4 വയസ്സുള്ള മകനെ കൊലപ്പെടുത്തി, മൃതദേഹം ബാഗിലാക്കി കാറിൽ ബെംഗളൂരുവിലേക്ക്; വഴിമധ്യേ സംരംഭക പിടിയിൽ

0

പനാജി: നാലു വയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ കേസില്‍ ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പിന്റെ സ്ഥാപകയും സി.ഇ.ഒ. യുമായ യുവതി അറസ്റ്റില്‍. സുചേന സേത് എന്ന 39-കാരിയാണ് അറസ്റ്റിലായത്. ഗോവയിലെ അപാര്‍ട്‌മെന്റില്‍ വെച്ചാണ് മകനെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് കുട്ടിയുടെ മൃതദേഹം ബാഗിലാക്കി ഗോവയില്‍ നിന്ന് ടാക്‌സിയില്‍ കര്‍ണാടകയിലേക്ക് തിരിച്ച യുവതി വഴിമധ്യേ പോലീസിന്റെ പിടിയിലാകുകയായിരുന്നു.

ഗോവയിലെ അപാര്‍ട്‌മെന്റില്‍ നിന്ന് തിങ്കളാഴ്ച പുലര്‍ച്ചെയാണ് യുവതി കർണാടകയിലേക്ക് തിരിച്ചത്. യുവതിയും മകനും താമസിച്ച മുറി വൃത്തിയാക്കുന്നതിനിടെ അപാര്‍ട്‌മെന്റ് ജീവനക്കാരിലൊരാള്‍ ചോരക്കറ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പോലീസിനെ വിവരമറിയിച്ചു. ഗോവ പോലീസെത്തി സിസിടിവി പരിശോധിച്ചപ്പോള്‍ അപാര്‍ട്‌മെന്റില്‍ നിന്നിറങ്ങുമ്പോള്‍ യുവതിക്കൊപ്പം മകനില്ലെന്ന് കണ്ടെത്തി.

യുവതി ബെംഗളൂരുവിലേക്ക് തിരിച്ച ടാക്‌സി ഡ്രൈവറെ പോലീസ് ഫോണില്‍ ബന്ധപ്പെട്ടു. മകനെ സുഹൃത്തിന്റെ വീട്ടിലാക്കിയെന്നാണ് യുവതി പോലീസിനോട് പറഞ്ഞത്. എന്നാല്‍, സുഹൃത്തിന്റേതെന്ന് പറഞ്ഞ് യുവതി നല്‍കിയ മേല്‍വിലാസം വ്യാജമാണെന്ന് പോലീസ് കണ്ടെത്തി. തുടര്‍ന്ന് പോലീസ് ടാക്‌സി ഡ്രൈവറോട് ഏറ്റവും അടുത്ത പോലീസ് സ്‌റ്റേഷനിലേക്ക് യുവതിയെ എത്തിക്കാന്‍ ആവശ്യപ്പെട്ടു. കര്‍ണാടകയിലെ അയ്മംഗല സ്റ്റേഷനിലാണ് യുവതി അറസ്റ്റിലായത്.

ടാക്‌സിയില്‍ ബാഗിലാക്കിയ നിലയില്‍ കുട്ടിയുടെ മൃതദേഹം പോലീസ് കണ്ടെത്തി. മകനെ കൊലപ്പെടുത്തുന്നതിലേക്ക് യുവതിയെ നയിച്ച കാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. തുടരന്വേഷണത്തിനായി യുവതിയെ ഗോവയിലെത്തിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here