തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ അന്വേഷണം ശക്തമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). കേസുമായി ബന്ധപ്പെട്ട് വീണ വിജയന് വീണ്ടും സമൻസ് അയച്ച ഇഡി, ജൂൺ 29ന് ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്.
അന്വേഷണത്തിന് നിർണായകമായ ചില രേഖകൾ ലഭിക്കുന്നതിൽ ഇപ്പോഴും കാലതാമസം നേരിടുന്നതായാണ് വിവരം. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിൽ (എസ്എഫ്ഐഒ) നിന്ന് ലഭിക്കേണ്ട 134 രേഖകൾ ഇനിയും ഇഡിക്ക് കൈമാറിയിട്ടില്ല. കോടതി അനുവദിച്ച സമയപരിധി അവസാനിച്ചതിനെ തുടർന്ന് രേഖകൾ കൈമാറ്റം വേഗത്തിലാക്കുന്നതിനായി ഇഡിയും എസ്എഫ്ഐഒ ഉദ്യോഗസ്ഥരും ചർച്ച നടത്തുമെന്നാണ് സൂചന.
കേസിന്റെ ഭാഗമായി സ്വത്ത് കണ്ടുകെട്ടൽ നടപടികൾക്ക് ആവശ്യമായ തെളിവുകൾ ശേഖരിക്കുന്നതിലും ഇഡി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. ഇതിനകം 242 ബാങ്ക് അക്കൗണ്ടുകളിലായി ഏകദേശം 18 കോടി രൂപ മരവിപ്പിച്ചിട്ടുണ്ട്. ഇതിൽ വീണ വിജയന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകളും എക്സാലോജിക്കിന്റെ ഒരു അക്കൗണ്ടും ഉൾപ്പെടുന്നതായാണ് റിപ്പോർട്ടുകൾ.
അതേസമയം, തിരുവനന്തപുരം എച്ച്ഡിഎഫ്സി ബാങ്ക് ശാഖയിലെ വീണ വിജയന്റെ ലോക്കർ ഇഡി പരിശോധിച്ചെങ്കിലും കേസുമായി നേരിട്ട് ബന്ധമുള്ള രേഖകളൊന്നും കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം. കേസിൽ നിർണായക തെളിവുകൾ ഒളിപ്പിച്ചിട്ടുണ്ടോയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ലോക്കർ പരിശോധന.
സിഎംആർഎൽ–എക്സാലോജിക് ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണം വിവിധ ഏജൻസികളുടെ സഹകരണത്തോടെ തുടരുകയാണ്.
English Summary:
The Enforcement Directorate (ED) has issued a fresh summons to Veena Vijayan in connection with the CMRL–Exalogic financial transactions case, directing her to appear on June 29. The investigation is progressing amid delays in obtaining key documents from the Serious Fraud Investigation Office (SFIO). ED has already frozen ₹18 crore across 242 bank accounts, including accounts linked to Veena Vijayan and Exalogic. Officials are also examining possible financial links and evidence related to the case.

