തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ സ്ത്രീകൾക്കുള്ള സൗജന്യ ബസ് യാത്ര പദ്ധതി ജൂൺ 15 മുതൽ കെഎസ്ആർടിസിയിൽ നടപ്പിലാക്കാൻ തീരുമാനമായി. എന്നാൽ ആദ്യഘട്ടത്തിൽ ഈ പദ്ധതി ഓർഡിനറി സർവീസുകളിൽ മാത്രം പരിമിതപ്പെടുത്താനാണ് സാധ്യത.
ഫാസ്റ്റ് പാസഞ്ചർ ഉൾപ്പെടെയുള്ള ഉയർന്ന ശ്രേണിയിലുള്ള ബസുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്നത് പ്രായോഗികമല്ലെന്ന നിലപാടാണ് കെഎസ്ആർടിസി വിദഗ്ധ സമിതി സ്വീകരിച്ചിരിക്കുന്നത്. റിസർവേഷൻ സൗകര്യമുള്ള സർവീസുകളിൽ സൗജന്യ യാത്ര അനുവദിച്ചാൽ പ്രവർത്തനത്തെ ബാധിക്കാമെന്ന വിലയിരുത്തലും ഇതിന് കാരണമായി.
പദ്ധതി നടപ്പിലാകുന്നതോടെ ടിക്കറ്റ് വരുമാന നഷ്ടം സർക്കാർ വഹിക്കേണ്ടിവരും. ഇതിനായി പ്രതിമാസം ഏകദേശം 90 മുതൽ 100 കോടി രൂപ വരെ അധിക ധനസഹായം ആവശ്യമായി വരുമെന്ന് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നു. നിലവിലെ ശമ്പള-പെൻഷൻ ചെലവുകൾക്കായി സർക്കാർ നൽകുന്ന സഹായത്തിന് പുറമേയാണിത്.
കോവിഡ് മഹാമാരിക്ക് മുമ്പ് പ്രതിദിനം 35 ലക്ഷം യാത്രക്കാരെ സേവിച്ചിരുന്ന കെഎസ്ആർടിസിയിൽ ഇപ്പോൾ 20–25 ലക്ഷം യാത്രക്കാരാണ് യാത്ര ചെയ്യുന്നത്. സൗജന്യ യാത്ര പദ്ധതി നടപ്പാകുന്നതോടെ യാത്രക്കാരുടെ എണ്ണം വർധിക്കുമെന്നാണ് പ്രതീക്ഷ.
ജൂൺ 15 മുതൽ പദ്ധതി ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. അന്തിമ തീരുമാനം അടുത്ത മന്ത്രിസഭാ യോഗത്തിൽ ഉണ്ടാകുമെന്നാണ് സൂചന.
English Summary:
The Kerala government is set to launch free bus travel for women on KSRTC ordinary services from June 15. The scheme will initially be limited to ordinary buses, while premium services are excluded due to operational concerns. The government is expected to bear an additional monthly subsidy of ₹90–100 crore for the initiative.

