മാനവീയം വീഥിയിൽ രാത്രി ആഘോഷങ്ങൾക്ക് നിയന്ത്രണം

0

തിരുവനന്തപുരം മാനവീയം വീഥിയിൽ രാത്രി ആഘോഷങ്ങൾക്ക് നിയന്ത്രണം. തുടർച്ചയായി അക്രമ സംഭവങ്ങൾ ഉണ്ടായ പശ്ചാത്തലത്തിലാണ് പോലീസ് തീരുമാനം.

വെള്ളിയാഴ്ച്ച രാത്രി നടന്നത് പോലെയുള്ള ഇത്തരം അക്രമ സംഭവങ്ങൾ പതിവായതോടെയാണ് മാനവീയം വീഥിയിൽ നിയന്ത്രണം ശക്തമാക്കണമെന്നു മ്യൂസിയം പോലീസ് ശുപാർശ നൽകിയത്. നിയന്ത്രണം സംബന്ധിച്ച റിപ്പോർട്ട് മ്യൂസിയം പോലീസ് ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറി.

സ്റ്റേജ് പരിപാടികൾക്കും ഉച്ചഭാഷിണികൾക്കും കർശന നിയന്ത്രണം വേണമെന്നാണ് പൊലീസിന്റെ ശുപാർശ. അസിസ്റ്റന്റ് കമ്മീഷണറാണ് ശുപാർശ നൽകിയത്. മദ്യപിച്ച് എത്തുന്നതല്ല ‘നൈറ്റ് ലൈഫ്’. രാത്രി 10 മണിക്ക് ശേഷം മൈക്കും ആഘോഷവും വേണ്ടെന്ന് കമ്മീഷണർ സി എച്ച് നാഗരാജു അറിയിച്ചു.

ഉച്ചഭാഷിണികളും വാദ്യോപകരണങ്ങളും രാത്രി 10 മണി വരെ മാത്രമേ ഉപയാഗിക്കാൻ പാടുള്ളൂ. 12 മണി കഴിഞ്ഞാൽ ആളുകൾ മാനവീയം വീഥി വിട്ടു പോകണമെന്നുമാണ് പൊലീസിന്റെ നിർദേശം. ഇതോടൊപ്പം ഇവിടെ പൊലീസ് സാന്നിധ്യം ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്.

കേരളീയം പരിപാടിയുടെ സമാപന ദിവസമായ ഇന്നലെയും മാനവീയം വീഥിയിൽ സംഘർഷമുണ്ടായി. തുടർന്ന് പൊലീസിന് നേർക്ക് കല്ലേറുമുണ്ടായി. കല്ലേറിൽ നെട്ടയം സ്വദേശിയായ സ്ത്രീക്ക് തലയ്ക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here