽ ബാറ്ററികളാണ് ഇന്ത്യ ഇന്തോനേഷ്യയ്ക്ക് നൽകുക. ഇതിന് പുറമെ പ്രതിരോധ ഗവേഷണ വികസന സംഘടന തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അസ്ത്ര എയർ-ടു-എയർ മിസൈലുകളും ഈ കരാറിന്റെ ഭാഗമായി ഇന്തോനേഷ്യൻ വ്യോമസേനയ്ക്ക് ലഭിക്കും.

ഫിലിപ്പീൻസിനും വിയറ്റ്നാമിനും ശേഷം ബ്രഹ്മോസ് മിസൈൽ സ്വന്തമാക്കുന്ന മൂന്നാമത്തെ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായി ഇന്തോനേഷ്യ ഇതോടെ മാറിക്കഴിഞ്ഞു. ദക്ഷിണ ചൈനാ കടലിന് ചുറ്റുമുള്ള ഈ മൂന്ന് പ്രമുഖ രാജ്യങ്ങൾക്കും ഇന്ത്യ മിസൈലുകൾ നൽകിയതോടെ ചൈനീസ് നാവികസേനയെ പൂർണ്ണമായി പ്രതിരോധിക്കാൻ ശേഷിയുള്ള ഒരു വലിയ മിസൈൽ മതിൽ മേഖലയിൽ രൂപപ്പെട്ടിരിക്കുകയാണ്. ആഗോള പ്രതിരോധ വിപണിയിൽ ആയുധങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യത്ത് നിന്ന് വൻതോതിൽ കയറ്റുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറുന്നതിന്റെ വ്യക്തമായ തെളിവാണിത്.

മിസൈൽ കൈമാറ്റത്തിന് പുറമെ തന്ത്രപ്രധാനമായ സാബാംഗ് തുറമുഖത്തിന്റെ സംയുക്ത വികസനത്തിനായുള്ള വലിയൊരു ചട്ടക്കൂടിനും ഇരു രാജ്യങ്ങളും രൂപം നൽകിയിട്ടുണ്ട്. മലാക്ക കടലിടുക്കിന്റെ പ്രവേശന കവാടത്തിൽ സ്ഥിതി ചെയ്യുന്ന ഈ തുറമുഖത്തിന്റെ വികസനം ഇന്ത്യയുടെ അന്താരാഷ്ട്ര കപ്പൽ ഗതാഗത സുരക്ഷയ്ക്ക് ഏറെ നിർണ്ണായകമാണ്. ഇന്ത്യയുടെ ഗ്രേറ്റ് നിക്കോബാർ തുറമുഖ പദ്ധതിയിൽ നിന്നും വെറും 160 കിലോമീറ്റർ മാത്രം അകലെയാണ് ഈ തന്ത്രപ്രധാന കേന്ദ്രം സ്ഥിതി ചെയ്യുന്നത്.

തങ്ങളുടെ പുതിയ നീക്കങ്ങളിലൂടെ ചൈനയെ പൂർണ്ണമായി പ്രതിരോധിക്കാനുള്ള തന്ത്രപരമായ നീക്കങ്ങളാണ് ഇന്ത്യയുടെ ഡിഫൻസ് മന്ത്രാലയം ദീർഘകാലാടിസ്ഥാനത്തിൽ ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ ഈ വലിയ പ്രതിരോധ മുന്നേറ്റത്തിന് തൊട്ടുപിന്നാലെ പസഫിക് സമുദ്രത്തിൽ ചൈന തങ്ങളുടെ പുതിയ ആണവ അന്തർവാഹിനിയിൽ നിന്നുള്ള മിസൈൽ പരീക്ഷണം നടത്തി കടുത്ത ആശങ്ക സൃഷ്ടിച്ചിരുന്നു. എന്നാൽ ഇത്തരം ഭീഷണികളെ വകവെക്കാതെ തങ്ങളുടെ ആക്റ്റ് ഈസ്റ്റ് നയവുമായി ഇന്ത്യ മുന്നോട്ട് പോവുകയാണ്.

ഇന്ത്യൻ പ്രതിരോധ മേഖലയിൽ വലിയ മാറ്റങ്ങൾ വരുത്തുന്ന അഗ്നിപഥ് പദ്ധതിയുടെ സമഗ്രമായ പരിഷ്കരണത്തെക്കുറിച്ചുള്ള നിർണ്ണായക ചർച്ചകളും പ്രതിരോധ മന്ത്രാലയത്തിൽ പുരോഗമിക്കുന്നുണ്ട്. യുവാക്കളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും സൈന്യത്തിന്റെ കരുത്ത് ഇരട്ടിയാക്കുന്നതിനുമുള്ള പുതിയ നിർദ്ദേശങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ആഗോള വിപണിയിൽ വരും വർഷങ്ങളിൽ ഇന്ത്യയുടെ സൈനിക കയറ്റുമതി നാല് ബില്യൺ ഡോളറിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

നികൽ ഉൾപ്പെടെയുള്ള നിർണ്ണായക ധാതുക്കളുടെ വിതരണ ശൃംഖല ശക്തമാക്കുന്നതിനും ഇരു രാജ്യങ്ങളും തമ്മിൽ പുതിയ വ്യവസായ കരാറുകളിൽ ഒപ്പുവെച്ചിട്ടുണ്ട്. ചൈനയെ പൂർണ്ണമായി ഒഴിവാക്കിക്കൊണ്ട് തദ്ദേശീയമായി കാന്തങ്ങൾ നിർമ്മിക്കുന്ന സാങ്കേതികവിദ്യ വികസിപ്പിക്കാനും ഇതിലൂടെ സാധിക്കും. തെക്കുകിഴക്കൻ ഏഷ്യൻ മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയൊരു കുതിച്ചുചാട്ടമാണ് ഈ പുതിയ നയതന്ത്ര വിജയത്തിലൂടെ കൈവന്നിരിക്കുന്നത്.

കൊച്ചിയില്‍ രാസലഹരി വേട്ട: സിനിമാ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അറസ്റ്റില്‍; അന്വേഷണം സിനിമാ ലോകത്തേക്ക് വ്യാപിപ്പിച്ച് പൊലീസ്

കൊച്ചി: നഗരത്തിലെ ആഡംബര പാര്‍ട്ടികളിലും സിനിമാ മേഖലയിലും രാസലഹരി എത്തിച്ച് നല്‍കിയിരുന്ന വന്‍ സംഘത്തിലെ പ്രധാന കണ്ണികള്‍ പൊലീസ് വലയിലായി. 5.6 ഗ്രാം എംഡിഎംഎയുമായി സിനിമാ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ തലയോലപ്പറമ്പ് സ്വദേശി വിശാല്‍ സോമനെ (34)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം 390 ഗ്രാം എംഡിഎംഎയുമായി പിടിയിലായ മുന്‍ മിസ്റ്റര്‍ എറണാകുളം ജേതാവും ജിം ട്രെയിനറുമായ ആലുവ സ്വദേശി മുഹമ്മദ് സാദിഖില്‍ (26) നിന്ന് ലഭിച്ച നിര്‍ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിശാലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

കടവന്ത്രയിലെ ആഡംബര ഹോട്ടലില്‍ വച്ച് ഡോക്ടര്‍മാരും അഭിഭാഷകരും ഉള്‍പ്പെട്ട എട്ടംഗ സംഘത്തെ പിടികൂടിയ കേസിന്റെ തുടരന്വേഷണമാണ് ഇപ്പോള്‍ സിനിമാ മേഖലയിലേക്ക് എത്തിയത്. ഈ പാര്‍ട്ടിയിലേക്ക് ലഹരി എത്തിച്ച കേസില്‍ നേരത്തെ അറസ്റ്റിലായ ലഹരി സംഘത്തലവന്‍ കെവിന്‍ ബി. മാത്യുവിന്റെ അടുത്ത അനുയായിയാണ് സാദിഖ്. കെവിന്‍ ജയിലിലായതോടെ കൊച്ചിയിലെ പ്രധാന വിതരണ ചുമതല സാദിഖ് ഏറ്റെടുക്കുകയായിരുന്നു.

അതിവേഗത്തിലുള്ള ബൈക്ക് യാത്രകളും സങ്കീര്‍ണ്ണമായ പണമിടപാടുകളുമാണ് ഈ സംഘം പൊലീസിനെ വെട്ടിക്കാന്‍ ഉപയോഗിച്ചിരുന്നത്. നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്കില്‍ നൂറ് കിലോമീറ്റര്‍ വേഗത്തില്‍ പാഞ്ഞാണ് സാദിഖ് നഗരത്തില്‍ ലഹരി കൈമാറ്റം നടത്തിയിരുന്നത്. സാമ്പത്തിക ഇടപാടുകള്‍ക്കായി മറ്റുള്ളവരുടെ അക്കൗണ്ടുകളിലെ ക്യുആര്‍ കോഡുകള്‍ ഉപയോഗിക്കുകയും അവര്‍ക്ക് കമ്മിഷന്‍ നല്‍കി പണം കൈപ്പറ്റുകയുമായിരുന്നു ഇയാളുടെ രീതി.

കേരളത്തിന് പുറത്തുനിന്ന് എത്തിക്കുന്ന രാസലഹരി കുമരകത്തെ താവളത്തില്‍ വച്ച് ചെറിയ പായ്ക്കറ്റുകളാക്കി മാറ്റി നൈറ്റ് ക്ലബ്ബുകളിലേക്കും പ്രമുഖരിലേക്കും എത്തിക്കുകയായിരുന്നു ഇവര്‍. സാദിഖിന്റെ ചോദ്യം ചെയ്യലിലൂടെ സിനിമാ മേഖലയിലെ കൂടുതല്‍ പ്രമുഖരുടെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ നഗരത്തിലെ കൂടുതല്‍ ഉന്നതരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് ഡാന്‍സാഫ് സംഘത്തിന്റെയും പൊലീസിന്റെയും തീരുമാനം.