രണ്ടാം ക്ലാസുകാരനെ തെരുവുനായകൾ കൂട്ടം ചേർന്ന് ആക്രമിച്ചു, സംഭവം വീട്ട് മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ

പാലക്കാട്: പാലക്കാട് കൽമണ്ഡപത്ത് എട്ടുവയസ്സുകാരന് നേരെ തെരുവുനായ ആക്രമണം. പ്രതിഭാ നഗർ സ്വദേശി മുഹമ്മദ് ഷിയാസിനാണ് തെരുവുനായയുടെ കടിയേറ്റത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ തെരുവ് നായകൾ ആക്രമിക്കുകയായിരുന്നു. നാല് നായകൾ ഒരുമിച്ചാണ് കുട്ടിയെ ആക്രമിച്ചത്. സെൻ സെബാസ്റ്റ്യൻ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ആക്രമണത്തിനിരയായ മുഹമ്മദ് ഷിയാസ്.

അതേസമയം, റാബീസ് കേസുകള്‍(പേവിഷബാധ) ക്രമാതീതമായി ഉയരുമെന്ന മുന്നറിയിപ്പുമായി ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു. തെരുവ് നായ്ക്കളുടെ എണ്ണം കുറക്കണമെന്നും കേരളത്തിലെ ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഡോ. വികെപി മോഹന്‍കുമാര്‍ പറഞ്ഞു.
സമീപനങ്ങളിലും നിയമങ്ങളിലും മാറ്റം അനിവാര്യമാണന്ന് വെറ്ററിനറി ഡോക്ടര്‍മാരുടെ സംഘടന പറഞ്ഞു.

പക്ഷിപ്പനിയും പന്നിപ്പനിയും പ്രതിരോധിക്കുന്നതിനായി സ്വീകരിക്കുന്ന നിയന്ത്രണ നടപടികള്‍ തെരുവുനായ വിഷയത്തിലും കൈകൊള്ളണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടിരുന്നു. പേവിഷബാധയേറ്റുള്ള മരണങ്ങള്‍ ഇല്ലാതാക്കാന്‍ ജനകീയ പ്രതിരോധ കുത്തിവെപ്പ് നടത്തണമെന്ന് കേരള സര്‍ക്കാര്‍ മെഡിക്കല്‍ ഓഫീസര്‍മാരുടെ സംഘടന(KGMOA)യും ആവശ്യപ്പെട്ടു

കടവന്ത്രയില്‍ പഴകിയ ഭക്ഷണം പിടികൂടി;പിടികൂടിയത് വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളില്‍ വിതരണം ചെയ്യാനിരിക്കെ

കൊച്ചി: കൊച്ചി കടവന്ത്രയില്‍ പഴകിയ ഭക്ഷണം പിടികൂടി. വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളില്‍ വിതരണം ചെയ്യാന്‍ തയ്യാറാക്കിയ ഭക്ഷണമാണ് പിടികൂടിയത്. കോര്‍പ്പറേഷന്റെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ നിലയില്‍ ഭക്ഷണം പിടികൂടിയത്. അടച്ചുവെക്കാതെ ഈച്ചയരിക്കുന്ന നിലയിലായിരുന്നു ഭക്ഷണം.

‘ബൃദ്ധാവന്‍ ഫുഡ് പ്രൊഡക്ഷന്‍’ എന്ന പേരില്‍ കടവന്ത്രയില്‍ സ്വകാര്യവ്യക്തി നടത്തുന്ന സ്ഥാപനമാണിത്. വന്ദേഭാരതിന്റെ സ്റ്റിക്കര്‍ പതിച്ച ഭക്ഷണ പൊതികളും ഇവിടെ നിന്നും കണ്ടെത്തി. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ മീഡിയ മലയാളത്തോട് പറഞ്ഞു.

കാലാവധി കഴിഞ്ഞ ഭക്ഷണമാണ് പിടികൂടിയതെന്നും അടപ്പില്ലാതെ തുറന്നനിലയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. പരിശോധന നടക്കുമ്പോൾ സ്ഥാപനവുമായി ബന്ധപ്പെട്ടയാരും തന്നെ സ്ഥലത്തില്ലായിരുന്നുവെന്നും പരിശോധന നടക്കുമെന്ന് അറിഞ്ഞ് രക്ഷപ്പെട്ടതാണോയെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

മലിന ജലം ഒഴുക്കാന്‍ സംവിധാനം ഇല്ലാത്ത കേന്ദ്രത്തിൽ വെള്ളം തൊട്ടടുത്ത തോട്ടിലേക്കാണ് ഒഴുക്കിവിടുന്നത്. നേരത്തെ സ്ഥാപനത്തിൽ നിന്നും പല തവണ പിഴ ഈടാക്കുകയും താക്കീത് നല്‍കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇനിയൊരു അവസരം കൊടുക്കില്ലെന്നും സ്ഥാപനം അടച്ചുപൂട്ടാനാണ് തീരുമാനമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

അരുണാചല്‍ പ്രദേശിലെ സ്ഥലങ്ങളുടെ പേരുമാറ്റം; ചൈനയുടെ നീക്കത്തെ ശക്തമായി എതിര്‍ത്ത് ഇന്ത്യ;ചൈനീസ് വാര്‍ത്താ ഏജന്‍സിയും പത്രവും ഇന്ത്യയില്‍ വിലക്കി

അരുണാചല്‍ പ്രദേശിലെ സ്ഥലങ്ങളുടെ പേര് മാറ്റാനുള്ള ചൈനയുടെ ശ്രമത്തെ ശക്തമായി എതിര്‍ത്ത് ഇന്ത്യ.പേരുമാറ്റം യാഥാര്‍ത്ഥ്യങ്ങളെ ഇല്ലാതാക്കുന്നില്ലെന്ന് വിദേശകാര്യമന്ത്രാലയം. അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമെന്നും ഇന്ത്യ പ്രസ്താവിച്ചു. പേരുമാറ്റാനുള്ള ശ്രമത്തിന് പിന്നാലെ ചൈനയുടെ വാര്‍ത്ത ഏജന്‍സിക്കും പത്രത്തിനും വിലക്കേര്‍പ്പെടുത്തി ഇന്ത്യ.

അരുണാചല്‍ പ്രദേശിലെ സ്ഥലങ്ങള്‍ക്ക് പേരുമാറ്റാനുള്ള ചൈനയുടെ നീക്കത്തെ വ്യര്‍ത്ഥവും അസംബന്ധവുമായ ശ്രമം എന്നാണ് വിദേശകാര്യമന്ത്രാലയം വിശേഷിപ്പിച്ചത്. ചൈനയുടെ നീക്കത്തെ ശക്തമായി എതിര്‍ക്കുന്നുവെന്നും ഇന്ത്യ നിലപാട് അറിയിച്ചു. അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. യാഥാര്‍ത്ഥ്യത്തെ നിഷേധിക്കാന്‍ കഴിയില്ലെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. അരുണാചല്‍ പ്രദേശിന്റെ പേര് മാറ്റാനുള്ള നീക്കത്തിന് പിന്നാലെ ചൈനീസ് പത്രങ്ങള്‍ക്കും വാര്‍ത്ത ഏജന്‍സിക്കും ഇന്ത്യ യില്‍ വിലക്കേര്‍പ്പെടുത്തി.ചൈനീസ് പത്രം ഗ്ലോബല്‍ ടൈംസിന്റെ ഇന്ത്യയിലെ എക്‌സ് അക്കൗണ്ടന് വിലക്ക് ഏര്‍പ്പെടുത്തി.ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ ന്യൂസിനെയും രാജ്യത്ത് നിരോധിച്ചു.ഇന്ത്യ പാക് സംഘര്‍ഷ സമയത്ത് ഈ വാര്‍ത്ത ഏജന്‍സി പാകിസ്ഥാന്‍ സ്‌പോണ്‍സര്‍ പ്രചാരണങ്ങള്‍ നടത്തി എന്നാണ് ഇന്ത്യയുടെ കണ്ടെത്തല്‍.

കൂടുതല്‍ ചൈനീസ് സമൂഹമാധ്യമ അക്കൗണ്ടുകളും ഇന്ത്യ നിരീക്ഷിച്ചു വരികയാണ്.2024ല്‍ ചൈന അരുണാചല്‍ പ്രദേശിലെ 30 സ്ഥലങ്ങള്‍ക്ക് പുതിയ പേരുകള്‍ നല്‍കിയിരുന്നു.ചൈന അവകാശവാദം ഉന്നയിക്കുന്ന അരുണാചല്‍ പ്രദേശിലെ സ്ഥലങ്ങളുടെ ചൈനീസ് പേരുകളുടെ പട്ടിക ബെയ്ജിംഗ് വീണ്ടും പുറത്തിറക്കിയതിന് പിന്നാലെയാണ് വിദേശകാര്യമന്ത്രാലയം പ്രസ്താവന ഇറക്കിയത്.അരുണാചല്‍ പ്രദേശിലെ സ്ഥലങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ഭൂപടം പുറത്തിറക്കുന്നതും സ്ഥലങ്ങള്‍ക്ക് ചൈനീസ് നാമം നല്‍കുന്നതും തുടര്‍ച്ചയായി ചൈന തുടരുകയാണ്.

യുവ അഭിഭാഷകയെ മർദിച്ച സംഭവം; അടിയന്തിര റിപ്പോര്‍ട്ട് തേടി കേരള ബാര്‍ കൗണ്‍സില്‍

തിരുവനന്തപുരം:  വനിതാ അഭിഭാഷകയെ സീനിയ‍ർ അഭിഭാഷകൻ മർദിച്ച സംഭവത്തിൽ അടിയന്തിര റിപ്പോര്‍ട്ട് തേടി കേരള ബാര്‍ കൗണ്‍സില്‍.

സംഭവത്തോടനുബന്ധിച്ച് മൂന്ന് മണിക്ക് ബാര്‍ കൗണ്‍സില്‍ അടിയന്തിര യോഗം ചേരും. അഭിഭാഷകനെതിരായ അച്ചടക്ക നടപടിയാണ് യോഗത്തിന്റെ അജണ്ട.

തിരുവനന്തപുരം ബാര്‍ അസോസിയേഷനാണ് വിഷയത്തിൽ ഉടൻ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് അറിയിച്ചിരിക്കുന്നത്

സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ബി ആര്‍ ഗവായ് ചുമതലയേറ്റു

ഡൽഹി: സുപ്രിംകോടതിയുടെ അന്‍പത്തി രണ്ടാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഭൂഷണ്‍ രാമകൃഷ്ണന്‍ ഗവായ് ചുമതലയേറ്റു.

ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിച്ച ഒഴിവിലേക്കാണ് ജസ്റ്റിസ് ബിആര്‍ ഗവായ് ചുമതലയേറ്റത്. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലികൊടുത്തു.

പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിംഗ്, ജെ പി നഡ്ഡ, എസ് ജയശങ്കര്‍, പീയുഷ് ഗോയല്‍, അര്‍ജുന്‍ രാം മേഘ്വാൾ, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള, വൈസ് പ്രസിഡന്റ് വി പി ധന്‍കര്‍, മുന്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, മുന്‍ പ്രസിഡന്റ് റാം നാഥ് കോവിന്ദ് തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായി.

പാക് സൈന്യത്തിൻ്റെ പിടിയിലായിരുന്ന ബിഎസ്എഫ് ജവാനെ  21 ദിവസത്തിന് ശേഷം വിട്ടയച്ചു

ഡൽഹി: പാകിസ്ഥാൻ പിടിയിലായിരുന്ന ബിഎസ്എഫ് ജവാൻ പൂർണ്ണം കുമാർ ഷായെ 21 ദിവസത്തിന് ശേഷം വിട്ടയച്ചു. ഇന്ത്യയുടെ നയതന്ത്ര സമ്മർദ്ദത്തെ തുടർന്നാണ് ജവാനെ കൈമാറാൻ പാകിസ്താൻ തയ്യാറായത്.

അട്ടാരി അതിർത്തി വഴിയാണ് ബിഎസ്എഫ് ജവാനെ പാകിസ്താൻ ഇന്ത്യക്ക് കൈമാറിയത്.

അതിർത്തി കടന്നെന്ന് ആരോപിച്ച് പാക് റേഞ്ചേഴ്സായിരുന്നു ജവാനെ കസ്റ്റഡിയിലെടുത്തത്. 182-ാമത് ബിഎസ്എഫ് ബറ്റാലിയനിലെ കോൺസ്റ്റബിളാണ് ഇന്ത്യ-പാക് അതിർത്തിയോട് ചേർന്നുള്ള കൃഷിയിടത്തിന് സമീപം ഡ്യൂട്ടിയിലായിരിക്കെ പാക്കിസ്ഥാന്റെ പിടിയിലായത്

വന്യജീവി ആക്രമണം: കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് ഇനി മുതല്‍ 10ലക്ഷം ധനസഹായം

തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘര്‍ഷം സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ഈ സാഹചര്യത്തില്‍ പുതുക്കിയ ദുരിതാശ്വാസ മാനദണ്ഡവും വിവിധ വകുപ്പുകളുടെ ചുമതലയും സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായധനം നല്‍കും.

ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് 4 ലക്ഷം രൂപയും വനംവകുപ്പിന്റെ തനത് ഫണ്ടില്‍നിന്ന് 6 ലക്ഷം രൂപയുമാണ് നല്‍കുന്നത്.

കേരളത്തില്‍ നിന്ന് മാത്രം 100 കോടി; റെക്കോര്‍ഡുകള്‍ ഭേദിച്ച്  ‘തുടരും’

ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ് മോഹന്‍ലാല്‍ – തരുണ്‍ മൂര്‍ത്തി ചിത്രം തുടരും. കേരളാ ബോക്‌സ് ഓഫീസില്‍ നിന്ന് മാത്രം ചിത്രം 100 കോടി നേടിയിരിക്കുകയാണ്. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ഈ ചരിത്ര വിജയത്തിന് മോഹന്‍ലാല്‍ നന്ദിയും അറിയിച്ചിട്ടുണ്ട്.

“കേരളാ ബോക്‌സ് ഓഫീസില്‍ നിന്ന് മാത്രം 100 കോടി നേടുന്ന ആദ്യ സിനിമ എന്ന റെക്കോര്‍ഡ് നേടി തുടരും. നമ്മള്‍ ഒരുമിച്ച് സൃഷ്ടിച്ച ഒരു നാഴികക്കല്ല്. കേരളത്തിന് നന്ദി”, എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്.

ആഗോള ബോക്‌സ് ഓഫീസില്‍ ഇതുവരെ 200 കോടിയാണ് ചിത്രം നേടിയത്. ഇതോടെ രണ്ടുമാസത്തിനിടെ 200 കോടി ക്ലബ്ബില്‍ ഇടം നേടുന്ന രണ്ടാമത്തെ മോഹന്‍ലാല്‍ ചിത്രമായി തുടരും.

ആദ്യമായി 200 കോടി ക്ലബ്ബില്‍ എത്തിയത് മാര്‍ച്ച് 27ന് തിയേറ്ററിലെത്തിയ എമ്പുരാനായിരുന്നു. ഏപ്രില്‍ 25നാണ് തുടരും തിയേറ്ററിലെത്തിയത്. ചിത്രം ഇപ്പോഴും തിയേറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

റാന്നിയിലെ ഒരു ഗ്രാമത്തിലുള്ള ഷണ്‍മുഖം എന്ന ടാക്സി ഡ്രൈവറായാണ് മോഹന്‍ലാല്‍ സിനിമയില്‍ എത്തിയത്. കെ ആര്‍ സുനിലിന്റെ കഥയ്ക്ക് തിരക്കഥ എഴുതിയിരിക്കുന്നത് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ്.

രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്താണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മോഹന്‍ലാല്‍, ശോഭന എന്നിവര്‍ക്കൊപ്പം പ്രകാശ് വര്‍മ്മ, ബിനു പപ്പു, മണിയന്‍ പിള്ള രാജു, ഫര്‍ഹാന്‍ ഫാസില്‍ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

ഇന്ന് മുതൽ പ്ലസ് വൺ പ്രവേശനത്തിന്  അപേക്ഷിക്കാം

തിരുവനന്തപുരം:  ഇന്ന് മുതൽ  പ്ലസ് വൺ പ്രവേശനത്തിന്  അപേക്ഷിക്കാം. പൂർണ്ണമായും ഓൺലൈനായാണ് പ്രവേശന നടപടികൾ.

പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ ഹയർസെക്കണ്ടറി പ്രവേശന വെബ്‌സൈറ്റായ https;//hscap.kerala.gov.in വഴി ഏകജാലകത്തിലൂടെയാണ് അപേക്ഷിക്കേണ്ടത്‌.

മെയ് 20  വരെയാണ് അപേക്ഷിക്കാനുള്ള സമയം. 24ന് ട്രയൽ അലോട്ട്മെൻ്റ് പ്രസിദ്ധീകരിക്കും. ജൂൺ രണ്ടിനാണ്‌ ആദ്യ അലോട്ട്‌മെന്‍റ്. 10ന്‌ രണ്ടാം അലോട്ട്‌മെന്റും 16ന്‌ മൂന്നാം അലോട്ട്‌മെന്റും പ്രസിദ്ധീകരിക്കും. ജൂൺ 18ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും. 

ഇന്ന് മുതൽ പ്ലസ് വൺ പ്രവേശനത്തിന്  അപേക്ഷിക്കാം

തിരുവനന്തപുരം:  ഇന്ന് മുതൽ  പ്ലസ് വൺ പ്രവേശനത്തിന്  അപേക്ഷിക്കാം. പൂർണ്ണമായും ഓൺലൈനായാണ് പ്രവേശന നടപടികൾ.

പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ ഹയർസെക്കണ്ടറി പ്രവേശന വെബ്‌സൈറ്റായ https;//hscap.kerala.gov.in വഴി ഏകജാലകത്തിലൂടെയാണ് അപേക്ഷിക്കേണ്ടത്‌.

മെയ് 20  വരെയാണ് അപേക്ഷിക്കാനുള്ള സമയം. 24ന് ട്രയൽ അലോട്ട്മെൻ്റ് പ്രസിദ്ധീകരിക്കും. ജൂൺ രണ്ടിനാണ്‌ ആദ്യ അലോട്ട്‌മെന്‍റ്. 10ന്‌ രണ്ടാം അലോട്ട്‌മെന്റും 16ന്‌ മൂന്നാം അലോട്ട്‌മെന്റും പ്രസിദ്ധീകരിക്കും. ജൂൺ 18ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും. 

സിബിഎസ്ഇ പത്താംക്ലാസ് ഫലം; രാജ്യത്ത് ഏറ്റവും മുന്നില്‍ കേരളം

തിരുവനന്തപുരം: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ രാജ്യത്ത് ഏറ്റവും മുന്നില്‍ കേരളം. 99.86 ശതമാനം വിജയം നേടിയാണ് സംസ്ഥാനത്തിന്റെ തിളക്കം.

12-ാം ക്ലാസ് പരീക്ഷയില്‍ വിജയവാഡ മേഖലയാണ് മുന്നില്‍. കേരളം ഉള്‍പ്പെട്ട തിരുവനന്തപുരം മേഖല രണ്ടാം സ്ഥാനത്താണ്. വിജയവാഡ-99.60 ശതമാനം. കേരളം-99.56. സംസ്ഥാനത്തെ 63,387 കുട്ടികള്‍ പത്താം ക്ലാസ് പരീക്ഷയെഴുതി. ഇതില്‍ 63,296 പേര്‍ വിജയിച്ചു. 31,689 ആണ്‍കുട്ടികളും 31,607 പെണ്‍കുട്ടികളും. 41,199 പേര്‍ 12-ാം ക്ലാസ് പരീക്ഷയെഴുതി. ഇതില്‍ 40,918 പേര്‍ പാസായി. ആണ്‍കുട്ടികള്‍-19,992, പെണ്‍കുട്ടികള്‍-20926.

തിരുവനന്തപുരം മേഖലയില്‍ ഉള്‍പ്പെട്ട ലക്ഷദ്വീപില്‍ 90.69 ശതമാനമാണ് പത്താംക്ലാസ് വിജയം. 451 പേര്‍ പരീക്ഷയെഴുതി. 409 പേര്‍ പാസായി. 12-ാം ക്ലാസ് പരീക്ഷയില്‍ 100 ശതമാനമാണ് വിജയം. പരീക്ഷയെഴുതിയ 19 പേരും പാസായി.

ആൻഡമാൻ കടലിൽ കാലവർഷമെത്തി

തിരുവനന്തപുരം: ആന്‍ഡമാൻ കടലിൽ കാലവര്‍ഷം എത്തിയെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ വരും ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

തെക്കൻ ആൻഡമാൻ കടൽ, വടക്കൻ ആൻഡമാൻ കടൽ, തെക്കൻ  ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപ് എന്നിവയുടെ ചില മേഖലകളിലാണ് കാലവർഷം ഇന്ന് എത്തിയത്.

അടുത്ത മൂന്ന് മുതൽ നാലു ദിവസത്തിനുള്ളിൽ തെക്കൻ അറബിക്കടൽ, മാലിദ്വീപ്, കൊമോറിൻ മേഖല, തെക്കൻ  ബംഗാൾ ഉൾക്കടലിന്‍റെ ചില  ഭാഗങ്ങൾ, ആൻഡമാൻ-നിക്കോബാർ ദ്വീപുകൾ മുഴുവനായും, ആൻഡമാൻ കടലിന്‍റെ ബാക്കി  ഭാഗങ്ങൾ, മധ്യ  ബംഗാൾ  ഉൾക്കടലിന്‍റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലേക്ക് കാലവർഷം വ്യാപിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ത വകുപ്പ് അറിയിച്ചു.

ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, കണ്ണൂര്‍ എന്നീ നാലു ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തിൽ മെയ് 27ഓടെയായിരിക്കും കാലവര്‍ഷം എത്തുക. ഇതിൽ നാലു ദിവസം മുന്നോട്ടോ പിന്നോട്ടോ ആകാനുള്ള സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

ദുബായിൽ മലയാളി യുവതി കൊല്ലപ്പെട്ട സംഭവം: കൊന്നത് ആൺസുഹൃത്ത്

ദുബായ്:  തിരുവനന്തപുരം നെടുമങ്ങാട് ബോണക്കാട് സ്വദേശിനി  ആനിമോള്‍ ഗില്‍ഡ (26)യെ ദുബായിൽ  കൊലപ്പെടുത്തിയത് ആൺ സുഹൃത്ത് .

സംഭവശേഷം ഇന്ത്യയിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നിർമിതബുദ്ധിയിൽ പ്രവർത്തിക്കുന്ന ക്യാമറ ഉപയോഗിച്ചാണ് തിരിച്ചറിഞ്ഞതും പൊലീസ് അറസ്റ്റ് ചെയ്തതും. 

അബുദാബിയിലെ സ്വകാര്യാശുപത്രിയിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശി അബിൻ ലാൽ  (28) ആണ് അറസ്റ്റിലായത്.

ദുബായിൽ മലയാളി യുവതി കൊല്ലപ്പെട്ട സംഭവം: കൊന്നത് ആൺസുഹൃത്ത്

ദുബായ്:  തിരുവനന്തപുരം നെടുമങ്ങാട് ബോണക്കാട് സ്വദേശിനി  ആനിമോള്‍ ഗില്‍ഡ (26)യെ ദുബായിൽ  കൊലപ്പെടുത്തിയത് ആൺ സുഹൃത്ത് .

സംഭവശേഷം ഇന്ത്യയിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നിർമിതബുദ്ധിയിൽ പ്രവർത്തിക്കുന്ന ക്യാമറ ഉപയോഗിച്ചാണ് തിരിച്ചറിഞ്ഞതും പൊലീസ് അറസ്റ്റ് ചെയ്തതും. 

അബുദാബിയിലെ സ്വകാര്യാശുപത്രിയിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശി അബിൻ ലാൽ  (28) ആണ് അറസ്റ്റിലായത്.

ഷോർട്ട് സർക്യൂട്ടല്ല ! വീടിന് തീ പിടിച്ച് 4 പേർ മരിച്ച സംഭവത്തിന് പിന്നിൽ ദുരൂഹത

ഇടുക്കി: കൊമ്പടിഞ്ഞാലിൽ വീടിന് തീ പിടിച്ച് ഒരു കുടുംബത്തിലെ നാലുപേർ മരിച്ച സംഭവത്തിന് പിന്നിൽ വൈദ്യുത ഷോട്ട് സർക്യൂട്ട് ആകാൻ സാധ്യത കുറവെന്ന് ഇലക്ട്രിക്കൽ ഇൻസ്പെക്ഷൻ അധികൃതർ.

കൊമ്പൊടിഞ്ഞാൽ സ്വദേശി ശുഭ, മക്കളായ അഭിനന്ദ്, അഭിനവ്, ശുഭയുടെ മാതാവ് പൊന്നമ്മ എന്നിവരാണ് പൊള്ളലേറ്റ് മരിച്ചത്.

വീട്ടിൽ ഫോറൻസിക് സംഘം നടത്തിയ പരിശോധനയുടെ റിപ്പോർട്ട് പുറത്തു വന്നാലേ മരണകാരണത്തിൽ വ്യക്തത വരൂ.

ഷോർട്ട് സർക്യൂട്ട് ഉണ്ടായാൽ വീട് പൂർണമായും തീ പടർന്ന് അഗ്നിക്കിരയാകില്ലെന്നാണ് നിഗമനം. 50 വർഷത്തിലേറെ പഴക്കമുള്ള വീട്ടിൽ തീപിടിത്തം ഉണ്ടായതിന് കാരണം ഷോർട്ട് സർക്യൂട്ട് ആകാമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.

മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷമേ മരണകാരണത്തെക്കുറിച്ച് വ്യക്തത വരൂ. ഡിഎൻഎ പരശോധന ഉൾപ്പെടെയുള്ള ശാസ്ത്രീയ പരിശോധനകൾ അടുത്ത ദിവസങ്ങളിൽ പൂർത്തിയാക്കും.