ഇന്ത്യൻ സംസ്ഥാനമായ അരുണാചല്‍ പ്രദേശിലെ നിരവധി സ്ഥലങ്ങളുടെ പേര് മാറ്റാനുള്ള ചൈനയുടെ ശ്രമത്തെ ശക്തമായി എതിര്‍ത്ത് ഇന്ത്യ. പേരുമാറ്റം യാഥാര്‍ത്ഥ്യങ്ങളെ ഇല്ലാതാക്കുന്നില്ലെന്നും അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവിച്ചു. അരുണാചല്‍ പ്രദേശിന്റെ പേര് മാറ്റാനുള്ള നീക്കത്തിന് പിന്നാലെ ചൈനീസ് പത്രങ്ങള്‍ക്കും വാര്‍ത്ത ഏജന്‍സിക്കും ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തി. ചൈനീസ് പത്രം ഗ്ലോബല്‍ ടൈംസിന്റെ ഇന്ത്യയിലെ എക്‌സ് അക്കൗണ്ടന് വിലക്ക് ഏര്‍പ്പെടുത്തി. ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ ന്യൂസിനെയും രാജ്യത്ത് നിരോധിച്ചു. ഇന്ത്യ പാക് സംഘര്‍ഷ സമയത്ത് ഈ വാര്‍ത്ത ഏജന്‍സി പാകിസ്ഥാന്‍ സ്‌പോണ്‍സര്‍ പ്രചാരണങ്ങള്‍ നടത്തി എന്നാണ് ഇന്ത്യയുടെ കണ്ടെത്തല്‍.
വടക്കുകിഴക്കൻ സംസ്ഥാനം എല്ലായ്പ്പോഴും ഇന്ത്യയുടെ അവിഭാജ്യ ഘടകമായി തുടരുമെന്ന യാഥാർഥ്യത്തെ ചൈനയുടെ ഇത്തരം ബുദ്ധിശൂന്യമായ നീക്കങ്ങളാൽ തടയാനാകില്ലെന്ന് ഇന്ത്യ പറഞ്ഞു. ഇന്ത്യൻ സംസ്ഥാനമായ അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് പേരിടാനുള്ള വ്യർത്ഥവും അസംബന്ധമായതുമായ ശ്രമങ്ങൾ ചൈന തുടരുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടുവെന്ന് ചോദ്യത്തിന് മറുപടിയായി വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യമായ ഭാഗമാണെന്നും എല്ലായ്പ്പോഴും അങ്ങനെയായിരിക്കുമെന്നും നിഷേധിക്കാനാവാത്ത യാഥാർത്ഥ്യത്തെ നാമകരണം കൊണ്ട് മാറ്റാനാകില്ലെന്നും ജയ്‌സ്വാൾ കൂട്ടിച്ചേർത്തു.
അരുണാചൽ പ്രദേശിലെ സ്ഥലങ്ങളുടെ പേര് ചൈന മാറ്റുന്നത് ഇതാദ്യമല്ല. 2024 ൽ, 30 പുതിയ സ്ഥലങ്ങളുടെ പേരുകൾ ഉൾപ്പെടുത്തി പട്ടിക പുറത്തിറക്കിയിരുന്നു. ആ സമയത്തും ഇന്ത്യ ശക്തമായി എതിർത്തു. ‘സാങ്‌നാൻ’ എന്ന് അവർ പരാമർശിക്കുന്ന അരുണാചൽ പ്രദേശിനുമേലുള്ള തങ്ങളുടെ പ്രദേശിക അവകാശവാദങ്ങൾ സ്ഥാപിക്കാൻ ചൈന പലപ്പോഴും ശ്രമിച്ചിട്ടുണ്ട്.

