മോസ്കോ: യുക്രെയ്‌നിന്റെ തുടർച്ചയായ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾക്കിടെ വിമാന ഇന്ധനത്തിന്റെ (Jet Fuel) കയറ്റുമതി താൽക്കാലികമായി നിർത്തിവെച്ച് റഷ്യ. ആഭ്യന്തര വിപണിയിലെ ഇന്ധന ലഭ്യത ഉറപ്പാക്കാനും വിതരണ ശൃംഖലയിൽ പ്രതിസന്ധി ഒഴിവാക്കാനുമാണ് നടപടി. നിലവിലെ തീരുമാനം പ്രകാരം നവംബർ അവസാനം വരെയാണ് കയറ്റുമതി നിയന്ത്രണം ബാധകമാകുക.
സമീപ ആഴ്ചകളായി റഷ്യയിലെ എണ്ണശുദ്ധീകരണ ശാലകൾ, ഇന്ധന സംഭരണ കേന്ദ്രങ്ങൾ, പ്രധാന പൈപ്പ്‌ലൈനുകൾ തുടങ്ങിയ ഊർജ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് യുക്രെയ്ൻ ആക്രമണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. റഷ്യയുടെ സാമ്പത്തിക മേഖലയെ ബാധിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കങ്ങളെന്നാണ് വിലയിരുത്തൽ.
യുറൽസ് ഉൾപ്പെടെയുള്ള റഷ്യയുടെ വിദൂര മേഖലകളിലേക്കും യുക്രെയ്ൻ ആക്രമണം വ്യാപിപ്പിച്ചതോടെ ഊർജ മേഖലയിലെ സുരക്ഷാ ആശങ്കകൾ വർധിച്ചിട്ടുണ്ട്. നിരവധി സ്ഥലങ്ങളിൽ തീപിടിത്തങ്ങളും നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ആഭ്യന്തര ഇന്ധന വിപണിയിൽ ഉണ്ടായ യഥാർത്ഥ ആഘാതത്തെക്കുറിച്ച് റഷ്യ ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
അതേസമയം, അന്തർസർക്കാർ കരാറുകളുടെ അടിസ്ഥാനത്തിൽ മറ്റ് രാജ്യങ്ങളിലേക്ക് നടത്തുന്ന ഇന്ധന കയറ്റുമതിക്ക് പുതിയ വിലക്കിൽ നിന്ന് ഇളവ് അനുവദിച്ചിട്ടുണ്ട്. നേരത്തെയും യുദ്ധസാഹചര്യം രൂക്ഷമായതിനെ തുടർന്ന് പെട്രോൾ, ഡീസൽ തുടങ്ങിയ വാഹന ഇന്ധനങ്ങളുടെ കയറ്റുമതിക്കും റഷ്യ സമാന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
യുക്രെയ്‌നിന്റെ ആക്രമണങ്ങൾ റഷ്യയുടെ ആഭ്യന്തര വിതരണ സംവിധാനത്തെയും ഊർജ മേഖലയെയും സമ്മർദത്തിലാക്കുന്നുവെന്നതിന്റെ സൂചനയായാണ് പുതിയ തീരുമാനം രാജ്യാന്തര നിരീക്ഷകർ വിലയിരുത്തുന്നത്.
English Summary
Russia has temporarily banned jet fuel exports until November 2026 following intensified Ukrainian drone and missile attacks on key energy infrastructure. The move aims to secure domestic fuel supplies and maintain market stability. While inter-governmental fuel export agreements remain exempt, analysts see the restriction as evidence of growing pressure on Russia’s energy sector and supply chains amid the ongoing conflict.

