സ്‌കൂൾ വിദ്യാർഥികൾക്ക് സൗജന്യമായി സാനിറ്ററി പാഡുകൾ; ദേശീയ നയം തയാറാക്കിയതായി കേന്ദ്ര സർക്കാർ

0

സ്‌കൂൾ വിദ്യാർഥികൾക്ക് സൗജന്യമായി സാനിറ്ററി പാഡുകൾ വിതരണം ചെയ്യുന്ന പദ്ധതി സംബന്ധിച്ച് ദേശീയ നയം തയാറാക്കിയതായി കേന്ദ്ര സർക്കാർ. തിങ്കളാഴ്ച സുപ്രീം കോടതിയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. കരട് നയത്തിൽ പൗരന്മാരുടെ അഭിപ്രായം അറിയാൻ നാലാഴ്ചത്തെ സമയം കൂടി കേന്ദ്രം കോടതിയോട് ആവശ്യപ്പെട്ടു. ആറ് മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് സൗജന്യമായി സാനിറ്ററി പാഡുകൾ വിതരണം ചെയ്യുക.

 

പെൺകുട്ടികൾക്ക് സാനിറ്ററി നാപ്കിനുകൾ വിതരണം ചെയ്യുന്ന നടപടി ഏകീകൃതമായിരിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് കേന്ദ്രത്തോട് നിർദേശിച്ചു. രാജ്യത്തെ എല്ലാ സർക്കാർ സ്‌കൂളുകളിലും റസിഡൻഷ്യൽ സ്‌കൂളുകളിലും പെൺകുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ശൗചാലയങ്ങൾ നിർമിക്കുന്നതിന് ദേശീയ മാതൃക സൃഷ്ടിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു.

 

സാമൂഹിക പ്രവർത്തകയായ ജയ താക്കൂറാണ് പെൺകുട്ടികൾക്ക് സൗജന്യമായി സാനിറ്ററി പാഡുകൾ നൽകണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. പെൺകുട്ടികളുടെ ആരോഗ്യ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ചായിരുന്നു പൊതുതാത്പര്യ ഹർജി. സാനിറ്ററി പാഡുകൾ വാങ്ങാൻ പണമില്ലാത്തത് കാരണം കുട്ടികൾ തുണി ഉപയോഗിക്കുന്നത് മൂലമുള്ള ബുദ്ധിമുട്ടുകൾ ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. സ്കൂളുകളിൽ പാഡുകൾ സംസ്കരിക്കാൻ സംവിധാനം ഇല്ലാത്തതും ഹരജിയിൽ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here