ഇറച്ചിയിലെ എല്ല് നീക്കുന്ന യന്ത്രത്തിനിടയില്‍ കുടുങ്ങി 16 കാരന് ദാരുണാന്ത്യം; സ്ഥാപനത്തിന് വന്‍ തുക പിഴ വിധിച്ച് അധികൃതര്‍

0

അമേരിക്കയിലെ മിസിസിപ്പിയിലെ പൗള്‍ട്രി പ്രോസസിംഗ് യൂണിറ്റില്‍ ഇറച്ചിയിലെ എല്ലു നീക്കുന്ന യന്ത്രത്തില്‍ കുടുങ്ങി 16കാരന്‍ മരിച്ചു. ഡുവാന്‍ തോമസ് പെരസാണ് മരിച്ചത്. കഴിഞ്ഞവര്‍ഷം ജൂലായിലായിരുന്നു ദാരുണമായ സംഭവം. പ്ലാന്റിലേക്ക് തൊഴിലാളികളെ നല്‍കുന്ന കരാര്‍ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ഡുവാന്‍.ഫാക്ടറിയിലെ കരാര്‍ ജോലിക്കിടെയാണ് കുട്ടി യന്ത്രത്തിനിടയിലായത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ഫാക്ടറിയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച കണ്ടെത്തി തൊഴില്‍ വകുപ്പ് രണ്ട് ലക്ഷത്തിലധികം യുഎസ് ഡോളറാണ് പിഴ ചുമത്തിയിരിക്കുന്നത്.

യുഎസില്‍ വിവിധ ഇടങ്ങളിലായി കോഴിയിറച്ചി സംസ്‌കരിക്കുന്ന പ്ലാന്റുകള്‍ നടത്തുന്ന മാര്‍ ജാക് പൗള്‍ട്രി ഫാക്ട്രിക്കാണ് വന്‍ തുക പിഴയായി ലഭിച്ചത്. എല്ല് നീക്കുന്ന യന്ത്രത്തിന്റെ ഷാഫ്റ്റിലാണ് 16 കാരന്‍ കുടുങ്ങിപ്പോയത്. പ്രായപൂര്‍ത്തിയാകാത്തവര്‍ ഇത്തരം യന്ത്രങ്ങളില്‍ ജോലി ചെയ്യരുതെന്ന് നിബന്ധനയിരിക്കെയാണ് പെരസിനെ ഈ പ്ലാന്റില്‍ ജോലി ചെയ്യിപ്പിച്ചിരുന്നത്.

അപകടത്തിന് പിന്നാലെ സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തിലാണ് പ്ലാന്റിലെ സുരക്ഷാ വീഴ്ചകള്‍ പുറത്ത് വരുന്നത്. രണ്ട് വര്‍ഷത്തിനിടയില്‍ ഈ സ്ഥാപനത്തിലെ അപകടത്തില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെയാളാണ് 16കാരന്‍.

Leave a Reply